എറണാകുളത്ത് മനു റോയിക്ക് പോയത് 2572 വോട്ട്, പാരയായത് വെറുമൊരു അപരൻ

By Web TeamFirst Published Oct 24, 2019, 12:29 PM IST
Highlights

എറണാകുളത്തെ ഇടത് സ്ഥാനാർത്ഥി മനു റോയിയുടെ അപരന് ലഭിച്ചത് രണ്ടായിരത്തിലേറെ വോട്ടുകള്‍. ടി ജെ വിനോദിന് ഭൂരിപക്ഷം 3750 മാത്രം.

കൊച്ചി:  എറണാകുളത്ത് 3750 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ പരാജയപ്പെട്ട ഇടത് സ്ഥാനാർത്ഥി മനു റോയിയുടെ അപരന്‍ കെ എം മനുവിന് ലഭിച്ചത് 2572 വോട്ടുകള്‍. യുഡിഎഫ് സ്ഥാനാര്‍ത്ഥി ടി ജെ വിനോദിന് 37891 വോട്ടുകള്‍ നേടിയപ്പോള്‍ 34141 വോട്ടുകളാണ് മനു റോയിക്ക് ലഭിച്ചത്. എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി ജി രാജഗോപാലിന് 13351 വോട്ടുകളാണ് ലഭിച്ചിരിക്കുന്നത്. നോട്ടയ്ക്ക് 1309 വോട്ടുകളും ലഭിച്ചു. 

കനത്ത മഴയെ തുടർന്ന് പോളിംഗ് ശതമാനം കുത്തനെ കുറച്ചപ്പോള്‍ വിജയ പ്രതീക്ഷയാണ് എൽഡിഎഫ് വച്ചുപുലർത്തിയിരുന്നു. ഇടത് സ്വതന്ത്ര സ്ഥാനാർത്ഥിയായി മനു റോയിയെ കളത്തിലിറക്കിയ തന്ത്രം പക്ഷേ വിജയ നേട്ടത്തിലേക്ക് എത്തിച്ചില്ല. മനു റോയിയുടെ അപരൻ നേടിയ വോട്ട് എല്‍ഡിഎഫിന് വന്‍ തിരിച്ചടിയായി എന്ന കാര്യം വ്യക്തമാണ്. 

അഞ്ച് നിയമസഭാ മണ്ഡലങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ആദ്യ ഫലം പുറത്തുവന്ന എറണാകുളത്ത് യുഡിഎഫ് ജയിച്ചെങ്കിലും അത് അത്ര തിളക്കമേറിയത് ആയിരുന്നില്ല എന്നുതന്നെ പറയേണ്ടിവരും. 2016ൽ ഹൈബി ഈഡൻ ഇരുപതിനായിരത്തിലധികം വോട്ടുകൾക്ക് ലഭിച്ച മണ്ഡലമാണ് ഇത്തവണത്ത മൂവായിരത്തിലേക്ക് ചുരുങ്ങിയത്.

നിർണായക നീക്കങ്ങൾക്കാണ് എറണാകുളം നിയമസഭാ മണ്ഡലത്തിലെ വോട്ടെണ്ണല്‍ സാക്ഷ്യം വഹിച്ചത്. ഏവരെയും ഞെട്ടിച്ചുകൊണ്ട് പോസ്റ്റൽ വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സിജി രാജഗോപാൽ മുന്നേറിയിരുന്നു. പിന്നീട് എൽഡിഎഫിന്റെ മനു റോയ് ബിജെപിയെ കടത്തി വെട്ടിയെങ്കിലും അൽപ്പസമയത്തിനകം തന്നെ യുഡിഎഫിന്റെ ടി ജെ വിനോദ് കോൺഗ്രസ് കോട്ട തിരിച്ചുപിടിക്കുകയായിരുന്നു.

click me!