ISL: കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഗംഭീര തിരിച്ചുവരവ്; തകര്‍ത്തത് നിലവിലെ ചാംപ്യന്മാരായ മുംബൈ സിറ്റി എഫ്‌സിയെ

By Web TeamFirst Published Dec 19, 2021, 10:02 PM IST
Highlights

 എതിരില്ലാത്ത മൂന്ന് ഗോളിനായിരുന്നു മഞ്ഞപ്പടയുടെ (Manjappada) ജയം. സഹല്‍ അബ്ദു സമദ്, അല്‍വാരോ വാസ്‌ക്വെസ്, ജോര്‍ജെ പെരേര ഡയസ് എന്നിവരാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ഗോളുകള്‍ നേടിയതത്.

ഫറ്റോര്‍ഡ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ (ISL) നിലവിലെ ചാംപന്മാരായ മുംബൈ സിറ്റി എഫ്‌സിയെ (Mumbai  City FC) തകര്‍ത്ത്് കേരള ബ്ലാസ്റ്റേഴ്‌സ് (Kerala Blasters). എതിരില്ലാത്ത മൂന്ന് ഗോളിനായിരുന്നു മഞ്ഞപ്പടയുടെ (Manjappada) ജയം. സഹല്‍ അബ്ദു സമദ്, അല്‍വാരോ വാസ്‌ക്വെസ്, ജോര്‍ജെ പെരേര ഡയസ് എന്നിവരാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ഗോളുകള്‍ നേടിയതത്. മുംബൈയുടെ മൗര്‍ത്താദ ഫാള്‍ ചുവപ്പ് കാര്‍ഡുമായി പുറത്തായത് അവര്‍ക്ക വിനയായി. 

ആദ്യ പകുതിയില്‍ കേരളം ഒരു ഗോളിന് മുന്നിലായിരുന്നു. 28-ാം സഹല്‍ ബ്ലാസ്‌റ്റേഴ്‌സിന് ലീഡ് നല്‍കി. ഡയസിന്റെ പാസ് ഒരു ഹാഫ് വോളിയിലൂടെ സഹല്‍ ഗോള്‍വര കടത്തി. സീസണില്‍ സഹലിന്റെ രണ്ടാം ഗോളായിരുന്നു ഇത്. ഗോളിന് ശേഷം ബ്ലാസ്റ്റേഴ്‌സ് ആധിപത്യം തുടര്‍ന്നു. 47 -ാം മിനുട്ടില്‍ ജീക്‌സണ്‍ സിംഗിന്റെ പാസില്‍ ഒരു വോളിയിലൂടെ വാസ്‌ക്വെസ് ബ്ലാസ്റ്റേഴ്‌സിന് ലീഡ് സമ്മാനിച്ചു. ഐഎസ്എല്ലില്‍ ഇതുവരെ പിറന്നതില്‍ ഏറ്റവും മികച്ച ഗോളായി ഇതിനെ വിലയിരുത്താം. 

പിന്നാലെ 51-ാം മിനിറ്റില്‍ മഞ്ഞപ്പടയ്ക്ക് പെനാല്‍റ്റിയും ലഭിച്ചു. ഡയസിനെ ഫാള്‍  കാല്‍വച്ച് വീഴ്ത്തിയതോടെയാണ് റഫറി പെനാല്‍റ്റി വിധിച്ചത്. മാത്രമല്ല, ഫാള്‍ ചുവപ്പ് കാര്‍ഡുമായി പുറത്താവുകയും ചെയ്തു. കിക്കെടുത്ത ഡയസിന് പിഴച്ചില്ല. സ്‌കോര്‍ 3-0. 

ജയത്തോടെ ആറ് മത്സരങ്ങളില്‍ ഒമ്പത് പോയിന്റുമായി ബ്ലാസ്‌റ്റേഴ്്‌സ് അഞ്ചാമതായി. ഏഴ് മത്സരങ്ങളില്‍ 15 പോയിന്റുള്ള മുംബൈ ഒന്നാമത് തുടരുന്നു. അവരുടെ രണ്ടാമത്തെ തോല്‍വിയാണിത്.

click me!