മഞ്ചേശ്വരത്ത് യുഡിഫിന്റെ പോരാട്ടം രണ്ട് തന്ത്രിമാർക്കെതിരെ; രമേശ് ചെന്നിത്തല

By Web TeamFirst Published Oct 8, 2019, 12:00 PM IST
Highlights

ശബരിമല വിഷയത്തിൽ യുഡിഎഫിന് വ്യക്തമായ നിലപാടുണ്ട്. യുഡിഎഫ് അധികാരത്തിൽ വന്നാൽ സ്ത്രീ പ്രവേശനത്തിനെതിരായ നിയമനിർമാണം നടത്തുമെന്നും ചെന്നിത്തല ആവർത്തിച്ചു.

മഞ്ചേശ്വരം: കാസർകോട് എൽഡിഎഫ്, ബിജെപി സ്ഥാനാർത്ഥികൾ കപട ഹിന്ദുക്കളെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മതസംഘർഷത്തിനും വിഭാഗീയതയ്ക്കുമാണ് ആണ് ബിജെപി ശ്രമിക്കുന്നത്. ബിജെപി സ്ഥാനാർത്ഥിയുടെ ശിഷ്യനാണ് സിപിഎം സ്ഥാനാർത്ഥി. രണ്ട് തന്ത്രിമാർക്കെതിരെയാണ് യുഡിഫ് പോരാട്ടമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മഞ്ചേശ്വരത്ത് കുടുംബയോ​ഗങ്ങളിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മഞ്ചേശ്വരത്ത് യുഡിഎഫ്- ബിജെപി മത്സരമാണ് നടക്കുന്നത്. മണ്ഡലത്തിൽ ബിജെപി വർഗീയ സംഘർഷത്തിന് ശ്രമിക്കുകയാണ്. ബിജെപി കർണാടക അധ്യക്ഷന്റെ മഞ്ചേശ്വരം കശ്മീരെന്ന പ്രസ്താവന ഇതിന് ഉദാഹരണമാണ്. ബിജെപി സ്ഥാനാർത്ഥി ഇടത് സ്ഥാനാർത്ഥിയെ അനുഗ്രഹിക്കുന്നത് കണ്ടു. ഇത് ഒത്തുകളിയുടെ ഭാഗമാണ്.

നവോത്ഥാന സംരക്ഷണ സമിതിയുടെ പ്രവർത്തനം സർക്കാരിന്റെ ഭാഗമാക്കിയ തീരുമാനം സിപിഎമ്മിന് ശബരിമലയിൽ നിലപാട് മാറ്റമില്ലെന്നതിന്റെ തെളിവാണ്. ശബരിമല മഞ്ചേശ്വരത്തെ ഇടതു സ്ഥാനാർത്ഥിയുടെ നിലപാടാണോ എന്ന് എൽഡിഎഫ് വ്യക്തമാക്കണം. ശബരിമല വിഷയത്തിൽ യുഡിഎഫിന് വ്യക്തമായ നിലപാടുണ്ട്. വീണ്ടും മണ്ഡലകാലം വരികയാണ്. ഇനിയും സ്ത്രീകളെ പ്രവേശിപ്പിക്കുമോ എന്നും സർക്കാർ വ്യക്തമാക്കണം. യുഡിഎഫ് അധികാരത്തിൽ വന്നാൽ സ്ത്രീ പ്രവേശനത്തിനെതിരായ നിയമനിർമാണം നടത്തുമെന്നും ചെന്നിത്തല ആവർത്തിച്ചു.

Read More:'അധികാരത്തില്‍ തിരിച്ചെത്തിയാല്‍ ശബരിമല വിധിയില്‍ നിയമനിർമ്മാണം'; ചെന്നിത്തല

പെരിയ ഇരട്ടകൊലപാതകത്തിൽ പ്രതികളെ രക്ഷപെടുത്താൻ ആണ് സർക്കാരും അന്വേഷണസംഘവും ശ്രമിച്ചത്. ഇതിനുള്ള അടിയാണ് ഹൈക്കോടതി വിധി. സിബിഐ അന്വേഷണത്തെ എതിർത്ത് സർക്കാർ അപ്പീൽ പോകരുത്. സംസ്ഥാനത്തെ ക്രമസമാധാനനില തകർന്നിരിക്കുയാണ്. പൊലീസിനെ നിയന്ത്രിക്കാൻ മുഖ്യമന്ത്രിക്കാവുന്നില്ല. ലോക്കപ്പ് കൊലപാതകങ്ങൾ തുടരുകയാണ്. സർക്കാർ പരാജയമാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

അഴിമതി ആരോപണങ്ങളിൽ സർക്കാർ വ്യക്തമായ മറുപടി നൽകുന്നില്ല. കിഫ്‌ബിയിൽ സിഐജി ഓഡിറ്റിനെ സർക്കാർ ഭയക്കുന്നു. സ്റ്റാറ്റിയൂട്ടറി ഓഡിറ്റ് അനുവദിക്കാത്തത് അഴിമതി പുറത്ത് വരുമെന്ന് പേടിച്ചിട്ടാണ്. കിയാൽ വിഷയത്തിലും സമാനമായനിലപാടാണ് സർക്കാരിന്റേത്. 50 ശതമാനത്തിൽ അധികം സർക്കാർ ഓഹരി ഉള്ളിടത്ത് സ്റ്റാറ്റിയൂട്ടറി ഓഡിറ്റ് വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കൂടുതൽ പലിശക്ക് പണമെടുക്കുന്നത് കേരളത്തിന് ബാധ്യതയാകും. കിഫ്ബിക്ക് താൻ എതിരല്ല. കിഫിബിയിൽ നടപടികൾ പാലിക്കാത്തതാണ് താൻ എതിർക്കുന്നത്.   പവർ ഗ്രിഡ് അഴിമതിയിൽ അഴിമതി വകുപ്പ് പ്രകാരം കേസെടുക്കാൻ ഗവർണറെ സമീപിക്കും. ​ഗവർണറുടെ അനുമതി ലഭിച്ചാൽ കേസ് നൽകും. മസാല ബോണ്ടുമായി ബന്ധപ്പെട്ടുള്ള മുൻ നിലപാടിൽ ഉറച്ച് നിൽക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പാലാ ഉപതെരഞ്ഞെടുപ്പ് യുഡിഎഫിന് മധുരമായ താക്കീതാണ്. കൂടത്തായി കൊലപാതക പരമ്പരയിൽ അന്വേഷണം നടത്തുന്ന പൊലീസിന് അദ്ദേഹം അഭിനന്ദനങ്ങൾ അറിയിച്ചു. 
 
മഞ്ചേശ്വരത്ത് എൽഡിഎഫ് സ്ഥാനാർത്ഥി എം ശങ്കർ റൈയും ബിജെപി സ്ഥാനാർത്ഥി രവീശ തന്ത്രി യുഡിഎഫ് സ്ഥാനാർത്ഥി എം സി കമറുദ്ദീനുമാണ് നേർക്കുനേർമുട്ടുന്നത്. 

click me!