ഈ നാട് തോല്‍ക്കില്ല; കുമ്മനത്തിനും എന്‍എസ്‌എസിനും മറുപടിയുമായി കടകംപള്ളി

By Web TeamFirst Published Oct 24, 2019, 12:51 PM IST
Highlights

തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ കടകംപള്ളിയും കുമ്മനം രാജശേഖരനും തമ്മില്‍ സമൂഹമാധ്യമങ്ങളിലൂടെ വാഗ്വാദങ്ങള്‍ നടത്തിയിരുന്നു. പരസ്പരം ആരോപണങ്ങള്‍ ചൊരിഞ്ഞ് മുന്നേറിയാണ് ഇരുവരും തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് നിലയുറപ്പിച്ചത്. 

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവിലെ ഇടത് സ്ഥാനാര്‍ത്ഥി അഡ്വ. വി കെ പ്രശാന്തിന്‍റെ വിജയത്തില്‍ കുമ്മനത്തിനും എന്‍എസ്എസിനും പരോക്ഷ മറുപടിയുമായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ കടകംപള്ളിയും കുമ്മനം രാജശേഖരനും തമ്മില്‍ സമൂഹമാധ്യമങ്ങളിലൂടെ വാഗ്വാദങ്ങള്‍ നടത്തിയിരുന്നു. പരസ്പരം ആരോപണങ്ങള്‍ ചൊരിഞ്ഞ് മുന്നേറിയാണ് ഇരുവരും തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് നിലയുറപ്പിച്ചത്. 

ഇതിനിടെ വട്ടിയൂര്‍ക്കാവില്‍ എന്‍എസ്എസ് അധ്യക്ഷന്‍ എം സുകുമാരന്‍ നായര്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ടടും വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. എന്നാല്‍ ഇതിനിയെല്ലാം കടത്തിവെട്ടിയാണ് വി കെ പ്രശാന്ത് കഴിഞ്ഞ തവണ കെ മുരളീധരനെ വിജയിപ്പിച്ച വട്ടിയൂര്‍കാവ് പിടിച്ചെടുത്തത്. ഇതിന് തൊട്ട് പുറകേയാണ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ തന്‍റെ സന്തോഷം ഫേസ്ബുക്കില്‍ പ്രകടിപ്പിച്ചത്. 

മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം: 

വട്ടിയൂർക്കാവിൽ പ്രശാന്തിലൂടെ ജയിച്ചത് LDF മാത്രമല്ല. ഇന്നാട്ടിലെ ജനതയുടെ രാഷ്ടീയ പ്രബുദ്ധതയുടെ തെളിവാണ് വട്ടിയൂർക്കാവിൽ കണ്ടത്. ജാതി മത സമവാക്യങ്ങൾക്ക് അപ്പുറമാണ് ജനമനസുകളെന്ന് വ്യക്തമാക്കാനായതിൽ സന്തോഷം. പ്രശാന്തിനെ സ്ഥാനാർത്ഥി ആക്കിയപ്പോൾ വ്യക്തിപരമായി അധിക്ഷേപിക്കപ്പെട്ട സമയത്ത് ഞാൻ ഉറപ്പിച്ചു പറഞ്ഞിരുന്നു വട്ടിയൂർക്കാവിലെ ജനവിധി കുപ്രചാരണം നടത്തിയവർക്ക് മറുപടി ആകുമെന്ന്. പ്രശാന്തിനെ തോൽപ്പിക്കാൻ സമുദായ ധ്രുവീകരണത്തിന് വരെ ശ്രമം ഉണ്ടായപ്പോൾ സമുദായ ശാസനകൾ മറികടന്ന് ജനങ്ങൾ ഒറ്റക്കെട്ടായി പ്രശാന്തിനെ വിജയിപ്പിക്കുന്നതിന് നിലയുറപ്പിച്ചത് നേരിട്ട് മനസിലാക്കാൻ എനിക്ക് കഴിഞ്ഞിരുന്നു. വട്ടിയൂർക്കാവ് തിരുത്തിയെഴുതിയത് കേവലമൊരു മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഫലം മാത്രമല്ല. ഈ ഫലം പകർന്നു നൽകുന്നത് ഈ നാട് തോൽക്കില്ല എന്ന മനോഹരമായ സന്ദേശം കൂടിയാണ്. ഇടത്തുപക്ഷത്തിന്റെയും സിപിഎമ്മിന്റെയുടെ സംഘടനാസംവിധാനത്തിന്റെ കരുത്ത് പൂർണമായും പ്രകടിപ്പിക്കാനായതും പ്രശാന്തിന്റെ വ്യക്തിപരമായ മേന്മയും ഗുണകരമായിട്ടുണ്ട്.

 

 

click me!