'ആദ്യ പ്രളയത്തിൽ മേയർ എവിടെയായിരുന്നു?' വി കെ പ്രശാന്തിന് എതിരെ പദ്മജ വേണുഗോപാല്‍

By Web TeamFirst Published Oct 6, 2019, 12:31 PM IST
Highlights

ജനങ്ങൾ നൽകിയ സാധങ്ങൾ കയറ്റി അയക്കാൻ മേയർ ബ്രോയുടെ ആവശ്യമില്ലെന്ന് പദ്മജ വേണുഗോപാല്‍ പറഞ്ഞു. വട്ടിയൂര്‍ക്കാവില്‍ യുഡിഎഫ് പ്രചാരണത്തിൽ ഒരു കുറവും ഇല്ല. കെ മോഹൻകുമാർ ശുദ്ധ ഹൃദയനായത് കൊണ്ടാണ് പരാതി പറഞ്ഞതെന്നും പദ്മജ 

തിരുവനന്തപുരം: കെ മുരളീധരന് പിന്നാലെ വി കെ പ്രശാന്തിന് എതിരെ വിമര്‍ശനവുമായി പദ്മജ വേണുഗോപാലും. ആദ്യ പ്രളയത്തിൽ മേയർ എവിടെയായിരുന്നു? ജനങ്ങൾ നൽകിയ സാധങ്ങൾ കയറ്റി അയക്കാൻ മേയർ ബ്രോയുടെ ആവശ്യമില്ലെന്ന് പദ്മജ വേണുഗോപാല്‍ പറഞ്ഞു. വട്ടിയൂര്‍ക്കാവില്‍ യുഡിഎഫ് പ്രചാരണത്തിൽ ഒരു കുറവും ഇല്ല. കെ മോഹൻകുമാർ ശുദ്ധ ഹൃദയനായത് കൊണ്ടാണ് പരാതി പറഞ്ഞത്. അച്ഛനോടുള്ള സ്നേഹം കൊണ്ടാണ് തന്‍റെ പേര് തിരുവനന്തപുരത്തു ഉയർന്നതെന്നും പദ്മജ കൂട്ടിച്ചേര്‍ത്തു.

പ്രളയ ബാധിതര്‍ക്കായി ജനങ്ങള്‍ കൈയയച്ച് നല്കിയ സഹായം കയറ്റിയയച്ചതാണോ പ്രശാന്തിന്‍റെ  പ്രവര്‍ത്തന മികവെന്ന് മുരളീധരന്‍ നേരത്തെ പരിഹസിച്ചിരുന്നു.  ഈ പ്രളയകാലത്ത് നഗരസഭയുടെ നേതൃത്വത്തില്‍ തിരുവനന്തപുരം ജനത നടത്തിയ സഹായ ശേഖരണം ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു. ഇത് മുന്‍ നിര്‍ത്തിയുള്ള എല്‍ഡിഎഫ് പ്രചാരണങ്ങള്‍ക്കെതിരെയായിരുന്നു മുരളീധരന്‍റെ പരിഹാസം.

ഏറെ തര്‍ക്കങ്ങള്‍ക്കും നാടകീയ നീക്കങ്ങള്‍ക്കും ഒടുവിലാണ് കോണ്‍ഗ്രസില്‍ ഐ ഗ്രൂപ്പിന്റെ സീറ്റായ വട്ടിയൂര്‍ക്കാവില്‍ കെ മോഹന്‍കുമാര്‍ സ്ഥാനാര്‍ത്ഥിയാകുന്നത്. മുന്‍ എംപി പീതാംബരക്കുറുപ്പിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന നിര്‍ദ്ദേശമായിരുന്നു കെ മുരളീധരന്‍ എംപി മുന്നോട്ട് വച്ചത്. എന്നാല്‍ പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അടക്കം കുറുപ്പിനെതിരെ പ്രതിഷേധവുമായി രംഗത്ത് വന്നതോടെ കെ മോഹന്‍കുമാറിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ കോൺ​ഗ്രസ് സംസ്ഥാന നേതൃത്വം തീരുമാനിക്കുകയായിരുന്നു.
 

click me!