മഞ്ചേശ്വരത്തേത് കള്ളവോട്ട് തന്നെയെന്ന് ടിക്കാറാം മീണ; നബീസക്കെതിരെ കേസെടുത്തു

By Web TeamFirst Published Oct 22, 2019, 5:09 PM IST
Highlights

ബൂത്തിലെ വോട്ടറല്ലാതിരുന്ന നബീസ കള്ളവോട്ട് ചെയ്യാൻ തന്നെയാണ് എത്തിയതെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ കണ്ടെത്തൽ. നബീസയുടെ ഭർത്താവ് മുസ്ലീം ലീഗിന്‍റെ സജീവ പ്രവർത്തകനാണെന്നാണ് തനിക്ക് കിട്ടിയ വിവരമെന്നും ടിക്കാറാം മീണ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 

തിരുവനന്തപുരം: മഞ്ചേശ്വരത്ത് പിടികൂടിയത് കള്ളവോട്ട് തന്നെയെന്ന് സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. മഞ്ചേശ്വരത്തെ 43ാം ബൂത്തിൽ വോട്ട് ചെയ്യാനെത്തിയ നബീസ എന്ന സ്ത്രീയാണ് കള്ളവോട്ട് കേസിൽ അറസ്റ്റിലായത്. നബീസയുടെ പേരിൽ ഐപിസി 171ാം വകുപ്പ് പ്രകാരം കേസ് രജിസ്റ്റ‍ർ ചെയ്തിട്ടുണ്ടെന്നും അവരെ പൊലീസിന് കൈമാറിയെന്നും ടിക്കാറാം മീണ മാധ്യമങ്ങളോട് പറഞ്ഞു. ബൂത്തിലെ വോട്ടറല്ലാതിരുന്ന നബീസ കള്ളവോട്ട് ചെയ്യാൻ തന്നെയാണ് എത്തിയതെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ കണ്ടെത്തൽ. നബീസയുടെ ഭർത്താവ് മുസ്ലീം ലീഗിന്‍റെ സജീവ പ്രവർത്തകനാണെന്നാണ് തനിക്ക് കിട്ടിയ വിവരമെന്നും ടിക്കാറാം മീണ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 

സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് നടന്ന ഒരു ബൂത്തിലും റീ പോളിംഗ് നടത്തില്ലെന്നും ടിക്കാറാം മീണ കൂട്ടിച്ചേർത്തു. ആറ് മണിവരെ എത്തിയ എല്ലാവർക്കും വോട്ട് ചെയ്യാൻ അവസരം നൽകിയിട്ടുണ്ട്.  റീ പോളിംഗ് ആവശ്യപ്പെട്ട് ആരും കത്ത് നൽകിയിട്ടില്ലെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.

എൻഎസ്എസിന്‍റെ വക്കീൽ നോട്ടീസ് കിട്ടിയെന്നും ഒരു സംഘടനയോടും അവമതിപ്പില്ലെന്നും ടിക്കാറാം മീണ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. തെരഞ്ഞെടുപ്പ് കഴി‌ഞ്ഞതോടെ ആ അധ്യായം അടഞ്ഞുവെന്നും മീണ വ്യക്തമാക്കി. സമദൂരം വിട്ട് എന്‍എസ്എസ് ശരിദൂരം സ്വീകരിച്ചതാണ് പ്രശ്നമായതെന്ന ടിക്കാറാം മീണയുടെ പ്രസ്താവനയ്ക്കെതിരെയാണ് എൻഎസ്എസ് വക്കീല്‍ നോട്ടീസ് അയച്ചത്. 

Read more: 'അപമാനിച്ചതിന് മാപ്പു പറയണം': മീണയ്ക്ക് എന്‍എസ്എസ് വക്കീല്‍ നോട്ടീസയച്ചു

മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറുടെ പ്രസ്താവന സംഘടനയ്ക്ക് പൊതുജനമധ്യത്തില്‍ അവമതിപ്പുണ്ടാക്കിയെന്നും അതിനാല്‍ മീണ പരസ്യമായി ക്ഷമാപണം നടത്തണമെന്നുമാണ് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ അയച്ച നോട്ടീസിലെ ആവശ്യം. തിരുവനന്തപുരം പ്രസ് ക്ലബില്‍ വച്ചു മാധ്യമങ്ങളുമായി സംസാരിക്കുമ്പോള്‍ ആണ് എന്‍എസ്എസിനെക്കുറിച്ച് മീണ സംസാരിച്ചത്. എന്‍എസ്എസ് വട്ടിയൂര്‍ക്കാവില്‍ പരസ്യമായി ജാതി പറഞ്ഞു വോട്ടു പിടിക്കുന്നുവെന്ന് ആരോപിച്ച് സിപിഎം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിനിടെയാണ് പരാതി ലഭിച്ചാല്‍ അതു പരിശോധിക്കുമെന്നും മുന്‍കാലങ്ങളില്‍ സമദൂരം പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പിനെ നേരിട്ട എന്‍എസ്എസ് ഇക്കുറി ശരിദൂരം പ്രഖ്യാപിച്ചതാണ് പ്രശ്നമായതെന്നും മീണ പറഞ്ഞത്. 

click me!