'ഞാൻ മത്സരിച്ചപ്പോൾ ആരും സഹായിച്ചില്ല'; കെ മോഹൻകുമാറിന് മറുപടിയുമായി കെ മുരളീധരൻ

By Web TeamFirst Published Oct 4, 2019, 4:05 PM IST
Highlights

എം പി എന്ന നിലയിൽ തന്റെ മണ്ഡലത്തിൽ ചില കാര്യങ്ങൾ നടത്താനുണ്ട്. അതു കഴിഞ്ഞാൽ വട്ടിയൂർക്കാവിൽ പോകുമെന്നും അവിടെ ഒരു തെരഞ്ഞെടുപ്പ് കൺവെൻഷനിൽ താൻ പങ്കെടുത്തിരുന്നെന്നും കെ മുരളീധരൻ പറഞ്ഞു.
 

തിരുവനന്തപുരം: വട്ടിയൂർക്കാവിലെ യുഡിഎഫ് സ്ഥാനാർത്ഥി മോഹൻകുമാറിന് കെ മുരളീധരൻ എംപിയുടെ മറുപടി. താൻ വട്ടിയൂർക്കാവിൽ മത്സരിച്ചപ്പോൾ ആരും സഹായത്തിന് എത്തിയില്ലെന്നും തെരഞ്ഞെടുപ്പ് കമ്മിറ്റിയും താനും ഒറ്റക്കാണ് പ്രചാരണം നടത്തിയതെന്നും മുരളീധരൻ പറഞ്ഞു. എന്നിട്ടും 7600 വോട്ടിന് ജയിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.

ഏതെങ്കിലും വ്യക്തികൾ ഇല്ലാത്തതിനാൽ തെരഞ്ഞെടുപ്പ് പ്രവർത്തനം മുടങ്ങില്ല. എം പി എന്ന നിലയിൽ തന്റെ മണ്ഡലത്തിൽ ചില കാര്യങ്ങൾ നടത്താനുണ്ട്. അതു കഴിഞ്ഞാൽ വട്ടിയൂർക്കാവിൽ പോകുമെന്നും അവിടെ ഒരു തെരഞ്ഞെടുപ്പ് കൺവെൻഷനിൽ താൻ പങ്കെടുത്തിരുന്നെന്നും കെ മുരളീധരൻ പറഞ്ഞു.

കെ മുരളീധരന്റെ വാക്കുകൾ..

"നിയോജക മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് കമ്മിറ്റിയും സ്ഥാനാർത്ഥി ആയിട്ടുള്ള ഞാനും തന്നെയാണ് എല്ലാ കാര്യങ്ങളും നോക്കിയത്. അന്നും ആരും സഹായിക്കാൻ വന്നിട്ടില്ല. സംസ്ഥാന നേതാക്കൾ രം​ഗത്തുള്ളത് കൊണ്ട് ഇത്തവണ കാര്യങ്ങൾ കുറച്ചുകൂടി ഭേ​ദപ്പെട്ടിട്ടുണ്ട്. ഞാൻ മത്സരിക്കുന്ന കാലത്ത് ഒരു സഹായവും ഒരു ഭാ​ഗത്തുനിന്നും ഉണ്ടായിട്ടില്ല. അങ്ങനെ ഉള്ള സാഹചര്യത്തിലാണ് 7600 വോട്ടിന് ജയിച്ചത്. അതുകൊണ്ട് ഏതെങ്കിലും വ്യക്തികൾ ഇല്ലാത്തതുകൊണ്ട് തെരഞ്ഞെടുപ്പ് പ്രചാണങ്ങൾക്ക് മുടക്കമൊന്നും ഉണ്ടായിട്ടില്ല.  പാർലമെന്റിൽ മത്സരിക്കാൻ പാർട്ടി ആവശ്യപ്പെട്ടു. അവിടെ മത്സരിച്ച് ജയിച്ചു.  എംപി എന്ന നിലയിൽ ചെയ്യേണ്ട ചില ജോലികൾ ഉണ്ട്. അതിന് ശേഷം തീർച്ചയായിട്ടും വട്ടിയൂർക്കാവ് ഉൾപ്പടെയുള്ള എല്ലാ തെരഞ്ഞെടുപ്പ് രം​ഗങ്ങളിലേക്കും ഞാൻ പോകുന്നുണ്ട്. അവിടെ തെരഞ്ഞെടുപ്പ് കൺവെൻഷനിൽ പങ്കെടുത്തിരുന്നു. നാളെ ഇലക്ഷൻ കമ്മിറ്റി ഓഫീസ് ഉദ്ഘാടനമുണ്ട്. തീർച്ചയായും എന്റെ സാന്നിധ്യം വട്ടിയൂര്‍ക്കാവിൽ ഉണ്ടാകും. അതിന് മാറ്റമൊന്നും ഇല്ല. പക്ഷേ എംപി എന്ന നിലയിൽ ചില പ്രവർത്തനങ്ങൾ കൂടി നിർവ്വഹിക്കാനുണ്ട്" - മുരളീധരൻ പറഞ്ഞു. 

വട്ടിയൂര്‍ക്കാവില്‍ നേതാക്കള്‍ പ്രചാരണ രംഗത്ത് സജീവമാകുന്നില്ലെന്ന പരാതി ഏറെ ചര്‍ച്ചയായിരുന്നു. ഇതിൽ അതൃപ്തി അറിയിച്ചുകൊണ്ടാണ് മോഹന്‍കുമാർ കഴിഞ്ഞ ദിവസം രം​ഗത്തെത്തിയത്.

നിലവിലെ പ്രചാരണത്തില്‍ വേഗം പോരായെന്നും കൂടുതല്‍ നേതാക്കള്‍ സജീവമായി പ്രചാരണത്തില്‍ പങ്കെടുക്കണമെന്നും മോഹന്‍കുമാർ കോൺ​ഗ്രസ് നേതൃത്വത്തിനോട് ആവശ്യപ്പെട്ടിരുന്നു. ശശി തരൂരും, കെ മുരളീധരൻ എംപിയും പ്രചാരണത്തില്‍ സജീവമായില്ലെന്നും താഴെ തട്ടില്‍ പ്രചാരണം വേണ്ടത്ര ശക്തമല്ലെന്നും മോഹന്‍കുമാർ പരാതിപ്പെട്ടിരുന്നു. 

Read More: വട്ടിയൂര്‍ക്കാവില്‍ പ്രചാരണത്തിന് വേഗം പോരെന്ന് സ്ഥാനാര്‍ഥിക്ക് പരാതി

പ്രചാരണത്തിന് വേഗം പോരെന്ന കെ മോഹന്‍കുമാറിന്റെ പരാതിയ്ക്ക് പിന്നാലെ  സംഭവത്തിൽ കെപിസിസി ഇടപെട്ടു. നാളെ മുതൽ കെ മുരളീധരൻ മണ്ഡലത്തിൽ സജീവമാകുമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രൻ വ്യക്തമാക്കി. നാളെയെത്തുമെന്ന് ശശിതരൂരും അറിയിച്ചു. അതേസമയം, മെല്ലെ മെല്ലെ തുടങ്ങി വേഗത്തിലാകുന്നതാണ് കോൺഗ്രസ് പ്രചാരണ രീതിയെന്ന് ഡിസിസി അധ്യക്ഷൻ നെയ്യാറ്റിൻകര സനൽ വ്യക്തമാക്കിയിരുന്നു. 

Read Also: മെല്ലെപ്പോക്ക് വിവാദം; വട്ടിയൂര്‍ക്കാവ് പ്രചാരണത്തില്‍ കെപിസിസി ഇടപെട്ടു, മുരളിയും തരൂരും നാളെയെത്തും

ഏറെ തര്‍ക്കങ്ങള്‍ക്കും നാടകീയ നീക്കങ്ങള്‍ക്കും ഒടുവിലാണ് കോണ്‍ഗ്രസില്‍ ഐ ഗ്രൂപ്പിന്റെ സീറ്റായ വട്ടിയൂര്‍ക്കാവില്‍ കെ മോഹന്‍കുമാര്‍ സ്ഥാനാര്‍ത്ഥിയാകുന്നത്. മുന്‍ എംപി പീതാംബരക്കുറുപ്പിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന നിര്‍ദ്ദേശമായിരുന്നു കെ മുരളീധരന്‍ എംപി മുന്നോട്ട് വച്ചത്. എന്നാല്‍ പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അടക്കം കുറുപ്പിനെതിരെ പ്രതിഷേധവുമായി രംഗത്ത് വന്നതോടെ കെ മോഹന്‍കുമാറിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ കോൺ​ഗ്രസ് സംസ്ഥാന നേതൃത്വം തീരുമാനിക്കുകയായിരുന്നു.

click me!