മഴ കുറഞ്ഞു: അരൂരില്‍ വോട്ടര്‍മാര്‍ സജീവം, ഉച്ചവരെ 51.45 ശതമാനം പോളിംഗ്

By Web TeamFirst Published Oct 21, 2019, 2:33 PM IST
Highlights

കനത്തുപെയ്യുന്ന മഴ തിരിച്ചടിയാകുമെന്ന് ഭയപ്പെട്ടിരുന്നങ്കിലും മഴ കുറഞ്ഞതോടെ അരൂരില്‍ വോട്ടര്‍മാര്‍ പോളിംഗ് ബൂത്തില്‍ സജീവമായി. മഴയുടെ ശക്തി കുറഞ്ഞതോടെ അരൂരിലെ...

ആലപ്പുഴ: കനത്തുപെയ്യുന്ന മഴ തിരിച്ചടിയാകുമെന്ന് ഭയപ്പെട്ടിരുന്നങ്കിലും മഴ കുറഞ്ഞതോടെ അരൂരില്‍ വോട്ടര്‍മാര്‍ പോളിംഗ് ബൂത്തില്‍ സജീവം. മഴയുടെ ശക്തി കുറഞ്ഞതോടെ അരൂരിലെ 183 ബൂത്തുകളില്‍ മിക്ക സ്ഥലങ്ങളിലും നീണ്ട നിരതന്നെയുണ്ട്. അദ്യഘട്ടത്തില്‍ പോളിംഗ് മന്ദഗതിയിലായിരുന്നെങ്കിലും നിലവില്‍ 51.45 ശതമാനം പോളിംഗ് രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ നിയമസഭാ, ലോക്സഭാ തെരഞ്ഞടുപ്പുകളില്‍ അരൂരില്‍ മികച്ച പോളിംഗ് ശതമാനമുണ്ടായിരുന്നു. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍  86 ശതമാനവും 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 84 ശതമാനവും പോള്‍ ചെയ്തിരുന്നു. 

ആദ്യമണിക്കൂറുകളില്‍ പോളിംഗ് തീരെകുറവായിരുന്നെങ്കിലും പതിനൊന്ന് മണിയോട് കൂടി വോട്ടര്‍മാര്‍ എത്തിതുടങ്ങുകയായിരുന്നു. ലത്തീന്‍ സമുദായത്തിന് മേല്‍ക്കൈ ഉള്ള എഴുപുന്ന തുടങ്ങിയ മേഖലകളില്‍ നല്ല പോളിംഗാണ് രേഖപ്പെടുത്തുന്നത്. ഇവിടെ വോട്ടിംഗ് ശതമാനം ക്രമാനുഗതമായി ഉയരുന്നുണ്ട്. പാണാവള്ളി, പെരുമ്പളം, തൈക്കാട്ടുശ്ശേരി, തീരദേശ മഖലകളില്‍ നിന്നാണ് കൂടുതലായി വോട്ടിംഗ് ശതമാനം കൂടിയിരിക്കുന്നത്. പാണാവള്ളി, പെരുമ്പളം, തൈക്കാട്ടുശ്ശേരി, പള്ളിപ്പുറം തുടങ്ങിയവ എല്‍ഡിഎഫിന് ശക്തമായ വേരോട്ടം ഉള്ള സ്ഥലങ്ങളാണ്. അരൂര്‍, അരുക്കുറ്റി, എഴുപുന്ന തുടങ്ങിയ മേഖലകളിലാണ് യുഡിഎഫ് പ്രതീക്ഷകള്‍. ബിജെപിക്ക് കാര്യമായ വോട്ടുകളുള്ള തുറവൂര്‍ പഞ്ചായത്തില്‍ നിലവില്‍ വോട്ടിംഗ് ശതമാനം കുറവുണ്ട്. വരും മണിക്കൂറുകളില്‍ കൂടുതല്‍ വോട്ടര്‍മാരെ ബൂത്തുകളിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് മുന്നണികളും സ്ഥാനാര്‍ത്ഥികളും.

മഴ കനത്ത് പെയ്യാതിരുന്നാല്‍ വോട്ടര്‍മാര്‍ ഇനിയും കൂട്ടമായി എത്തുമെന്ന് തന്നെ പ്രതീക്ഷിക്കാം. എന്നാല്‍ വൈകുന്നേരത്തോട് കൂടി വീണ്ടും മഴ പെയ്താല്‍ മുന്നണികളുടെ പ്രതീക്ഷ പാളും. എന്തായാലും അരൂരില്‍ മൂന്ന് സ്ഥാനാര്‍ത്ഥികളും വിജയ പ്രതീക്ഷയില്‍ തന്നെയാണ്. കാലാവസ്ഥ പ്രതികൂലമാണെങ്കിലും ഫലം അനുകൂലമാകുമെന്ന് ഷാനിമോള്‍ ഉസ്മാന്‍ പ്രതികരിച്ചിരുന്നു. മഴയെ അവഗണിച്ച് അരൂരിലെ വോട്ടര്‍മാര്‍ വോട്ടു ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാവിലെ മുതല്‍ വോട്ടര്‍മാര്‍ എത്തിത്തുടങ്ങിയിട്ടുണ്ടെന്നും ഷാനിമോള്‍ ഉസ്മാന്‍ പറഞ്ഞിരുന്നു. ആലപ്പുഴയിലെ സിപിഎമ്മിന്‍റെ ചെങ്കോട്ടയിൽ മിന്നുന്ന നേട്ടമുണ്ടാക്കാമെന്ന പ്രതീക്ഷയിലാണ്  യുഡിഎഫും ബിജെപിയും  അങ്കത്തിനിറങ്ങിയിരിക്കുന്നത്. 

click me!