'കരുവന്നൂര്‍ ബാങ്കിൽ സിപിഎമ്മിന് 25 രഹസ്യ അക്കൗണ്ടുകള്‍'; നടന്നത് 100 കോടിയുടെ കള്ളപ്പണ ഇടപാടെന്ന് ഇഡി

Published : Jan 15, 2024, 06:11 PM ISTUpdated : Jan 15, 2024, 06:15 PM IST
'കരുവന്നൂര്‍ ബാങ്കിൽ സിപിഎമ്മിന് 25 രഹസ്യ അക്കൗണ്ടുകള്‍'; നടന്നത് 100 കോടിയുടെ കള്ളപ്പണ ഇടപാടെന്ന് ഇഡി

Synopsis

കരുവന്നൂ‍ർ ബാങ്കുമായി ബന്ധപ്പെട്ട ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ടുളള സ്വകാര്യ ഹർജിയിലാണ് ഇഡി അന്വേഷണ പുരോഗതി അറിയിച്ചിരിക്കുന്നത്.

കൊച്ചി:കരുവന്നൂർ ബാങ്കിലെ സിപിഎമ്മിന്‍റെ 25 രഹസ്യ അക്കൗണ്ടുകൾ വഴി നൂറു കോടിയോളം രൂപയുടെ രഹസ്യ കളളപ്പണ ഇടപാട് നടന്നെന്ന് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഇതുപയോഗിച്ച് വൻതോതിൽ സ്വത്തുക്കളും വാങ്ങിക്കൂട്ടി.മുൻപ് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്ന നിലവിലെ മന്ത്രി പി രാജീവ് അടക്കമുളളവർ വ്യാജ ലോണുകൾ നൽകാൻ സമ്മർദ്ദം ചെലുത്തിയതായി മൊഴിയുണ്ടെന്നും ഇ ഡി ഹൈക്കോടതിയെ അറിയിച്ചു. കരുവന്നൂ‍ർ ബാങ്കുമായി ബന്ധപ്പെട്ട ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ടുളള സ്വകാര്യ ഹർജിയിലാണ് ഇഡി അന്വേഷണ പുരോഗതി അറിയിച്ചിരിക്കുന്നത്.

മൊത്തത്തിൽ ബാങ്കിന്‍റെ പ്രവർത്തനങ്ങളത്രയും നിയമവിരുദ്ധമാണ്. കളളപ്പണ ഇടപാടും, വ്യാജ ലോണുകളും സ്വർണപ്പണയവും ഭൂമി ഈട് ലോണുമടക്കം സകലതിലും കൃത്യമമമുണ്ട്. ബാങ്ക് നിയന്ത്രിച്ച സിപിഎം പ്രാദേശിക ഭരണസമിതിയുടെ പൂ‍ർണമേൽനോട്ടത്തിലാണ് ഇതൊക്കെ നടന്നത്. പല ജീവനക്കാരെയും നോക്കുകുത്തികളാക്കിയത് രാഷ്ടീയ നേതാക്കൾ വൻ തട്ടിപ്പ് നടത്തിയതെന്നും ഇഡി സത്യവാങ്മൂലത്തില്‍ പറയുന്നു. സിപിഎമ്മിന്‍റെ കോടികളുടെ ഇടപാടുകൾക്കായി കരുവന്നൂർ ബാങ്കിൽ രഹസ്യ അക്കൗണ്ടുകൾ ഉണ്ടായിരുന്നു. വിവിധ ഏരിയ , ലോക്കൽ കമ്മിറ്റികളുടെ പേരിലായിരുന്നു ഇത്. ഏരിയ കോൺഫറൻസ് സുവനീർ അക്കൗണ്ട്, ബിൽഡിങ് ഫണ്ട് എന്നൊക്കെയുള്ള പേരുകളിലായിരുന്നു കളളപ്പണ ഇടപാട് നടത്തിയത്. 

സിപിഎം അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്നതിന് മാത്രമായി പ്രത്യേകം മിനിറ്റ്സ് ബുക്കും സൂക്ഷിച്ചിരുന്നു. 17 ഏരിയാ കമ്മിറ്റികളുടേതായി 25 അക്കൗണ്ടുകൾ ഇത്തരത്തിൽ പ്രവർത്തിച്ചിരുന്നു. നൂറുകോടിയോളം രൂപയുടെ ഇടപാടുകളാണ് രഹസ്യ അക്കൗണ്ടുകൾ വഴി നടത്തിയത്. ഈ പണം ഉപയോഗിച്ച് ഭൂമിയും സ്വത്തുക്കളും വാങ്ങിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെയും മറ്റ് ഏജൻസികളുടെയും പിടിവീഴാതിരിക്കാൻ ചില അക്കൗണ്ടുകൾ പിന്നീട് ക്ലോസ് ചെയ്തു. രഹസ്യ അക്കൗണ്ടുകളിലെ നിക്ഷേപവും സ്വത്തുക്കളും  ഓഡിറ്റിനു വിധേയമാക്കിയിട്ടില്ലെന്നും റിപ്പോ‍ർട്ടിലുണ്ട്.

കേസിൽ മാപ്പുസാക്ഷിയായി മാറിയ സുനിൽകുമാറാണ് വ്യാജ ലോണുകൾ അനുവദിക്കാൻ ഇടപെട്ട നേതാക്കളുടെ പേരുകൾ വെളിപ്പെടുത്തിയത്. നിലവിലെ മന്ത്രി പി രാജീവ് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്നപ്പോൾ സമ്മർദം ചെലുത്തിയിട്ടുണ്ടെന്നാണ് മൊഴി. എസി മൊയ്തീൻ , പാലൊളി മുഹമ്മദ് കുട്ടി അടക്കം മുതിർന്ന നേതാക്കളും സമ്മദർദ്ദം ചെലുത്തിയ  ജില്ലാ, ഏരിയ, ലോക്കൽ കമ്മിറ്റി നേതാക്കളുടെ പേരുകളും സുനിൽ കുമാറിന്‍റെ മൊഴിയിലുണ്ട്.  തെരഞ്ഞെടുപ്പ് കമ്മീഷൻ വഴി വെളിപ്പെടുത്താത്ത സ്വത്തുക്കളും ഇടപാടുകളും ബാങ്ക് വഴി സിപിഎമ്മിന് ഉണ്ടായിരുന്നെന്നും ഇഡി അവകാശപ്പെടുന്നു. 

നിയമവിരുദ്ധ വായ്‌പകൾക്ക് സമ്മർദ്ദം ചെലുത്തി'; കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ മന്ത്രി പി. രാജീവിനെതിരെ ഇഡി

PREV
click me!

Recommended Stories

കേരളത്തിനും സന്തോഷ വാർത്ത, സംസ്ഥാനത്തേക്ക് സർവീസ് നടത്തുന്ന വിവിധ ട്രെയിനുകളിൽ കോച്ചുകൾ താൽക്കാലികമായി വർധിപ്പിച്ചു, ജനശതാബ്ദിക്കും നേട്ടം
ഐടി വ്യവസായിക്കെതിരായ ലൈംഗിക പീഡന പരാതി മധ്യസ്ഥതയിലൂടെ തീർക്കാനില്ല,സുപ്രീം കോടതിയുടെ ചോദ്യം ഞെട്ടിക്കുന്നതെന്ന് അതിജീവിത,നിയമപോരാട്ടം തുടരും