ജാതി വച്ചു വോട്ടു പിടിച്ചാല്‍ ശക്തമായ നടപടിയെന്ന് മീണ; വട്ടിയൂര്‍ക്കാവില്‍ ഇരട്ടവോട്ടുകള്‍ കണ്ടെത്തി

By Web TeamFirst Published Oct 18, 2019, 1:09 PM IST
Highlights

ലോകത്തെ തന്നെ ഏറ്റവും പ്രശസ്തമായ സ്ഥാപനങ്ങളിലൊന്നാണ് യുപിഎസ്‍സി. സുതാര്യവും സത്യസന്ധവുമായാണ് അതിന്‍റെ പ്രവര്‍ത്തനങ്ങള്‍. യുപിഎസ്‍സി ശരിയായി പ്രവര്‍ത്തിക്കുന്നത് കൊണ്ടാണ് എന്നെപ്പോലുള്ളവര്‍ക്ക് ഇന്നിവിടെ നില്‍ക്കാന്‍ സാധിക്കുന്നത്. 
 

തിരുവനന്തപുരം: തെരഞ്ഞെടുപ്പില്‍ ജാതി പറഞ്ഞു വോട്ടു പിടിക്കാന്‍ ശ്രമിച്ചാല്‍ ശക്തമായ നടപടിയുണ്ടാവുമെന്ന് സംസ്ഥാനത്തെ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. എന്‍എസ്എസ് വട്ടിയൂര്‍ക്കാവില്‍ ജാതി പറഞ്ഞു വോട്ടു പിടിക്കുന്നുവെന്ന സിപിഎം ആക്ഷേപത്തിന്‍റെ സാഹചര്യത്തിലാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ നിലപാട് വ്യക്തമാക്കിയത്.

യുപിഎസ്‍സിക്ക് വിശ്വാസ്യതയുണ്ട് അതിനെ സംശയിക്കരുതെന്നും തന്നെപ്പോലുള്ളവര്‍ ഐഎഎസിലെത്തിയത് അതിനുള്ള തെളിവാണെന്നും ചെന്നിത്തലയുടെ മകന്‍റെ സിവില്‍ സര്‍വ്വീസ് റാങ്ക് സംബന്ധിച്ച വിവാദത്തിന് മറുപടിയായി ടിക്കാറാം മീണ പറഞ്ഞു. തിരുവനന്തപുരം പ്രസ് ക്ലബില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മീണ. 

മീണയുടെ വാക്കുകള്‍.... 

അഭിപ്രായം പറയാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട് എന്നാല്‍ അതിന് പരിമിതിയുണ്ട്. എന്‍എസ്എസിന്‍റെ സമദൂരം എന്ന പ്രയോഗം വളരെ ശരിയായിരുന്നു. അതില്‍ നിന്നും മാറി ശരിദൂരമായപ്പോള്‍ ആണ് പ്രശ്നം. ജാതി പറഞ്ഞുള്ള വോട്ടു പിടുത്തം ശരിയായ പ്രവണതയല്ല. ജാതി പറഞ്ഞു വോട്ടു ചോദിച്ചാല്‍ ശക്തമായ നടപടിയുണ്ടാവും. 

തെരഞ്ഞെടുപ്പ് കാലത്ത് ഉത്തരവാദിത്തോടെ വേണം രാഷ്ട്രീയ പാര്‍ട്ടികളും സമുദായിക സംഘടനകളും പ്രവര്‍ത്തിക്കാനും പ്രതികരിക്കാനും. വിവിധ ജാതികള്‍ തമ്മിലുള്ള സംഘര്‍ഷത്തിലേക്ക് നയിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനമുണ്ടാവാന്‍ പാടില്ല. തെര‍ഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പാലിക്കാന്‍ എല്ലാവര്‍ക്കും ഉത്തരവാദിത്തമുണ്ട്. 

ദൈവങ്ങളെ ഉപയോഗിച്ച് വോട്ടു പിടിക്കാന്‍ പാടില്ല. കൃഷ്ണനായാലും അയ്യപ്പനായാലും ദൈവങ്ങളെ തെരഞ്ഞെടുപ്പിലേക്ക് കൊണ്ടു വരേണ്ട കാര്യമില്ല. ഇതു കലികാലമാണ് ദൈവങ്ങളെ കൂടി നമ്മള്‍ രക്ഷിക്കണം.

257 ഇരട്ടവോട്ടുകള്‍ വട്ടിയൂര്‍ക്കാവില്‍ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ ലിസ്റ്റ് പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ക്ക് നല്‍കും. ഓൺലൈൻ വഴിയുള അപേക്ഷകളാണ് ഇരട്ട വോട്ടുകൾക്ക് വഴി വച്ചത്. ഒന്നിലധികം അപേക്ഷകൾ നൽകുന്നത് കുറ്റകരമാണ്. ഇത്  ഗൗരവമായി കാണും. വോട്ടർ പട്ടിക തയ്യാറാക്കുമ്പോൾ ബൂത്ത് ലെവൽ ഏജൻറുമാരെ നിയോഗിക്കാൻ രാഷ്ട്രീയ പാർട്ടികൾ തയ്യാറാകണം. എങ്കില്‍ ഇത്തരം തട്ടിപ്പുകള്‍ ഒഴിവാക്കാം. 

പെരുമാറ്റ ചട്ടത്തിൽ എല്ലാത്തിനും വ്യക്തമായ വ്യവസ്ഥയുണ്ട്. അതനുസരിക്കാൻ എല്ലാവരും ബാധ്യസ്ഥരാണ്. മതനിരപേക്ഷത പാലിക്കാൻ ധാർമ്മികമായ ഉത്തരവാദിത്തം എല്ലാവർക്കുമുണ്ട്. അഭിപ്രായ സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ട്. പരിധി കടന്നാൽ നടപടിയുണ്ടാക്കും.  ശബരിമല വിഷയമാക്കുന്നതിലും ചര്‍ച്ചയാക്കുന്നതിലും തെറ്റില്ല. ദൈവങ്ങളുടെ പേരിൽ വോട്ട് പിടിക്കരുത്. ഇതേക്കുറിച്ച് ഇതുവരെ പരാതി ലഭിച്ചിട്ടില്ല. പരാതി ലഭിച്ചാല്‍ അതു പരിശോധിച്ച ശേഷം നടപടിയുണ്ടാകും. 

ലോകത്തെ തന്നെ ഏറ്റവും പ്രശസ്തമായ സ്ഥാപനങ്ങളിലൊന്നാണ് യുപിഎസ്‍സി. സുതാര്യവും സത്യസന്ധവുമായാണ് അതിന്‍റെ പ്രവര്‍ത്തനങ്ങള്‍. യുപിഎസ്‍സി ശരിയായി പ്രവര്‍ത്തിക്കുന്നത് കൊണ്ടാണ് എന്നെപ്പോലുള്ളവര്‍ക്ക് ഇന്നിവിടെ നില്‍ക്കാന്‍ സാധിക്കുന്നത്. 

ഉപതെരഞ്ഞെടുപ്പില്‍  140 പോളിംഗ് സ്റ്റേഷനുകളിൽ വെബ് കാസ്റ്റിംഗ് ഉണ്ടാകും. ലോക് സഭ തെരഞ്ഞെടുപ്പ് കാലത്തേക്കാൾ 12,780 വോട്ടർമാർ അഞ്ച് മണ്ഡലങ്ങലിലുമായി അധികം വന്നിട്ടുണ്ട്. രാവിലെ ഏഴ് മണി മുതല്‍ വൈകിട്ട് ആറര വരെയാണ് പോളിംഗ്. നാളെ നടക്കുന്ന കൊട്ടിക്കലാശം ജനങ്ങളെ ബുദ്ധിമുട്ടിക്കാതെയായിരിക്കാന്‍ ശ്രദ്ധിക്കണം. 

click me!