Latest Videos

ശബരിമല ഇഫക്ട് മറികടന്ന് സിപിഎം: 23 വര്‍ഷത്തിന് ശേഷം കോന്നിക്ക് പുതിയ എംഎല്‍എ

By Web TeamFirst Published Oct 24, 2019, 10:49 AM IST
Highlights

ശബരിമല ക്ഷേത്രം സ്ഥിതി ചെയ്യുന്ന പത്തനംതിട്ടയില്‍ നടന്ന പ്രധാനപ്പെട്ട തെരഞ്ഞെടുപ്പില്‍ നിര്‍ണായകവിജയം നേടാനായത് എല്‍ഡിഎഫിന് ആശ്വാസവും ആത്മവിശ്വാസവും നല്‍കുന്നു

പത്തനംതിട്ട: യുഡിഎഫ് സിറ്റിംഗ് സീറ്റായ കോന്നിയില്‍ എല്‍ഡിഎഫ് മുന്നേറ്റം. വോട്ടെടുപ്പ് അവസാന റൗണ്ടിലെത്തിയപ്പോള്‍  എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ.യു.ജനീഷ് കുമാറിന്‍റെ ഭൂരിപക്ഷം6425 ആയി. ഇതോടെ 1996 മുതല്‍ യുഡിഎഫ് കൈയടക്കി വച്ചിരിക്കുന്ന കോന്നിയെന്ന ഉറച്ച കോട്ട അവര്‍ക്ക് നഷ്ടപ്പെടുമെന്ന് വ്യക്തമായി. ജനീഷിന്‍റെ ഭൂരിപക്ഷം എത്ര എന്നു മാത്രമേ ഇനി അറിയാനുള്ലൂ. 

യുഡിഎഫ് വലിയ ലീഡ് പ്രതീക്ഷിച്ച ഇടങ്ങളിലൊന്നും അവര്‍ക്ക് അതു നേടാനായില്ല. അതേസമയം എല്‍ഡിഎഫ് ലീഡ് പ്രതീക്ഷിച്ച ബൂത്തുകളില്‍ വലിയ ലീ‍ഡ് തന്നെ അവര്‍ പിടിക്കുകയും ചെയ്തു. ഇതാണ് നാലാം റൗണ്ട് വോട്ടെടുപ്പ് തുടങ്ങും മുന്‍പേ മികച്ച ലീഡ് സ്വന്തമാക്കാന്‍ അവരെ സഹായിച്ചത്. താന്‍ നിര്‍ദേശിച്ച റോബിന്‍ പീറ്ററെ മത്സരിപ്പിക്കാതെ മുന്‍ഡിസിസി അധ്യക്ഷനായ മോഹന്‍രാജിനെ കോന്നിയില്‍ ഇറക്കിയതില്‍ അടൂര്‍ പ്രകാശും അനുയായികളും കാണിച്ച അതൃപ്തി വോട്ടെടുപ്പില്‍ പ്രതിഫലിച്ചോ എന്ന കാര്യം പാര്‍ട്ടി ഗൗരവമായി പരിശോധിക്കേണ്ടി വരും.  

ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് വേണ്ടി എന്‍എസ്എസ് ശക്തമായ ഇടപെട്ട മണ്ഡലങ്ങളാണ് വട്ടിയൂര്‍ക്കാവും കോന്നിയും യുഡിഎഫിന്‍റെ ഈ സിറ്റിംഗ് സീറ്റുകളില്‍ എല്‍ഡിഎഫ് നേടിയ വന്‍വിജയം എന്‍എസ്എസിനും കടുത്ത അടിയായി മാറും. എൻ എസ് എസിന്റ പിന്തുണയെ മറ്റൊരു രീതിയിൽ എതിരാളികള്‍ വ്യാഖ്യാനിച്ചതിനെ പ്രതിരോധിക്കാൻ കഴിഞ്ഞോയെന്ന് സംശയിക്കുന്നതായുള്ള വട്ടിയൂര്‍ക്കാവിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി മോഹന്‍ കുമാറിന്‍റെ നിരീക്ഷണം ഇതോട് ചേര്‍ത്തു വായിക്കാം.

ഉപതെരഞ്ഞെടുപ്പില്‍ ശബരിമല ഏറ്റവും സജീവമായി ചര്‍ച്ച ചെയ്ത മണ്ഡലങ്ങളിലൊന്നാണ് കോന്നി. ശബരിമല ക്ഷേത്രം സ്ഥിതി ചെയ്യുന്ന പത്തനംതിട്ടയില്‍ നടന്ന പ്രധാനപ്പെട്ട തെരഞ്ഞെടുപ്പില്‍ നിര്‍ണായകവിജയം നേടാനായത് എല്‍ഡിഎഫിന് ആശ്വാസവും ആത്മവിശ്വാസവും നല്‍കും. 

click me!