'വട്ടിയൂർക്കാവ് ഞാനിങ്ങെടുക്കുവാ', മൂന്നാം സ്ഥാനത്ത് നിന്ന് മണ്ഡലം പിടിച്ച മേയർ ബ്രോ ഇനി എംഎൽഎ ബ്രോ

By Web TeamFirst Published Oct 24, 2019, 10:52 AM IST
Highlights

തത്സമയം, ഏഷ്യാനെറ്റ് ന്യൂസിലൂടെ വി കെ പ്രശാന്ത് സംസാരിക്കുന്നു. എങ്ങനെയാണ് ഈ മണ്ഡലം പിടിച്ചത്. സമുദായമൊക്കെ വേറെ വഴിക്ക്, സ്ഥാനാർത്ഥിയെ നോക്കിയാണ് ജനം വോട്ടു ചെയ്യുകയെന്ന് വ്യക്തമായെന്നും വി കെ പ്രശാന്ത്. 

തിരുവനന്തപുരം: എൻഎസ്എസ് അടക്കമുള്ളവരെ പിണക്കാനില്ലെന്നും, എന്നാൽ സമുദായ സംഘടനകൾ ഈ രീതിയിൽ രാഷ്ട്രീയത്തിൽ ഇടപെട്ടതിനെ ജനം തള്ളിക്കളഞ്ഞതിന്‍റെ ഫലമാണ് വട്ടിയൂർക്കാവിലെ തന്‍റെ വിജയമെന്നും എൽഡിഎഫ് സ്ഥാനാർത്ഥി വി കെ പ്രശാന്ത്. മൂന്നാം സ്ഥാനത്ത് നിന്ന് നേരെ, എണ്ണായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ മണ്ഡലം പിടിക്കുന്നത് ചെറിയ കാര്യമല്ല. അതുകൊണ്ടുതന്നെ തലസ്ഥാനത്തെ സിപിഎം ക്യാമ്പ് തികഞ്ഞ ആഹ്ളാദത്തിലാണ്. 

''വട്ടിയൂർക്കാവിന്‍റെ ശരിദൂരം എൽഡിഎഫ്''

''വട്ടിയൂർക്കാവിലെ ജനവിധി പല കാര്യങ്ങൾക്കുമുള്ള മറുപടിയാണ്. ഞങ്ങൾ മുന്നോട്ടു വച്ച വികസന മുദ്രാവാക്യം ജനം സ്വീകരിക്കുന്ന സ്ഥിതിയാണ് വട്ടിയൂർക്കാവിലുണ്ടായിട്ടുള്ളത്. പ്രളയം അടക്കമുള്ളവയിൽ നഗരസഭ ചെയ്തതിനെ യുഡിഎഫും എൻഡിഎയും വല്ലാതെ അപഹസിച്ചു. അപ്പോഴൊക്കെ ഞ‌ങ്ങൾ പറഞ്ഞത് ഇതിന് ജനം മറുപടി നൽകുമെന്നാണ്. നഗരസഭ ചെയ്ത പ്രവർത്തനങ്ങളാണ് ഞങ്ങൾ ജനത്തോട് പറഞ്ഞത്. നഗരത്തിലെ മാലിന്യ നിർമാർജനമടക്കമുള്ള നേട്ടങ്ങളാണ് ഞങ്ങൾ എടുത്ത് പറഞ്ഞത്. അത് അംഗീകരിച്ചതാണ് വിജയം എളുപ്പമാക്കിയത്'', വി കെ പ്രശാന്ത് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

സ്ഥാനാർത്ഥിയുടെ മെറിറ്റടക്കം ജനം ചർച്ച ചെയ്യുമെന്നുറപ്പല്ലേ എന്ന് പ്രശാന്ത് പറയുന്നു. നിഷ്പക്ഷരായ ജനം വോട്ട് ചെയ്തിട്ടുണ്ട്. വട്ടിയൂർക്കാവ് റോൾ മോഡലാകുമെന്ന് ഉറപ്പിച്ച് പറയുന്നു വി കെ പ്രശാന്ത്. 

എൻഎസ്എസ് തുറന്ന യുദ്ധം പ്രഖ്യാപിച്ച് ഇറങ്ങിയ ഇടമാണ്. അവിടെയാണ് ജയിക്കുന്നത്. അതിൽ ഇരട്ടി മധുരമില്ലേ എന്ന ഏഷ്യാനെറ്റ് ന്യൂസ് എക്സിക്യൂട്ടീവ് എഡിറ്റർ സിന്ധു സൂര്യകുമാറിന്‍റെ ചോദ്യത്തോട് ഒരു ചിരിയോടെയാണ് പ്രശാന്ത് മറുപടി നൽകുന്നത്. 

വട്ടിയൂർക്കാവിന്‍റെ ശരിദൂരം എൽഡിഎഫാണെന്ന് ഇതിലൂടെ വ്യക്തമാകുന്നെന്ന് പ്രശാന്ത് പറയുന്നു. സാമുദായിക ശക്തികൾ ഈ രീതിയിൽ രാഷ്ട്രീയത്തിൽ ഇടപെടുന്നത് നല്ലതല്ല സൂചന കൂടി ഇതിലൂടെ വ്യക്തമായെന്ന് പ്രശാന്ത്.

''ഞങ്ങൾക്ക് എല്ലാ വിഭാഗങ്ങളുടെയും വോട്ട് കിട്ടി. പ്രൊഫ. ടി എൻ സീമ, ചെറിയാൻ ഫിലിപ്പ് എന്നിവർക്കും അങ്ങനെ മുമ്പ് വോട്ട് കിട്ടിയിട്ടുണ്ട്. നിഷ്പക്ഷരുടെ വോട്ടും കിട്ടിയിട്ടുണ്ട്. യുഡിഎഫ് ബിജെപി ക്യാമ്പിൽ നിന്നുള്ള വോട്ടുകൾ ഇങ്ങോട്ട് വന്നിട്ടുണ്ട്. എൻഎസ്എസ്സിനെ എന്നല്ല ഒരു സംഘടനകളെയും പിണക്കുന്ന സമീപനം സർക്കാരിനും എനിക്കുമില്ല. അവരുടെ പരിഭവങ്ങളും പിണക്കങ്ങളും പരിഹരിക്കും എന്ന് സർക്കാർ പറ‌ഞ്ഞതാണ്. ഒരു സംഘടനയെയും സന്തോഷിപ്പിക്കുന്ന തരത്തിലുള്ള നീക്കങ്ങളുമില്ല. സർക്കാരിന്‍റെ നയം തന്നെ എനിക്കും'', എന്ന് വി കെ പ്രശാന്ത്. 

മേയർ ബ്രോ സ്ഥാനമേറ്റെടുത്തപ്പോൾ, ഞങ്ങളുടെ പ്രതിനിധി ടി വി പ്രസാദ് വി കെ പ്രശാന്തുമായി നടത്തിയ ഒരു ബൈക്ക് യാത്രയുണ്ട്, അത് കാണാം: 

click me!