മഞ്ചേശ്വരത്ത് കള്ളവോട്ടിന് ശ്രമിച്ച യുവതി അറസ്റ്റിൽ, ആരോപണം തെറ്റെന്ന് ഉണ്ണിത്താൻ

By Web TeamFirst Published Oct 21, 2019, 2:24 PM IST
Highlights

മഞ്ചേശ്വരത്തെ 42-ാം നമ്പർ ബൂത്തിലാണ് സംഭവം. തന്‍റെ അതേ പേരിലുള്ള മറ്റൊരു സ്ത്രീയുടെ പേരിൽ കള്ളവോട്ട് ചെയ്യാനെത്തിയതാണ് നബീസ എന്ന യുവതിയെന്നാണ് വിവരം. 

കാസർകോട്: മഞ്ചേശ്വരത്തെ 42-ാം ബൂത്തിൽ കള്ളവോട്ടിന് ശ്രമം. തന്‍റെ അതേ പേരിലുള്ള മറ്റൊരു സ്ത്രീയുടെ പേരിൽ വോട്ട് ചെയ്യാൻ നബീസ എന്ന യുവതി ശ്രമിച്ചു. ഇവർ ഇവിടത്തെ വോട്ടറല്ലെന്ന് പരിശോധനയിൽ മനസ്സിലായതിനെത്തുടർന്ന് പ്രിസൈഡിംഗ് ഓഫീസർ നൽകിയ പരാതിയിൽ മഞ്ചേശ്വരം പൊലീസ് ഇവരെ കസ്റ്റഡിയിലെടുക്കുകയും പിന്നീട് അറസ്റ്റ് ചെയ്യുകയും ചെയ്തു.

ഇവർക്ക് ബൂത്ത് മാറിപ്പോയതാണെന്ന വാദം ആദ്യം ഉന്നയിച്ചെങ്കിലും പിന്നീടത് പൊളിഞ്ഞു. 40-ാം നമ്പർ ബൂത്തിലും, 42-ാം നമ്പർ ബൂത്തിലും ഇവ‍ർക്ക് വോട്ടില്ല. മറ്റൊരാളുടെ സ്ലിപ്പുമായി ആണ് ഇവർ വോട്ട് ചെയ്യാൻ പോയതെന്നും വ്യക്തമായിട്ടുണ്ട്. 

ശ്രദ്ധേയമായ കാര്യം, കള്ളവോട്ട് ചെയ്യാനെത്തിയ നബീസയുടെ ഭർത്താവിന്‍റെയും ആരുടെ പേരിലാണോ കള്ളവോട്ട് ചെയ്യാനെത്തിയത് ആ നബീസയുടെ ഭർത്താവിന്‍റെയും പേര് ഒന്നാണെന്നതാണ്. ഈ പഴുത് മുതലാക്കി കള്ളവോട്ട് ചെയ്യാനാണ് ഇവരെത്തിയതെന്നാണ് വിവരം. ഇവർക്ക് ഈ ബൂത്തിൽ വോട്ടില്ല. ഇവർക്ക് പക്ഷേ പണ്ട് ഇതേ ബൂത്തിൽ വോട്ടുണ്ടായിരുന്നു. ഇവർ ഈ നാട്ടുകാരിയായിരുന്നു. പിന്നീട് വിവാഹം കഴിച്ച് പോയ ശേഷം ഇവരുടെ പേര് വോട്ടർ പട്ടികയിൽ നിന്ന് വെട്ടി. 

പ്രധാനപ്പെട്ട കാര്യം ഇവരുടെ പക്കൽ ബൂത്ത് ലെവൽ ഓഫീസർ നൽകിയ സ്ലിപ്പ് ഉണ്ടായിരുന്നില്ല. ഇവരുടെ പക്കൽ ഒരു പാർട്ടിക്കാർ നൽകിയ സ്ലിപ്പ് മാത്രമാണ് ഉണ്ടായിരുന്നത്. ഇത് ഏത് പാർട്ടിയുടേതാണെന്ന് പൂർണമായും വിവരം വ്യക്തമായ ശേഷം ഞങ്ങൾ നൽകാം. 

ഇവർ വോട്ട് ചെയ്യാൻ ബൂത്തിൽ കയറിയപ്പോൾ, ബൂത്ത് തല ഏജന്‍റുമാർ ഇതിനെ എതിർത്തു. വോട്ടർ പട്ടികയിൽ പേരുള്ള നബീസയല്ല ഇതെന്ന് ബൂത്ത് ലെവൽ ഏജന്‍റുമാർ ചൂണ്ടിക്കാട്ടി. ഇതേത്തുടർന്നാണ് പ്രിസൈഡിംഗ് ഓഫീസർ ഇവരുടെ രേഖകൾ പരിശോധിച്ചത്. ഇതേത്തുടർന്ന് ആ ബൂത്തിൽ വോട്ടർപട്ടികയിലുള്ള നബീസയല്ല ഇതെന്ന് വ്യക്തമായതിനെത്തുടർന്നാണ്, പ്രിസൈഡിംഗ് ഓഫീസർ പൊലീസിനെ വിളിച്ച് വരുത്തിയത്. പൊലീസെത്തി രേഖകൾ പരിശോധിച്ച് ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

പ്രഥമദൃഷ്ട്യാ ഇത് കള്ളവോട്ടിനുള്ള ശ്രമമാണെന്ന് ജില്ലാ കളക്ടർ ഡോ. ഡി സജിത് ബാബുവും ഏഷ്യാനെറ്റ് ന്യൂസിനോട് സ്ഥിരീകരിച്ചു. കസ്റ്റഡിയിലായ നബീസയുടെ ഭർത്താവിന് ഒരു രാഷ്ട്രീയപാർട്ടിയുമായി ആഭിമുഖ്യമുണ്ടെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്.

അനുകൂലിച്ച് ഉണ്ണിത്താൻ

നബീസയെ കസ്റ്റ‍ഡിയിലെടുത്തത് തെറ്റെന്ന് കാസർകോട് എംപി രാജ്‍മോഹൻ ഉണ്ണിത്താൻ ആരോപിച്ചു. ഒരേ വീട്ടിൽ രണ്ട് നബീസയുണ്ടായതാണ് പ്രശ്നമായത്. രണ്ട് പേർക്കും മണ്ഡലത്തിൽ വോട്ടുണ്ട്. വോട്ടർ സ്ലിപ്പ് എടുത്ത് കൊണ്ടുവന്നത് മാറിപ്പോയി എന്നതല്ലാതെ ഇവിടെ കള്ളവോട്ട് ചെയ്യാനുള്ള ശ്രമം നടന്നിട്ടില്ലെന്നും രാജ്മോഹൻ ഉണ്ണിത്താൻ പറയുന്നു. വോട്ട് ചെയ്യാൻ വന്ന നബീസ സ്വന്തം ഐഡി കാർഡും കൊണ്ടാണ് വന്നത്. കള്ളവോട്ട് ചെയ്യാൻ വന്നതാണെങ്കിൽ സ്വന്തം ഐഡി കാർഡ് കൊണ്ടല്ലല്ലോ വരികയെന്നും ഉണ്ണിത്താൻ ചോദിക്കുന്നു.

എന്നാൽ ഇപ്പോൾ കസ്റ്റഡിയിലുള്ള നബീസയ്ക്ക് ഈ ബൂത്തിൽ വോട്ടില്ല എന്ന് വ്യക്തമായിരുന്നു. അത് പരിശോധിച്ച് തന്നെയാണ് പ്രിസൈഡിംഗ് ഓഫീസർ പരാതി നൽകിയതും പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തതും. ഇത് വിശദമായി പരിശോധിക്കാനാണ് പൊലീസ് തീരുമാനം. 

click me!