
കോഴിക്കോട്:മുഖ്യമന്ത്രിയുടെ വിദേശയാത്ര കൊണ്ട് കേരളത്തിന് ഒരു ഗുണവും ഉണ്ടായിട്ടില്ലെന്നും ഖജനാവിന് നഷ്ടം മാത്രമാണുണ്ടായതെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. വിദേശയാത്ര കൊണ്ട് പുതിയ ഒരു നിക്ഷേപം പോലും കേരളത്തിന് ലഭിച്ചില്ലെന്നും കോഴിക്കോട് പേരാമ്പ്രയിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. കൊട്ടിഘോഷിക്കപ്പെട്ട ലോക കേരള സഭയും വിദേശയാത്രയ്ക്ക് പ്രയോജനം ചെയ്തില്ലെന്ന് കെ സുരേന്ദ്രന്‍ ആരോപിച്ചു.
വിദേശയാത്ര കൊണ്ട് എന്ത് നേട്ടമുണ്ടായെന്ന് ജനങ്ങളോട് വിശദീകരിക്കാൻ പോലും മുഖ്യമന്ത്രിക്ക് സാധിക്കുന്നില്ല.അദ്ദേഹം വിദേശത്തേക്ക് നടത്തിയത് വെറും ഉല്ലാസയാത്ര മാത്രമാണ്. ഔദ്യോഗിക വിദേശ പര്യടനത്തിൽ ഇല്ലാത്ത ഗൾഫ് രാജ്യങ്ങളിലേക്ക് എന്തിന് പോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു. നിക്ഷേപകരെ സ്വീകരിക്കുന്നതിന് പകരം അവരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന സർക്കാരാണ് കേരളം ഭരിക്കുന്നത്.
ഗവർണർ പറഞ്ഞത് തെറ്റാണെങ്കിൽ മന്ത്രി എംബി രാജേഷ് ഫേസ്ബുക്ക് പോസ്റ്റ് മുക്കി ഓടിയത് എന്തിനാണെന്ന് കെ.സുരേന്ദ്രൻ ചോദിച്ചു. ഗവർണർ അഴിമതിയുംസ്വജനപക്ഷപാതവുമാണ് ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ഗവർണറെ അധിക്ഷേപിക്കുന്നതിന് പകരം അഴിമതിയും ബന്ധു നിയമനങ്ങളും അവസാനിപ്പിക്കുകയാണ് സർക്കാർ ചെയ്യേണ്ടത്. കേരള പൊലീസ് അസോസിയേഷൻ സിപിഎമ്മിന്റെ പോഷക സംഘടനയായി മാറിയിരിക്കുകയാണ്. പൊലീസ് അസോസിയേഷന്റെ ഒഫീഷ്യൽ മാസികയായ കാവൽ കൈരളിയിൽ വന്ന ഹിന്ദുവിരുദ്ധ സൃഷ്ടിയെ കുറിച്ച് പ്രതികരിക്കവെ ബിജെപി അദ്ധ്യക്ഷൻ പറഞ്ഞു.
പൊലീസ് അസോസിയേഷൻ കെപിസിസി പ്രസിഡന്റ് കെ.സുധാകരന് പഠിക്കുകയാണ്. അവർക്ക് രാമായണത്തെ കുറിച്ചും ഹനുമാനെ കുറിച്ചും ഒന്നും അറിയില്ല. എന്നിട്ടും വളരെ മ്ലേച്ചമായ പരാമർശമാണ് രാമായണത്തെ കുറിച്ച് അവർ നടത്തുന്നത്. എകെജി സെന്ററിൽ നിന്നല്ല പൊലീസുകാർക്ക് ശമ്പളം കിട്ടുന്നതെന്ന് അവർ ഓർക്കണമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. 'വിദേശയാത്രയില്‍ മുഖ്യമന്ത്രിയുടെ വിശദീകരണം പൊള്ള,പ്രഖ്യാപനങ്ങളല്ലാതെ മറ്റൊന്നും നടക്കുന്നില്ല' വി ഡി സതീശന്‍