'സർക്കാർ ശബരിമലയിൽ ചെലവഴിച്ച തുകയുടെ കണക്ക് പുറത്തു വിടണം': മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് ഉമ്മൻ ചാണ്ടി

Published : Oct 17, 2019, 07:44 PM ISTUpdated : Oct 17, 2019, 07:51 PM IST
'സർക്കാർ ശബരിമലയിൽ ചെലവഴിച്ച തുകയുടെ കണക്ക് പുറത്തു വിടണം': മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് ഉമ്മൻ ചാണ്ടി

Synopsis

യുഡിഎഫ് സർക്കാർ ചെലവഴിച്ചത് 1500 കോടി രൂപയെന്ന് ഉമ്മൻ ചാണ്ടി. എൽഡിഎഫ്  സർക്കാർ ചെലവാക്കിയത് വെറും 47.4 കോടി മാത്രം എന്ന് ഉമ്മൻ ചാണ്ടിയുടെ തിരുത്ത്.

തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ശബരിമലയിൽ എൽഡിഎഫ് സ‌ർക്കാ‌ർ നടത്തിയ വികസന പ്രവർത്തനങ്ങൾ പ്രചാരണായുധമാക്കിയ മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ശബരിമലയിൽ എൽഡിഎഫ് സർക്കാർ ചെലവഴിച്ച തുകയുടെ കണക്ക് പുറത്തുവിടണമെന്നാണ് ഉമ്മൻ ചാണ്ടിയുടെ വെല്ലുവിളി. ശബരിമലയിൽ വികസനങ്ങൾക്കായി 1273 കോടി രൂപ ചെലവഴിച്ചു എന്ന് ആവർത്തിച്ചു പറയുന്ന മുഖ്യമന്ത്രി തുക എന്തിനൊക്കെ ആണ് ചെലവാക്കിയത് എന്ന് വ്യക്തമാക്കണം എന്ന് ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു. 

ശബരിമല വിവാദങ്ങൾക്ക് മറുപടിയായി സ‌ർക്കാർ നടത്തിയ വികസനപ്രവ‌ർത്തനങ്ങൾ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി നടത്തുന്ന പ്രചാരണത്തെ വെല്ലുവിളിച്ചായിരുന്നു ഉമ്മൻ ചാണ്ടിയുടെ ഇന്നത്തെ വാ‌‌ർത്താ സമ്മേളനം. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് മണ്ഡലങ്ങളിലും ഈ കണക്കുകളാണ് മുഖ്യമന്ത്രി ഉയ‌ർത്തി കാട്ടിയത്. ശബരിമല വികസനത്തിന് യു‍ഡിഎഫ് 212 കോടി രൂപ മാത്രം ചെലവഴിച്ചപ്പോൾ എൽ‍ഡിഎഫ് സർക്കാർ ചെലവഴിച്ചത് 1278 കോടി രൂപ എന്നായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകൾ. 

എന്നാൽ വെറും 47.4 കോടി മാത്രം ആണ് ഇടത് സർക്കാർ ചെലവഴിച്ചത് എന്ന് ഉമ്മൻ ചാണ്ടി പറയുന്നു. ബജറ്റിൽ കാണിച്ച തുക ഇടത് സർക്കാർ ചെലവഴിച്ചിട്ടില്ല. എന്നാൽ1500 കോടി രൂപ 5 വർഷം കൊണ്ട് യുഡിഎഫ് സർക്കാർ ചെലവഴിച്ചെന്നും ഉമ്മൻ ചാണ്ടി ചൂണ്ടിക്കാട്ടുന്നു. 
പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ കണക്കുകൾ നിരത്താൻ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്നു ഉമ്മൻ ചാണ്ടി. നാളെ എ‌ കെ ആന്‍റണികൂടി പ്രചാരണത്തിനിറങ്ങുന്നതോടെ വികസനത്തര്‍ക്കം കൂടുതൽ മുറുകുമെന്നും ഉറപ്പായി. 

കോന്നിയിലടക്കം ശബരിമല പ്രധാന പ്രചരണായുധമെന്ന് പരസ്യനിലപാട് വ്യക്തമാക്കിയ ബിജെപിയും മുഖ്യമന്ത്രിയെ വെല്ലുവിളിച്ചു.
ശബരിമലയിൽ എന്ത് വികസനമാണ് നടന്നത് എന്നാണ് കുമ്മനം രാജശേഖരന്റെ ചോദ്യം. ശബരിമല മുൻ നിർത്തി എൽഡിഎഫ് വോട്ട് തേടുന്നത് ബാലിശമാണെന്ന് കുമ്മനം പറഞ്ഞു. പരസ്യ പ്രചാരണം തീരാൻ രണ്ട് ​ദിനം മാത്രം ബാക്കി നിൽക്കെ വിശ്വാസ വിവാദങ്ങൾക്കൊപ്പം വികസന വിഷയങ്ങളിലും ഇതോടെ ത‌ർക്കം മുറുകുകയാണ്.
 

PREV
click me!

Recommended Stories

പൗരത്വ ഭേദഗതി ബില്ലിനെതിരെ കേരളത്തിലെ മുസ്ലീം സംഘടനകൾ
ജാര്‍ഖണ്ഡ് തെരഞ്ഞെടുപ്പ് നവംബര്‍ 30 മുതല്‍ അഞ്ച് ഘട്ടമായി: വോട്ടെണ്ണല്‍ ഡിസം.23-ന്