ഒഡീഷയ്‌ക്കെതിരെ കേരള ബ്ലാസ്‌റ്റേഴ്‌സിന് സമനില; പ്ലേഓഫ് സാധ്യത വിദൂരത്ത്

By Web TeamFirst Published Feb 11, 2021, 9:41 PM IST
Highlights

ജോര്‍ദാന്‍ മുറെ, ഗാരി ഹൂപ്പര്‍ എന്നിവരുടെ വകയായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ ഗോളുകള്‍.  ഡിയേഗോ മൗറിസിയോയുടെ വകയായിരുന്നു ഒഡീഷയുടെ രണ്ട് ഗോളുകളും. 

ഫറ്റോര്‍ഡ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ അവസാന സ്ഥാനക്കാരായ ഒഡീഷ എഫ്‌സിക്കെതിരായ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് സമനില. ഇരു ടീമുകളു രണ്ട് ഗോളുകള്‍ വീതം നേടി. ജോര്‍ദാന്‍ മുറെ, ഗാരി ഹൂപ്പര്‍ എന്നിവരുടെ വകയായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ ഗോളുകള്‍.  ഡിയേഗോ മൗറിസിയോയുടെ വകയായിരുന്നു ഒഡീഷയുടെ രണ്ട് ഗോളുകളും. 

സമനിലയോടെ ബ്ലാസ്‌റ്റേഴ്‌സിന്റെ സാധ്യകള്‍ ഏറെകുറെ അവസാനിച്ചു. 17 മത്സരങ്ങളില്‍ 16 പോയിന്റാണ് ബ്ലാസ്‌റ്റേഴ്‌സിനുള്ളത്. മൂന്ന് മത്സരങ്ങളാണ് ഇനി ബാക്കിയുള്ളത്. പരമാവധി 25 പോയിന്റ് മാത്രമാണ് ബ്ലാസ്‌റ്റേഴ്‌സിന് കിട്ടാന്‍ സാധ്യത. ഇത്രയും പോയിന്റോടെ ആദ്യ നാലില്‍ കയറാമെങ്കിലും ആ സാധ്യത വിദൂരത്ത് മാത്രമാണ്. അതിന് ബാക്കിയുള്ള ടീമുകളുടെ മത്സരഫലത്തെ കൂടി ആശ്രയിക്കേണ്ടിവരും.

ഇന്ന് ബ്ലാസ്റ്റേഴ്‌സിനെതിരെ ഒഡീഷയാണ് ലീഡെടുടത്തത്. 45ാം മിനിറ്റില്‍ ജെറി മാവിഹ്‌മിങ്താങ്കയുടെ അസിസ്റ്റില്‍ മൗറിസിയോ വല കുലുക്കി. എന്നാല്‍ രണ്ടാം പകുതി ആരംഭിച്ച് ഏഴ് മിനിറ്റുകള്‍ക്കകം ബ്ലാസ്റ്റേഴ്‌സ് തിരിച്ചടിച്ചു. ഹൂപ്പറിന്റെ അസിസ്റ്റില്‍ മുറെ ഗോള്‍ നേടി. 68-ാം മിനിറ്റില്‍ ഹൂപ്പര്‍ ബ്ലാസ്റ്റേഴ്‌സിന് ലീഡ് സമ്മാനിച്ചു.സഹല്‍ അബ്ദുസമദാണ് ഇത്തവണ ഗോളിന് വഴിയൊരുക്കിയത്. എന്നാല്‍ ആറ് മിനിറ്റ് മാത്രമായിരുന്നു ഗോള്‍ ആഘോഷത്തിന് ആയുസ്. ബ്രാഡ് ഇന്‍മാന്റെ അസിസ്റ്റില്‍ മൗറിസിയോ ഒഡീഷയ്ക്ക് സമനില സമ്മാനിച്ചു. 

16ന് ഹൈദരാബാദ് എഫ്‌സിയെ നേരിടും. അവസാന രണ്ട് മത്സരങ്ങളില്‍ യഥാക്രമം ചെന്നൈയിന്‍ എഫ്‌സി, നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് എന്നിവരാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ എതിരാളികള്‍.

click me!