പോയാൽ 400 പോട്ടേന്ന് കരുതി ബമ്പർ എടുത്തത് ലക്ഷങ്ങൾ ! അവർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം, ഇല്ലേൽ പണിപാളും

Published : Jan 24, 2026, 12:00 PM IST
lottery

Synopsis

ക്രിസ്മസ്-പുതുവത്സര ബമ്പര്‍ ലോട്ടറി അടിച്ചാല്‍ ചെയ്യേണ്ട കാര്യങ്ങള്‍ എന്തെല്ലാം.

തിരുവനന്തപുരം: ലോട്ടറിയിലൂടെ ജീവിതം മാറി മറിഞ്ഞ ഒട്ടനവധി പേരുണ്ട്. കണ്ണടച്ച് തുറക്കുന്ന നിമിഷം കൊണ്ടായിരുന്നു ആ ജീവിത മാറ്റങ്ങൾ. അത്തരത്തിൽ ഇന്ന് ജീവിതം മാറി മറിയാൻ പോകുന്നത് ആരാകും എന്നറിയാൻ കാത്തിരിക്കുകയാണ് കേരളക്കര. കേരള സംസ്ഥാന ലോട്ടറി വകുപ്പിന്റെ ക്രിസ്മസ് ബമ്പർ ഇന്ന് 2 മണിക്ക് നറുക്കെടുക്കും. 20 കോടി രൂപയാണ് ഒന്നാം സമ്മാനാർഹന് ലഭിക്കുക. 54,08,880 ലക്ഷം ടിക്കറ്റാണ് കഴിഞ്ഞ ദിവസം വരെ വിറ്റഴിഞ്ഞത്. 

ഒന്നാം സമ്മാനം അടിച്ചാൽ അല്ലെങ്കിൽ ലോട്ടറിയിലെ ഏത് സമ്മാനം അടിച്ചാലും ആ തുക കയ്യിൽ കിട്ടാൻ എന്താണ് ചെയ്യേണ്ടതെന്ന് ഭൂരിഭാ​ഗം പേർക്കും അറിയില്ല. ഇക്കാര്യങ്ങൾ അറിയാതെ അമളി പറ്റിയവരും കുറവല്ല.

ലോട്ടറി അടിച്ചാൽ ചെയ്യേണ്ടത് എന്ത് ?

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാനാകും. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി (lottery) ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കുകയും വേണം. ഒരു ലക്ഷം രൂപവരെ ഭാഗ്യശാലിക്ക് ലോട്ടറി ഡയറക്ടറേറ്റിൽ നിന്നും നേരിട്ട് മാറ്റിയെടുക്കാം.

വലിയ സമ്മാനങ്ങൾ അടിച്ചാലോ ?

1. സമ്മാന അവകാശത്തിനുള്ള ഒരു അപേക്ഷയാണ് ആദ്യം വേണ്ടത്. ഈ അപേക്ഷയിൽ പേരും വിലാസവും കൃത്യമായി രേഖപ്പെടുത്തിയിരിക്കണം. ഒന്നാം സമ്മാനത്തിന് അർഹമായ ടിക്കറ്റിന്‍റെ രണ്ട് ഭാഗത്തിന്റെയും ഫോട്ടോ കോപ്പി എടുക്കണം. ശേഷം ഒരു ഗസ്റ്റഡ് ഓഫീസറെ കൊണ്ട് സാക്ഷ്യപ്പെടുത്തണം.

2. ഈ അപേക്ഷയ്ക്ക് ഒപ്പം രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോയും( ഇതും ഗസറ്റഡ് ഓഫീസർ അറ്റസ്റ്റ് ചെയ്യണം, അല്ലെങ്കിൽ നോട്ടറിയെ കൊണ്ട് അറ്റസ്റ്റ് ചെയ്യിക്കണം) ആവശ്യമാണ്.

3. സ്റ്റാമ്പ് രസീത് ഫോറാം- ഇത് ലോട്ടറി വെബ്സൈറ്റിൽ നിന്നും ഡൗൺലോർഡ് ചെയ്തെടുക്കാൻ സാധിക്കും. ഈ ഫോമിൽ ഒരു രൂപയുടെ റവന്യൂ സ്റ്റാമ്പ് ഒട്ടിക്കണം. ശേഷം ഓരോ കോളവും പൂരിപ്പിക്കണം. മുഴുൻ പേരും രസീതും അടക്കമുള്ള നമ്മുടെ എല്ലാ കാര്യങ്ങളും വളരെ കൃത്യമായി തന്നെ, അക്ഷരത്തെറ്റില്ലാതെ ഈ രസീതിൽ രേഖപ്പെടുത്തിയിരിക്കണം.

4. പ്രായപൂർത്തി ആകാത്ത ഒരാൾക്കാണ് സമ്മനം ലഭിച്ചതെങ്കിൽ, ഒരു ഗാർഡിയൻ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതുണ്ട്. ഈ കുട്ടിയുടെ രക്ഷിതാക്കൾ ഞങ്ങളാണ് എന്ന് സാക്ഷ്യപ്പെടുത്തുന്ന സർട്ടിഫിക്കറ്റ് ആണിത്.

5. ഒന്നിൽ കൂടുതൽ പേർ പിരിവിട്ട് ടിക്കറ്റ് എടുക്കുകയാണെങ്കിൽ, ഇവരിൽ ആരെയെങ്കിലും ഒരാളെ സമ്മാനം വാങ്ങിക്കാനായി ഏർപ്പെടുത്തണം. 50 രൂപയുടെ മുദ്ര പത്രത്തിൽ ഇയാൾ സാക്ഷ്യപ്പെടുത്തുന്ന പത്രം ഹാജരാക്കേണ്ടതുണ്ട്.

6. ഭാഗ്യക്കുറി സമ്മാനത്തിന് നൽകുന്ന അപേക്ഷയിൽ നമ്മുടെ തിരിച്ചറിയൽ കാർഡ് കൊടുക്കേണ്ടതുണ്ട്. പാൻ, ആധാർ, ഡ്രൈവിംഗ് ലൈസൻസ്, വോട്ടർ ഐഡി, പാസ്പോർട്ട് അങ്ങനെ എന്തും തിരിച്ചറിയൽ രേഖയായി നൽകാവുന്നതാണ്.

7. സമ്മാനമടിച്ച ടിക്കറ്റ് ദേശസാത്കൃത, ഷെഡ്യൂൾ ബാങ്ക്, സഹകരണ ബാങ്ക്, എന്നിവിടങ്ങളിലും ഏൽപ്പിക്കാം. ഇങ്ങനെ കൊടുക്കുമ്പോൾ ബാങ്കുകാർ മൂന്ന് രേഖകൾ സംസ്ഥാന ലോട്ടറി ഡയറക്ട്രേറ്റിലേക്ക് അയക്കേണ്ടതുണ്ട്. 1. സമ്മാനാർഹനിൽ നിന്നും അധികാര സാക്ഷ്യ പത്രം വാങ്ങണം. ഇത് കേരള ലോട്ടറി വകുപ്പിന്റെ വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത് എടുക്കാം. 2. സമ്മാനത്തുക കൈപ്പറ്റുന്ന ബാങ്കിന്റെ സാക്ഷ്യപത്രം. 3. സമ്മാനത്തുക കൈപ്പറ്റുന്നതിന് അധികാരപ്പെടുത്തിയ സാക്ഷ്യപത്രം. ഇത്രയും സാക്ഷ്യ പത്രങ്ങളാണ് ലോട്ടറി ഡയറക്ടർക്ക് ബാങ്ക് അധികൃതർ നൽകേണ്ടത്.

8. ലോട്ടറി വാങ്ങിയാലുടന്‍ ടിക്കറ്റിന്‍റെ പുറകില്‍ പേരും മേല്‍വിലാസവും രേഖപ്പെടുത്താന്‍ മറക്കരുത്.

PREV
Read more Articles on
click me!

Recommended Stories

400 രൂപ മുടക്കിയോ ? കീശയിലാവുക 20 കോടി ! ക്രിസ്മസ് ബമ്പർ നറുക്കെടുപ്പ് 2 മണിക്ക്, അറിയേണ്ടതെല്ലാം
ഭാ​ഗ്യാന്വേഷികളേ..ഇനി മണിക്കൂറുകൾ മാത്രം ! 20 കോടിയുടെ ക്രിസ്മസ് ബമ്പർ നറുക്കെടുപ്പ് 2 മണിക്ക്