സ്ത്രീകളെ അധിക്ഷേപിച്ച് യൂ ട്യൂബില്‍ വീഡിയോ: വിജയ് പി നായർക്ക് ജാമ്യം

By Web TeamFirst Published Oct 13, 2020, 2:48 PM IST
Highlights

25,000 രൂപയുടെ ബോണ്ടിലാണ് ജാമ്യം. ഇത്തരം കുറ്റകൃത്യങ്ങൾ ആവർത്തിക്കരുതെന്ന് കോടതി നിര്‍ദ്ദേശിച്ചു. 

തിരുവനന്തപുരം: യൂട്യൂബിലൂടെ സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്ന വിഡീയോ പ്രചാരണം നടത്തിയ വിജയ് പി നായർക്ക് ജാമ്യം. ഉപാധികളോടെയാണ് സിജെഎം കോടതി ജാമ്യം അനുവദിച്ചത്. 25,000 രൂപയുടെ ബോണ്ടിലാണ് ജാമ്യം. ഇത്തരം കുറ്റകൃത്യങ്ങൾ ആവർത്തിക്കരുതെന്ന് കോടതി നിര്‍ദ്ദേശിച്ചു. സൈനികരുടെ കുടുംബങ്ങളെ അപമാനിക്കുന്ന വീഡിയോ പ്രചരിച്ചതിൽ ജാമ്യമില്ലാ വകുപ്പ് നിലനിൽക്കില്ലെന്ന് പൊലീസ് കോടതിയെ അറിയിച്ചിരുന്നു.

അതേസമയം, സ്ത്രീകൾക്കെതിരായി മോശം പരാമാർശം നടത്തിയ വിവാദ യൂട്യൂബർ വിജയ് പി നായരെ മർദ്ദിച്ച കേസിൽ ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി അടക്കം, മൂന്ന് പ്രതികൾ ഹൈക്കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യ ഹർജി ഇന്ന് പരിഗണിക്കും.  ഭാഗ്യലക്ഷ്മിയ്ക്ക് പുറമെ ദിയ സന, ശ്രീലക്ഷ്മി അറയ്ക്കൽ എന്നിവരാണ് കോടതിയെ സമീപിച്ചത്. വിജയ് പി. നായരുടെ മുറിയിൽ അതിക്രമിച്ച് കയറി ആക്രമിച്ചിട്ടില്ലെന്നും പ്രശ്നം പറഞ്ഞ് പരിഹരിക്കാനാണ് പോയതെന്നും ഹർജിക്കാർ വ്യക്തമാക്കുന്നു. 

എന്നാൽ വിജയ് പി നായർ ഇങ്ങോട്ട് പ്രകോപനപരമായി പെരുമാറുകയായിരുന്നു. വിജയ് പി നായരുടെ ലാപ്ടോപ്, മൊബൈൽ ഫോൺ എന്നിവ പോലീസിന് കൈമാറിയിരുന്നെന്നും മോഷണം നടത്താനുള്ള ഉദ്ദേശത്തോടെയല്ല ഇത് കൊണ്ടുപോയതെന്നും ഹ‍ർജിയിൽ പറയുന്നു. കേസിൽ പോലീസ് അറസ്റ്റ് ചെയ്യുമെന്ന ഭയമുണ്ടെന്നും അത് തങ്ങൾക്ക് സമൂഹത്തിലുള്ള അംഗീകാരത്തെ മോശമായി ബാധിക്കുമെന്നതിനാൽ അറസ്റ്റ് തടയണമെന്നുമാണ് ഭാഗ്യലക്ഷ്മി അടക്കമുള്ളവർ ഹർജിയിൽ ആവശ്യപ്പെടുന്നത്.

click me!