അജ്മലിന്‍റെ പഠന ചെലവ് ഡിവൈഎഫ്ഐ ഏറ്റെടുത്തു

By Web TeamFirst Published Dec 3, 2019, 7:53 PM IST
Highlights

പാലക്കാട് പെരിങ്ങോട് എച്ച് എസ്എസിലെ പ്ലസ് വൺ വിദ്യാർത്ഥിയായ അജ്മൽ, വേട്ട എന്ന നാടകത്തിലെ പ്രകടനത്തിലൂടെയാണ് മികച്ച നടനായത്. അജ്മലിന്‍റെ ജീവിതപരിസരങ്ങൾ ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു.

പാലക്കാട്: സംസ്ഥാന കലോത്സവത്തിൽ ഹയർ സെക്കന്‍ററി വിഭാഗം നാടകമത്സരത്തിൽ മികച്ച നടനായി തെര‍ഞ്ഞെടുക്കപ്പെട്ട പാലക്കാട് പെരിങ്ങോട് എച്ച്എസ്എസിലെ അജ്മലിന്‍റെ വിദ്യാഭ്യാസ ചെലവുകള്‍ ഡിവൈഎഫ്ഐ തൃത്താല ബ്ലോക്ക് കമ്മറ്റി ഏറ്റെടുത്തു. തൃത്താല ബ്ലോക്ക് സെക്രട്ടറി ടി പി ഷെഫീഖ് അടക്കമുള്ള നേതാക്കള്‍ അജ്മലിനെ വീട്ടിലെത്തി അഭിനന്ദിച്ചു. അജ്മലിന്‍റെ ജീവിതപരിസരങ്ങൾ ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു.

പാലക്കാട് പെരിങ്ങോട് എച്ച് എസ്എസിലെ പ്ലസ് വൺ വിദ്യാർത്ഥിയായ അജ്മൽ, വേട്ട എന്ന നാടകത്തിലെ പ്രകടനത്തിലൂടെയാണ് മികച്ച നടനായത്. അജ്മലിന്‍റെ ജീവിതസാഹചര്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിലൂടെ കണ്ടറിഞ്ഞ അമേരിക്കൻ മലയാളിയായ ഹരി നമ്പൂതിരി അജ്മലിന് വീട് നിർമ്മിച്ചുനൽകും എന്ന് വാഗ്ദാനം ചെയ്തു. ഇന്ത്യ അസോസിയേഷൻ ഓഫ് സൗത്ത് ടെക്സസ് ഭാരവാഹിയായ ഹരി നമ്പൂതിരി അമേരിക്കയിലെ മറ്റ് സാംസ്കാരിക സംഘടനകളുടെ കൂടി സഹായം ഇതിനായി തേടുമെന്നും അറിയിച്ചു.

അരങ്ങിൽ അസാമാന്യ കയ്യടക്കത്തോടെ കഥാപാത്രങ്ങളിലേക്ക് പരകായപ്രവേശം നടത്തുന്ന അജ്മലിന്‍റെ ജീവിതം നാടകത്തേക്കാൾ നാടകീയമാണ്. അച്ഛനുപേക്ഷിച്ചുപോയി, അമ്മ ഒരപകടത്തിൽ പരിക്കുപറ്റി ജോലി ഉപേക്ഷിച്ചു. അധ്യാപകരുടെ സഹായവും നാടകവേദിയും മാത്രമാണ് അവന് പരാധീനതകൾ മുറിച്ചുകടക്കാൻ ഇപ്പോൾ പ്രചോദനം. ഇത് രണ്ടാം തവണയാണ് അജ്മൽ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മികച്ച നടനാവുന്നത്.

വീട് നിർമ്മിക്കാനുള്ള ഭൂമി കണ്ടെത്താനുള്ള ചുമതല അജ്മലിന്‍റെ അധ്യാപകർ ഏറ്റെടുത്ത് കഴിഞ്ഞു. മൂന്നുകൊല്ലം മുമ്പ് കണ്ണൂരിൽ നടന്ന കലോത്സവത്തിൽ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ പങ്കുവച്ച സ്വപ്നത്തിലേക്ക് അജ്മലിന് ഇനി ചുവടുറച്ച് നീങ്ങാം. അവന്‍റെ സ്വപ്നത്തിനൊപ്പം ഇപ്പോൾ ഒരുപാട് സുമനസുകളുണ്ട്.

click me!