കേസിലെ പ്രതികളായ ഷാഫി, ഇലന്തൂരിലെ നാട്ടുവൈദ്യന്‍ ഭഗവല്‍ സിങ്, സിങ്ങിന്‍റെ ഭാര്യ ലൈല എന്നിവരെ വിചാരണയ്ക്കായി കോടതിയില്‍ എത്തിച്ചു. നടി ആക്രമണ കേസിലെ പ്രോസിക്യൂട്ടറായിരുന്ന അഡ്വക്കേറ്റ് അജകുമാറാണ് ഇലന്തൂര്‍ കേസിലും പ്രോസിക്യൂഷനു വേണ്ടി ഹാജരാകുന്നത്.

പത്തനംതിട്ട: കേരള മനസാക്ഷിയെ നടുക്കിയ ഇലന്തൂര്‍ നരബലി കേസിന്‍റെ വിചാരണ തുടങ്ങി. സേലം സ്വദേശിനിയായ പത്മയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കടവന്ത്ര പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിന്‍റെ വിചാരണയാണ് ആദ്യം തുടങ്ങിയത്. ഇരുന്നൂറിലേറെ സാക്ഷികളാണ് കേസില്‍ ഉളളത്.

കേരള മനസാക്ഷി വിറങ്ങലിച്ചു പോയ ക്രൂരത അരങ്ങേറിയ കേസിലാണ് നാല്‍പ്പത്തിയൊന്ന് മാസത്തിനു ശേഷം വിചാരണ തുടങ്ങിയത്. സേലം സ്വദേശിനി പത്മയെ കാണാനില്ലെന്ന് കാട്ടി 2022 ഒക്ടോബര്‍ 27ന് കുടുംബം കടവന്ത്ര പൊലീസില്‍ നല്‍കിയ പരാതിയുടെ അന്വേഷണത്തിലാണ് അന്ധവിശ്വാസത്തിന്‍റെ പേരില്‍ അരങ്ങേറിയ രണ്ട് ക്രൂര കൊലപാതകങ്ങളുടെ ചുരുളഴിഞ്ഞത്. കേസിലെ പ്രതികളായ ഷാഫി, ഇലന്തൂരിലെ നാട്ടുവൈദ്യന്‍ ഭഗവല്‍ സിങ്, സിങ്ങിന്‍റെ ഭാര്യ ലൈല എന്നിവരെ വിചാരണയ്ക്കായി കോടതിയില്‍ എത്തിച്ചു. നടി ആക്രമണ കേസിലെ പ്രോസിക്യൂട്ടറായിരുന്ന അഡ്വക്കേറ്റ് അജകുമാറാണ് ഇലന്തൂര്‍ കേസിലും പ്രോസിക്യൂഷനു വേണ്ടി ഹാജരാകുന്നത്.

15 ലക്ഷം രൂപ പ്രതിഫലം നല്‍കി സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നല്‍കിയായിരുന്നു പത്മയേയും കാലടി സ്വദേശിനി റോസ്ലിനെയും മുഖ്യപ്രതി ഷാഫി ഇലന്തൂരിലെ ഭഗവല്‍സിംഗിന്‍റെ വീട്ടിലെത്തിച്ചത്. ഇവിടെ വച്ച് ഇരുവരെയും കഴുത്തറുത്ത് കൊല്ലുകയായിരുന്നു. പൂജകളുടെ പേരിലുളള നരബലിയാണ് നടന്നതെന്ന് പിന്നീട് പൊലീസ് കണ്ടെത്തി. അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി അഞ്ചിലെ ജഡ്ജി ടി. മധുസൂദനന്‍റെ മുന്നിലാണ് കേസിന്‍റെ വിചാരണ നടക്കുന്നത്.

Asianet News Live | KB Ganesh Kumar | Kerala Breaking News | Malayalam Live News | HD News Streaming