വി.കെ.പ്രശാന്ത്: സിപിഎം രാഷ്ട്രീയത്തിലെ പുതിയ താരോദയം

By Web TeamFirst Published Oct 24, 2019, 12:28 PM IST
Highlights

പാര്‍ട്ടി ആസ്ഥാനമായ എകെജി സെന്‍റർ സ്ഥിതി ചെയ്യുന്ന മണ്ഡലത്തിൽ ബിജെപിക്കും പിറകിൽ നിന്ന സിപിഎമ്മിനെ ആ മാനക്കേടിൽ രക്ഷപ്പെടുത്തിയ വികെ പ്രശാന്ത് സിപിഎം രാഷ്ട്രീയത്തിലെ പുതിയ താരമായി മാറുകയാണ്. 

തിരുവനന്തപുരം: കഴിഞ്ഞ തവണ എൽഡ‍ിഎഫ് മൂന്നാം സ്ഥാനത്തായിരുന്ന വട്ടിയൂര്‍ക്കാവില്‍ നേടിയ മിന്നും ജയത്തോടെ ഇടതുപക്ഷ രാഷ്ട്രീയത്തിലെ പുതിയ താരമായി മാറുകയാണ് സിപിഎം നേതാവും തിരുവനന്തപുരം മേയറുമായ വി.കെ.പ്രശാന്ത്. മൂന്ന് മുന്നണികൾക്കും ശക്തമായ വേരോട്ടവും സംഘടനാസംവിധാനവുമുള്ള വട്ടിയൂർക്കാവിൽ ഇത്ര മികച്ചൊരു വിജയം പ്രശാന്തോ സിപിഎമ്മോ പ്രതീക്ഷിച്ചിരുന്നില്ല എന്നതാണ് സത്യം. 2000 മുതൽ 5000 വരെ വോട്ടുകളുടെ ഭൂരിപക്ഷത്തിന് ജയിക്കാൻ പറ്റിയേക്കും എന്നു കരുതിയ മണ്ഡലത്തിലാണ് ത്രികോണമത്സരത്തിനൊടുവിൽ 14438 എന്ന മികച്ച മാർജിനിൽ പ്രശാന്ത് ജയിച്ചു കയറുന്നത്. 

പാര്‍ട്ടി ആസ്ഥാനമായ എകെജി സെന്‍റർ സ്ഥിതി ചെയ്യുന്ന മണ്ഡലത്തിൽ ബിജെപിക്കും പിറകിൽ നിന്ന സിപിഎമ്മിനെ ആ മാനക്കേടിൽ രക്ഷപ്പെടുത്തിയ വികെ പ്രശാന്തിന് അതിന് അനുസരിച്ചുള്ള പരി​ഗണന പാർട്ടി ഇനി നൽകേണ്ടി വരും. എഎൻ ഷംസീറും, എം സ്വരാജും, അഡ്വ. എഎ റഹീമും അടങ്ങിയ സിപിഎം യുവനിരയിലേക്ക് ഭാവി നേതാക്കളിലൊരളായി വികെ പ്രശാന്തും ഇടം നേടുകയാണ്. 

പ്രളയക്കാലത്തെ ദുരിതാശ്വസപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിച്ചതും തിരുവനന്തപുരം മേയർ എന്ന നിലയിലുള്ള ജനകീയപ്രവർത്തനവും ചേർന്ന സൃഷ്ടിച്ചെടുത്ത മികച്ച പ്രതിച്ഛായ വട്ടിയൂർക്കാവിൽ വികെ പ്രശാന്തിന് കാര്യമായി ​ഗുണം ചെയ്തു എന്നാണ് അദ്ദേഹത്തിന്റെ മികച്ച വിജയം വിലയിരുത്തുമ്പോൾ മനസിലാക്കാൻ സാധിക്കുന്നത്.  പ്രളയക്കാലത്ത് പ്രശാന്തിനെക്കുറിച്ച് വന്ന ട്രോളുകൾ മലയാളി സമൂഹത്തിൽ ഒന്നാകെ അദ്ദേഹത്തെ സുപരിചിതനാക്കാൻ സഹായിച്ചു. 

തെരഞ്ഞെടുപ്പ് ഗോദയിലറങ്ങും മുന്‍പായി കിട്ടിയ ഈ സല്‍പ്പേര് നിലനിര്‍ത്താന്‍ പ്രശാന്തും അദ്ദേഹത്തിന്‍റെ പാര്‍ട്ടിയും വളരെ ശ്രദ്ധിച്ചിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പലവട്ടം ബിജെപി നേതാവ് കുമ്മനം രാജശേഖരനും മന്ത്രി കടകംപള്ളി സുരേന്ദ്രനും ഏറ്റുമുട്ടിയെങ്കിലും കൈവിട്ടൊരു വാക്കും പ്രശാന്തില്‍ നിന്നുണ്ടായില്ല. ഇതോടൊപ്പം എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിച്ച പാര്‍ട്ടി സംവിധാനവും കൂടി ചേര്‍ന്നപ്പോള്‍ കെ.മുരളീധരനും കുമ്മനം രാജശേഖരനും തങ്ങളുടെ കോട്ടയായി കൊണ്ടു നടന്ന മണ്ഡലം പ്രശാന്ത് സ്വന്തമാക്കി. തിരുവനന്തപുരം മ്യൂസിയം ജംഗ്ഷനിലെ നഗരസഭാ ആസ്ഥാനത്ത് നിന്നും തൊട്ടപ്പുറമുള്ള നിയമസഭാ മന്ദിരത്തിലേക്ക് എംഎല്‍എയായി പ്രവര്‍ത്തനപഥം മാറ്റുന്ന പ്രശാന്തിന് ഇനി സെക്രട്ടേറിയറ്റിലേക്ക് കൂടി ഭാവിയില്‍ പ്രവേശനം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹത്തിന്‍റെ അനുയായികള്‍. 

click me!