
തിരുവനന്തപുരം: തിരുവോണം ബമ്പർ ലോട്ടറിയുടെ ഒന്നാം സമ്മാനം ലഭിച്ചത് കണ്ണൂരിലെ ചക്കരക്കല്ലിൽ. തളിപ്പറമ്പിലെ പി വി വത്സരാജൻ തമ്പുരാൻ ലോട്ടറി സ്റ്റാളിൽ നിന്ന് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. ചക്കരക്കല്ലിലെ മുത്തു ലോട്ടറി ഏജൻസിയിൽ നിന്നാണ് ഇവർ ടിക്കറ്റ് എടുത്തത്. അനീഷ് എംവിയാണ് ഏജൻ്റ്. TL 360615 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. അനീഷിന് ക്രിസ്മസ് പുതുവത്സര ബമ്പറും നേരത്തെ അടിച്ചിരുന്നു. ഇത് രണ്ടാം തവണയാണ് ബമ്പർ സമ്മാനം തേടിയെത്തുന്നത്. 18 വർഷമായി ലോട്ടറി വില്പന രംഗത്ത് സജീവമായി ഉള്ളയാളാണ് അനീഷ്. ഇയാൾക്ക് ആറ് ലോട്ടറി കടകളാണുള്ളത്. ഇതിൽ നാലെണ്ണം ഹോൾസെയിൽ കടകളാണ്.
അതേസമയം, രണ്ടാം സമ്മാനത്തിൽ മൂന്ന് എണ്ണം പഴവങ്ങാടി, കല്ലമ്പലം, വൈറ്റില എന്നിവിടങ്ങളിൽ നിന്നുള്ള ഭഗവതി ഏജൻസിയിൽ നിന്നും എടുത്ത ടിക്കറ്റുകൾക്കാണ്. 30 കോടി രൂപ ഒന്നാം സമ്മാനം ലഭിക്കുന്ന തിരുവോണം ബമ്പറിന്റെ ഒരു ടിക്കറ്റ് വില 500 രൂപയാണ്. ലോട്ടറി വകുപ്പിന്റെ കണക്ക് പ്രകാരം 90 ലക്ഷം ടിക്കറ്റുകളാണ് ഇത്തവണ അച്ചടിച്ചത്. ഈ ടിക്കറ്റുകൾ മുഴുവനും വിറ്റഴിഞ്ഞിട്ടുണ്ട്.
1 കോടി രൂപ വീതം 20 പേർക്കാണ് രണ്ടാം സമ്മാനം ലഭിക്കുക. മൂന്നാം സമ്മാനം: 25 ലക്ഷം രൂപ വീതം 20 പേർക്ക്, നാലാം സമ്മാനം: 5 ലക്ഷം രൂപ വീതം 10 പേർക്ക്, അഞ്ചാം സമ്മാനം: 2 ലക്ഷം രൂപ വീതം 10 പേർക്ക്, ആറാം സമ്മാനം: 5,000 രൂപ വീതം, ഏഴാം സമ്മാനം: 2,000 രൂപ വീതം, എട്ടാം സമ്മാനം: 1,000 രൂപ വീതം, ഒൻപതാം സമ്മാനം: 500 രൂപ വീതം, സമാശ്വാസ സമ്മാനം: 5 ലക്ഷം രൂപ വീതം 9 പേർക്ക്, എന്നിങ്ങനെയാണ് മറ്റ് സമ്മാനഘടന.