എറണാകുളത്ത് ജയപ്രതീക്ഷയില്‍ മുന്നണികള്‍; നിശബ്ദപ്രചാരണ ദിനത്തില്‍ വീടുകയറിയും ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ചും പ്രവര്‍ത്തനം

By Web TeamFirst Published Oct 20, 2019, 2:32 PM IST
Highlights

ഇനിയും കാണാന്‍ കഴിയാത്ത ഉദ്യോഗസ്ഥരെ ഞായറാഴ്ച ദിവസം നേരിട്ട് കാണാനും വോട്ടുറപ്പിക്കുവാനുമാണ് മൂന്നുമുന്നണികളുടേയും ശ്രമം. 
 

എറണാകുളം:സംസ്ഥാനത്ത് ഉപതെര‍ഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് മണ്ഡലങ്ങളിലും നിശബ്ദപ്രചാരണം സജീവമാണ്. എറണാകുളം മണ്ഡലത്തില്‍ ഉറച്ച ജയപ്രതീക്ഷയിലാണ് മൂന്ന് മുന്നണികളും. നഗര സ്വഭാവമുള്ള മണ്ഡലമായ എറണാകുളത്ത് നഗര കേന്ദ്രീകൃത പ്രചാരണമായിരുന്നു നടന്നത്. പാലാരിവട്ടം പാലം അഴിമതി, റോഡുകളുടെ അഴിമതിയടക്കം മണ്ഡലത്തില്‍ ചര്‍ച്ചയായിട്ടുണ്ട്.  ഇന്ന് നിശബ്ദ പ്രചാരണ ദിവസത്തില്‍ വീടുകയറിയും പള്ളികള്‍ കേന്ദ്രീകരിച്ചും അവസാന വോട്ടും ഉറപ്പിക്കാനൊരുങ്ങുകയാണ് മൂന്ന് മുന്നണികളും. 

ലത്തീന്‍ സമുദായത്തിന് വലിയ സ്വാധീനമുള്ള മണ്ഡലമായതിനാലും ഞായറാഴ്ച ദിവസമായിരുന്നതിനാലും  യുഡിഎഫിന്‍റെയും എല്‍ഡിഎഫിന്‍റെയും സ്ഥാനാര്‍ഥികള്‍ പള്ളികള്‍ കേന്ദ്രീകരിച്ചുള്ള വോട്ടുപിടുത്തതിലായിരുന്നു ശ്രദ്ധ കേന്ദ്രീകരിച്ചത്. ഫ്ലാറ്റുകളും വീടുകളും കേന്ദ്രീകരിച്ചുള്ള പ്രചാരണവും നടക്കുന്നുണ്ട്. ഇനിയും കാണാന്‍ കഴിയാത്ത ഉദ്യോഗസ്ഥരെ ഞായറാഴ്ച ദിവസം നേരിട്ട് കാണാനും വോട്ടുറപ്പിക്കുവാനുമാണ് മൂന്നുമുന്നണികളുടേയും ശ്രമം. 

നിശബ്ദ പ്രചാരണ ദിവസം ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ചാണ് എറണാകുളം ഇടത് സ്വതന്ത്ര സ്ഥാനാര്‍ഥി മനു റോയിയുടെ പ്രചാരണം. നൂറുശതമാനം വിജയിക്കുമെന്ന പ്രതീക്ഷയാണുള്ളതെന്നും നാല്‍പതു ശതമാനം വരുന്ന യുവാക്കളുടെ വോട്ടുകള്‍ ലഭിക്കുമെന്നാണ് അവരുടെ ഭാഗത്തു നിന്നുള്ള പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നതെന്നും എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി അഡ്വ. മനു റോയ് പ്രതികരിച്ചു.   പള്ളികളിലെത്തുന്നവരെ കണ്ടും ബന്ധുക്കളെ സന്ദര്‍ശിച്ചുമായിരുന്നു മനു റോയിയുടെ നിശബ്ദപ്രചാരണം. 

കുത്തകമണ്ഡലം നിലനിര്‍ത്താമെന്ന ഇറച്ച വിശ്വാസത്തിലാണ് യുഡിഎഫ്.  ഉറച്ച മണ്ഡലമായിരുന്നതിനാലുണ്ടായിരുന്ന അമിത ആത്മവിശ്വാസം തിരിച്ചടിയാകുമോയെന്ന ഭയവും യുഡിഫിനുണ്ട്.

മണ്ഡലത്തിലെ പ്രമുഖ വ്യക്തികളെ ഒരു തവണകൂടി കാണാനുള്ള ശ്രമത്തിലാണ് യുഡിഎഫ് സ്ഥാനാര്‍ഥി ടിജെ വിനോദ്. കോണ്‍ഗ്രസിന്‍റേയും യുഡിഎഫിന്‍റേയും ശക്തിമണ്ഡലമായ എറണാകുളത്ത്  ഒരു വിള്ളലുണ്ടാക്കാന്‍ ഇടതു മുന്നണിക്ക് കഴിയില്ലെന്നാണ് ടിജെ വിനോദിന്‍റെ പ്രതികരണം.   അവസാന ഘട്ടത്തില്‍ പരമാവധിപ്പേരെ നേരിട്ട് കണ്ട് വോട്ടുറപ്പിക്കാനുള്ള ശ്രമത്തിലാണ് അദ്ദേഹം. 

മണ്ഡലത്തില്‍ എന്‍ഡിഎ മികച്ച പ്രകടനം കാഴ്ച വെക്കുമെന്നും കഴിയാവുന്നത്ര ആളുകളെ കാണാന്‍ ശ്രമിക്കുമെന്നും എന്‍ഡിഎ സ്ഥാനാര്‍ഥി സി ജി രാജഗോപാലിന്‍റെ പ്രതികരണം. വികസനം ആഗ്രഹിക്കുന്നവര്‍ താമരയ്ക്ക് ഒപ്പം നില്‍ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  തെരഞ്ഞെടുപ്പിന് മുമ്പ് പരമാവധി വോട്ടര്‍മാരെ കണ്ട് വോട്ട് അഭ്വര്‍ഥിക്കാനാണ് അദ്ദേഹത്തിന്‍റെയും ശ്രമം.

click me!