'കണ്ണേ കരളേ വി എസ്സേ'; പ്രശാന്തിനായി പ്രചാരണത്തിനിറങ്ങിയ വിഎസിന് വന്‍ സ്വീകരണം- വീഡിയോ

By Web TeamFirst Published Oct 19, 2019, 9:58 AM IST
Highlights

കണ്ണേ കരളേ വിഎസേ എന്ന പ്രവര്‍ത്തകരുടെ സ്നേഹ വായ്പുകള്‍ക്കിടയിലാണ് വി എസ് വേദിയിലേക്ക് കയറിയത്. പത്തുമിനിട്ടിൽ താഴെ മാത്രമാണ് വട്ടിയൂർകാവിൽ വി എസ് പ്രസംഗിച്ചതെങ്കിലും പ്രവര്‍ത്തകരെല്ലാം ആവേശത്തിലായിരുന്നു. 

തിരുവനന്തപുരം: കൊട്ടിക്കലാശത്തിന് മണിക്കൂറുകൾ മാത്രം ബാക്കി നില്‍ക്കേ വി കെ പ്രശാന്തിനായി വട്ടിയൂര്‍ക്കാവില്‍ പ്രചാരണത്തിനിറങ്ങിയ വി എസ് അച്യുതാനന്ദനെ കാത്തിരുന്നത് ആവേശകരമായ സ്വീകരണമായിരുന്നു. വട്ടിയൂർകാവിലെ വോട്ടർമാർക്കിടയിലേക്ക് ഇന്നലെ വിഎസ് വന്നിറങ്ങിയതു മുതൽ ആവേശം അലതല്ലുകയായിരുന്നു. കണ്ണേ കരളേ വിഎസേ എന്ന പ്രവര്‍ത്തകരുടെ സ്നേഹ വായ്പുകള്‍ക്കിടയിലാണ് വി എസ് വേദിയിലേക്ക് കയറിയത്. പത്തുമിനിട്ടിൽ താഴെ മാത്രമാണ് വട്ടിയൂർകാവിൽ വി എസ് പ്രസംഗിച്ചതെങ്കിലും പ്രവര്‍ത്തകരെല്ലാം ആവേശത്തിലായിരുന്നു. 

പതിവ് വിഎസ് ശൈലിയിൽ നീട്ടിയും കുറുക്കിയുമുളള വാക്കുകൾക്ക് നിറഞ്ഞ കയ്യടിയായിരുന്നു. എതിരാളികളെ വിമർശിച്ചും സ്ഥാനാർത്ഥി വി കെ പ്രശാന്തിന്‍റെ പ്രവർത്തനങ്ങളെ അഭിനന്ദിച്ചുമാണ്  വി എസ് വോട്ടുചോദിച്ചത്. കെ സുധാകരന്‍റെ ആക്ഷേപത്തിന് പ്രസംഗത്തിലൂടെ വി എസ് ചുട്ടമറുപടി നൽകുമെന്ന് അണികൾ പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. വറ്റിവരണ്ട തലയോട്ടിയിൽ നിന്ന് എന്ത് ഭരണപരിഷ്കാരമാണ് പ്രതീക്ഷിക്കേണ്ടെതെന്ന സുധാകരന്‍റെ പരാമര്‍ശം വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. എന്നാല്‍ കെ സുധാകരന്‍റെ ആക്ഷേപത്തിന്  വിഎസിനെ ആരാധനാപൂർവ്വം കാത്തിരുന്ന ജനക്കൂട്ടം തന്നെയാണ് അതിനുളള മറുപടിയെന്ന് പറഞ്ഞ വിഎസിന് തുല്യം വിഎസ് മാത്രമെന്ന് പാർട്ടിയും അടിവരയിട്ടു.

വട്ടിയൂർകാവിൽ അവസാന നിമിഷത്തെ പ്രധാന ചർച്ച യുഡിഎഫിനുള്ള എൻഎസ്എസിന്റെ പരസ്യപിന്തുണയാണ്. മേയറുടെ പ്രതിച്ഛായയും ചിട്ടയായ പ്രവർത്തനവും കൊണ്ട് എതിർഘടകങ്ങളെ മറികടക്കാനാണ് ഇടത് ശ്രമം. ത്രികോണപ്പോരിൽ ബിജെപിക്കും ഉള്ളത് വലിയ പ്രതീക്ഷ തന്നെയാണ്. വട്ടിയൂർകാവിൽ ആര് ജയിക്കുമെന്നത് മാത്രമല്ല, രണ്ടാമതും മൂന്നാമതും ആരാകുമെന്നതും വലിയ ആകാംക്ഷയാണ്.

click me!