കൊട്ടിക്കലാശത്തിൽ ഇളകി മറിഞ്ഞ് വട്ടിയൂർക്കാവ്; ഒപ്പത്തിനൊപ്പം മൂന്ന് മുന്നണികളും

By Web TeamFirst Published Oct 19, 2019, 6:54 PM IST
Highlights

പരസ്യപ്രചാരണത്തിന്റെ അവസാന നിമിഷങ്ങളിൽ പേരൂർക്കട, കേശവദാസപുരം, കവടിയാർ, വട്ടിയൂർക്കാവ് എന്നിവിടങ്ങളിലായിരുന്നു പ്രചാരണ മാമാങ്കം. ബാന്‍ഡ് മേളം, ശിങ്കാരിമേളം, ബൈക്ക് റാലി, ഘോഷയാത്ര തുടങ്ങിയവയാണ് മുന്നണി പ്രവര്‍ത്തകര്‍ കൊട്ടിക്കലാശത്തിനായി ഒരുക്കിയിരുന്നത്.

തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് മണ്ഡലങ്ങളിലേക്കുള്ള പരസ്യ പ്രചാരണം ആവേശകരമായ കൊട്ടിക്കലാശത്തോടെ അവസാനിച്ചു. ശക്തമായ തുലാമഴയിലും ആവേശം ഒട്ടും ചോരാതെ പ്രവർത്തകർ കൊട്ടിക്കലാശത്തില്‍ കൈമെയ് മറന്നാണ് ആടിതിമിര്‍ത്തത്. ഒപ്പം സ്ഥാനാർത്ഥികളും പ്രധാന നേതാക്കളുമെല്ലാം എല്ലാ മണ്ഡലങ്ങളിലും കൊട്ടിക്കലാശത്തിനെത്തിയതോടെ ആവേശം ആകാശം മുട്ടി. ശക്തമായ ത്രികോണ പോരാട്ടം നടക്കുന്ന വട്ടിയൂർക്കാവിൽ ആവേശകരമായ പ്രചാരണമാണ് മൂന്നു മുന്നണികളും നടത്തിയത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മോഹനകുമാര്‍, എൽഡിഎഫ് സ്ഥാനാര്‍ത്ഥി വി കെ പ്രശാന്ത്, എൻഡിഎ സ്ഥാനാര്‍ത്ഥി എസ് സുരേഷ് എന്നിവരാണ് വട്ടിയൂര്‍ക്കാവിൽ മത്സരരംഗത്തുള്ളത്.

കൊട്ടിക്കലാശം നടന്ന പേരൂർക്കടയിൽ ജില്ലയുടെ വിവിധഭാ​ഗങ്ങളിൽ നിന്നുള്ള അണികൾ പങ്കെടുത്തു. വിവിധ സംസ്കാരിക കലാരൂപങ്ങളെ അണിനിരത്തി സ്ഥാനാർത്ഥികളും പ്രവര്‍ത്തകര്‍ക്കൊപ്പം ആഘോഷത്തില്‍ പങ്കുചേര്‍ന്നു. ഇരുപത്തിയൊന്ന് ദിവസങ്ങൾക്ക് മുമ്പ് സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷം എൽഡിഎഫാണ് വട്ടിയൂർക്കാവ് നിയമസഭ മണ്ഡലത്തിൽ പ്രചാരണത്തിന് തുടക്കമിട്ടത്. ഇതിന് പിന്നാലെ പ്രചാരണം കൊഴുപ്പിക്കാനായി ബിജെപിയും യുഡിഎഫും രം​ഗത്തിറങ്ങി.

ഏറെ വിവാ​ദങ്ങൾക്കും വാ​ഗ്വാദങ്ങൾക്കുമൊടുവിൽ കൊട്ടിക്കലാശത്തിൽ ആരാകും ഏറ്റവും ആവേശത്തിൽ കൊട്ടിക്കയറുക എന്നതായിരുന്നു അണികൾക്കും നേതാക്കൾക്കും മുന്നിലുണ്ടായിരുന്ന ചോദ്യം. എന്നാൽ, മൂന്ന് മുന്നണികളും ഒപ്പത്തിനൊപ്പം നിന്ന് അക്ഷരാർത്ഥത്തിൽ പേരൂർക്കടയെ ഉപതെരഞ്ഞെടുപ്പിന്റെ ആരവക്കടലാക്കി. റോഡ് ഷോകളും ജം​ഗ്ഷൻ മീറ്റിങ്ങുകളുമായി സ്ഥാനാർത്ഥികളും കൊട്ടിക്കലാശത്തിൽ നിറസാന്നിദ്ധ്യമായി.

പരസ്യപ്രചാരണത്തിന്റെ അവസാന നിമിഷങ്ങളിൽ പേരൂർക്കട, കേശവദാസപുരം, കവടിയാർ, വട്ടിയൂർക്കാവ് എന്നിവിടങ്ങളിലായിരുന്നു പ്രചാരണ മാമാങ്കം. ബാന്‍ഡ് മേളം, ശിങ്കാരിമേളം, ബൈക്ക് റാലി, ഘോഷയാത്ര തുടങ്ങിയവയാണ് മുന്നണി പ്രവര്‍ത്തകര്‍ കൊട്ടിക്കലാശത്തിനായി ഒരുക്കിയിരുന്നത്.

അതേസമയം, പ്രചാരണം അവസാനിക്കുന്നതിന് തൊട്ടുമുമ്പായി വട്ടിയൂർക്കാവിൽ പ്രവർത്തകർ തമ്മിൽ ചെറിയതോതിൽ വാക്കേറ്റമുണ്ടായി. കോന്നിയിൽ ബാരിക്കേഡ് തിരിച്ച് മാറ്റുന്നതിനെ ചൊല്ലി യുഡിഎഫ് പ്രവർത്തകരും പൊലീസും തമ്മിൽ ചെറിയ തോതിൽ സംഘർഷമുണ്ടായിരുന്നു. അര മണിക്കൂറിലധിം നീണ്ട ശക്തമായ മഴ നനഞ്ഞും കോന്നിയിൽ സ്ഥാനാർത്ഥികൾ കൊട്ടിക്കലാശത്തിൽ പങ്കെടുത്തു. ഇതൊഴിച്ചാൽ സമാധാനപരമായാണ്എല്ലായിടത്തും കൊട്ടിക്കലാശം സമാപിച്ചത്. 
 

click me!