Latest Videos

വട്ടിയൂർക്കാവിൽ ബിജെപിക്ക് വൻ തിരിച്ചടി; കാൽ ലക്ഷത്തോളം വോട്ട് കുറഞ്ഞു

By Web TeamFirst Published Oct 24, 2019, 12:52 PM IST
Highlights

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഇടത് സ്ഥാനാർത്ഥിക്ക് 25000 വോട്ട് വർധിച്ചു

ബിജെപിക്ക് വട്ടിയൂർക്കാവ് മണ്ഡലത്തിൽ 2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ 50709 വോട്ട് ലഭിച്ചിരുന്നു

തിരുവനന്തപുരം: വട്ടിയൂർക്കാവ് ഉപതെരഞ്ഞെടുപ്പിൽ ബിജെപിക്ക് വൻ തിരിച്ചടി. ഇടത് സ്ഥാനാർത്ഥിയും തിരുവനന്തപുരം കോ‍ർപ്പറേഷൻ മേയറുമായ വികെ പ്രശാന്ത് ശക്തമായ പോരാട്ടം കാഴ്ചവച്ച് മുന്നേറിയപ്പോൾ, ആ കുതിപ്പിൽ ബിജെപിക്ക് കാൽ ലക്ഷത്തോളം വോട്ട് നഷ്ടമായി. യുഡിഎഫിന്റെ വോട്ടിലും വലിയ ചോർച്ചയാണ് ഉണ്ടായത്.

വോട്ടെണ്ണൽ പൂർത്തിയായപ്പോൾ വി.കെ. പ്രശാന്തിന് 54782 വോട്ടാണ് ലഭിച്ചത്. യുഡിഎഫ് സ്ഥാനാ‍ർത്ഥി ഡോ.കെ. മോഹൻകുമാറിന് ലഭിച്ചതാകട്ടെ 40344 വോട്ട്. ബിജെപി സ്ഥാനാർത്ഥി അഡ്വ. എസ്. സുരേഷിന് - 27425  വോട്ട് മാത്രമാണ് നേടാനായത്. 

ബിജെപിക്ക് 2016ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ, വട്ടിയൂർക്കാവ് മണ്ഡലത്തിൽ 43700 വോട്ട് നേടാനായിരുന്നു. 2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ 50709 വോട്ടും ഇവ‍ർക്ക് ലഭിച്ചു. രണ്ട് വട്ടവും കുമ്മനം രാജശേഖരനായിരുന്നു ബിജെപിക്ക് വേണ്ടി പോരാട്ട രംഗത്തിറങ്ങിയത്.

ഇക്കുറി കുമ്മനം രാജശേഖരനാവും സ്ഥാനാർത്ഥിയെന്ന് കരുതിയിരുന്നെങ്കിലും അവസാന വട്ടമാണ് സ്ഥാനാർത്ഥി മാറിയത്. അഡ്വ എസ് സുരേഷിന് നറുക്ക് വീണതോടെ മണ്ഡലത്തിലെ ആ‍ർഎസ്എസ് നേതൃത്വം ഇടഞ്ഞു. ഇവ‍ർ പ്രചാരണത്തിൽ പോലും കാര്യമായി ഇടപെട്ടിരുന്നില്ല. ഇതോടെയാണ് മണ്ഡലത്തിലെ ബിജെപി വോട്ടിലും വലിയ ചോ‍ർച്ചയുണ്ടായത്. ലോക്സഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 23284 വോട്ടിന്റെ കുറവാണ് ബിജെപിക്ക് മണ്ഡലത്തിൽ ഉണ്ടായിരിക്കുന്നത്.

യുഡിഎഫിന് 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 51322 വോട്ടാണ് ലഭിച്ചത്. 2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ 53545 വോട്ട് അവർക്ക് ലഭിച്ചിരുന്നു. എന്നാൽ 2019 ഉപതെരഞ്ഞെടുപ്പായപ്പോൾ 40344 വോട്ട് മാത്രമാണ് യുഡിഎഫ് സ്ഥാനാർത്ഥി ഡോ കെ മോഹൻകുമാറിന് നേടാനായത്.

അതേസമയം 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മൂന്നാം സ്ഥാനത്തായിരുന്ന സിപിഎമ്മിന് 40441 വോട്ടാണ് മണ്ഡലത്തിൽ കിട്ടിയത്. 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പായപ്പോൾ ഇടത് സ്ഥാനാർത്ഥിയായി മത്സരിച്ച സി ദിവാകരന് മണ്ഡലത്തിൽ 29414 വോട്ട് മാത്രമേ ലഭിച്ചുള്ളൂ. പക്ഷെ യുവാവും മേയറെന്ന നിലയിൽ ജനപ്രീതി പിടിച്ചുപറ്റിയ നേതാവുമായ വികെ പ്രശാന്തിനെ മത്സരിപ്പിച്ചപ്പോൾ ലോക്സഭയെ അപേക്ഷിച്ച് 25416 വോട്ട് വർധിച്ചു.

click me!