
തിരുവനന്തപുരം: രണ്ട് മാസത്തോളം നീണ്ടു നിന്ന ഭാഗ്യാന്വേഷികളുടെ കാത്തിരിപ്പിന് വിരാമമായിരിക്കുകയാണ്. 20 കോടി രൂപ ഒന്നാം സമ്മാനം നൽകുന്ന ക്രിസ്മസ്-പുതുവത്സര ബമ്പറിന്റെ നറുക്കെടുപ്പ് ഫലം പുറത്തുവന്നു. XC 138455 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. കോട്ടയം ജില്ലയിലെ ഏജൻ്റ് സുദീക്ക് എ. ആണ് ഈ ടിക്കറ്റ് വിറ്റിരിക്കുന്നത്. കോട്ടയത്താണോ അതോ വേറെ എവിടെയെങ്കിലും ആണോ ഭാഗ്യശാലി എന്നത് വരും മണിക്കൂറുകളിൽ അറിയാനാകും. തതവസരത്തിൽ 20 കോടി അടിച്ചയാൾക്ക് എത്ര രൂപ കിട്ടും എന്ന് നോക്കാം.
ഒന്നാം സമ്മാനാർഹന് 20 കോടി രൂപയാണ് ലഭിക്കുന്നതെങ്കിലും ആ തുക മുഴുവനായും അയാൾക്ക് ലഭിക്കില്ല. സമ്മാനത്തുകയിൽ നിന്നും ആദ്യം മാറ്റിവയ്ക്കുന്നത് ഏജന്റ് കമ്മീഷനാണ്. പത്ത് ശതമാനം ആണ് ഏജന്റ് കമ്മീഷൻ. 20 കോടിയിൽ 2 കോടി രൂപ ആ ഇനത്തിൽ പോകും. ബാക്കി തുകയുടെ 30 ശതമാനമാണ് ടിഡിഎസ് അടയ്ക്കേണ്ടത്. അതായത് ഏജന്റ് കമ്മീഷൻ കഴിഞ്ഞുള്ള 18 കോടിയുടെ 30 ശതമാനം. ഈ പിടുത്തം കഴിഞ്ഞാൽ ബാക്കി 12.6 കോടി രൂപയാണ് ഭാഗ്യശാലിക്ക് ലഭിക്കുക. അന്തിമ കണക്കില്‍ മാറ്റങ്ങളുണ്ടായേക്കാം.
ഒന്നാം സമ്മാനം പോലെ 20 കോടി രൂപയാണ് ക്രിസ്മസ് ബമ്പറിന്റെ രണ്ടാം സമ്മാനം. ഒരുകോടി വീതം 20 പേർക്കായാണ് ലഭിക്കു. ഇത്തരത്തിൽ ഒരു കോടി രൂപ ലഭിക്കുന്ന ഭാഗ്യശാലിക്ക് ലഭിക്കുന്നത് 63 ലക്ഷം രൂപയാണ്. 30 ശതമാനമാണ് നികുതി. ഇതോടൊപ്പം ലഭിക്കുന്ന സമ്മാന തുക അനുസരിച്ച് സർചാർജും ആദായ നികുതി വകുപ്പ് ഈടാക്കും. 50 ലക്ഷം രൂപ വരെയുള്ളവയ്ക്ക് സർചാർജില്ല. 1 കോടി മുതൽ 2 കോടി വരെ ഉള്ളവയ്ക്ക് 15 ശതമാനമാണ് സർചാർജ്. നികുതിയും സർചാർജും അടങ്ങിയ തുകയ്ക്ക് മുകളിൽ സെസും ഉണ്ടാകും. ഏജന്റിന് 10 ശതമാനം ഏജൻസി കമ്മീഷൻ ലഭിക്കും. ഇവയെല്ലാം കഴിച്ച് ബാക്കിയുള്ളത് 63 ലക്ഷമാണ്.
അതേസമയം, ഇത്തവണ ക്രിസ്മസ്-പുതുവത്സര ബമ്പറിന് റെക്കോർഡ് വിൽപനയാണ് നടന്നിരിക്കുന്നത്. ആകെ അച്ചടിച്ചത് 55 ലക്ഷം ടിക്കറ്റുകളാണ്. ഇതിൽ 54,08,880 ടിക്കറ്റുകൾ വിറ്റപോയിട്ടുണ്ട്. കഴിഞ്ഞ വർഷം 47,65,650 ലക്ഷം ടിക്കറ്റുകളായിരുന്നു വിറ്റഴിഞ്ഞത്. 400 രൂപയായിരുന്നു ഒരു ടിക്കറ്റിന്റെ വില.