
കോട്ടയം: കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളിയിൽ പൊലീസുകാരൻ പ്രതിയായ മാങ്ങ മോഷണ കേസ് ഒത്തു തീർപ്പാക്കാനുള്ള നടപടിയിൽ എതിർപ്പറിയിച്ച് പൊലീസ്. കേസ് ഒത്തുതീർപ്പാക്കിയാൽ അത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും മോഷണം നടത്തിയ പ്രതി പൊലീസുകാരനാണ് എന്ന വസ്തുത ഗൗരവതരമെന്നും പൊലീസ് റിപ്പോർട്ടിൽ പറയുന്നു. കാഞ്ഞിരപ്പള്ളി കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് പൊലീസ് ഒത്തു തീർപ്പ് നീക്കത്തിൽ എതിർപ്പറിയിച്ചത്. പ്രതിയുടെ മുൻ ക്രിമിനൽ പശ്ചാത്തലം കൂടി കണക്കിലെടുക്കണം എന്നും റിപ്പോർട്ടിൽ ആവശ്യമുന്നയിച്ചിട്ടുണ്ട്. കേസ് അടുത്ത ദിവസത്തേക്ക് മാറ്റി.
കേസുമായി മുന്നോട്ട് പോകാൻ താൽപര്യമില്ലെന്ന് കാട്ടി പരാതിക്കാരനായ പഴക്കച്ചവടക്കാരൻ കാഞ്ഞിരപ്പള്ളി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകി. കഴിഞ്ഞ മാസം മുപ്പതിനാണ് ഇടുക്കി എആര്‍ ക്യാമ്പിലെ പൊലീസുകാരനായ പി വി ഷിഹാബ് കാഞ്ഞിരപ്പളളിയിലെ പഴക്കടയില്‍ നിന്ന് മാമ്പഴം മോഷ്ടിച്ചത്. വില്‍പ്പനയ്ക്കായി ഇറക്കി വച്ച കിലോയ്ക്ക് അറുന്നൂറ് രൂപ വരുന്ന പത്ത് കിലോ മാങ്ങയാണ് ഷിഹാബ് കട്ടത്. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പ്രചരിച്ചതിന് പിന്നാലെ ഷിഹാബ് ഒളിവില്‍ പോവുകയായിരുന്നു. സംഭവം വിവാദമായതിന് പിന്നാലെ ഈ മാസം മൂന്നാം തീയതി ഷിഹാബിനെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു. എന്നിട്ടും ഷിഹാബിനെ അറസ്റ്റ് ചെയ്യാന്‍ കാഞ്ഞിരപ്പളളി പൊലീസിന് കഴിഞ്ഞിട്ടില്ല.
പൊലീസുകാരനായ ഷിഹാബിന് പൊലീസിന്‍റെ അന്വേഷണ വഴികളെ കുറിച്ച് നല്ല ധാരണയുണ്ട്. ഇത് തന്നെയാണ് ഷിഹാബിലേക്ക് എത്താന്‍ കാഞ്ഞിരപ്പളളി പൊലീസിന് മുന്നിലെ തടസവും. ഷിഹാബ് തൃശൂരിലും പാലക്കാടും ചെന്നെന്ന സൂചനകള്‍ പൊലീസിന് കിട്ടിയിരുന്നു. എന്നാല്‍ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആക്കിയതോടെയാണ് ഷിഹാബ് എവിടെയെന്നതിനെ പറ്റി ഒരു സൂചനയും പൊലീസിന് കിട്ടാതായത്.
മാങ്ങാ മോഷണ കേസ് ഒത്ത് തീർപ്പിലേക്ക്; പരാതിക്കാരന് കോടതിയിൽ അപേക്ഷ നൽകി
കെ എം ബഷീറിനെ വാഹനമിടിച്ച് കൊന്ന കേസ്: കൊലക്കുറ്റം ഒഴിവാക്കി,വാഹന അപകട കേസായി മാത്രം വിചാരണ
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam