
കോട്ടയം:ജനങ്ങളെ കബളിപ്പിച്ച സർക്കാർ അത് മറയ്ക്കാൻ നടത്തുന്ന അശ്ലീല നാടകമാണ് നവകേരള സദസ്സെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആരോപിച്ചു.ജനങ്ങളോട് സർക്കാർ ആകാശവാണിയാകുന്ന കാഴ്ചയാണ് നവകേരള സദസ്സില്‍ നടക്കുന്നത്. അഞ്ച് മാസം മുമ്പ് മന്ത്രിമാർ നടത്തിയ താലൂക്ക് തല അദാലത്തിൽ നൽകിയ പരാതികൾ പോലും പരിഹരിക്കപ്പെട്ടില്ല. ജനങ്ങളുടെ ചെലവിൽ നടക്കുന്ന നാടകമാണിത്. എന്തു പ്രയോജനമാണ് ഇതു കൊണ്ട് ഉണ്ടാകുന്നതെന്നും വിഡി സതീശന്‍ ചോദിച്ചു. 9 ലക്ഷം പേർ ലൈഫിൽ വീടിന് കാത്തിരിക്കുകയാണ്. സപ്ലൈക്കോ പൂട്ടാറായി. കുട്ടികളുടെ ഉച്ചഭക്ഷണത്തിന് പോലും പണം നൽകാത്ത സർക്കാർ കെട്ടുകാഴ്ച നടത്തുകയാണ്. ഡിസംബർ രണ്ടു മുതൽ 22 വരെ 140 നിയോജക മണ്ഡലങ്ങളിലും യുഡിഎഫ് വിചാരണ സദസ്സം ഘടിപ്പിക്കും.
ഭയപ്പെടുത്തി കൊണ്ടുവരുന്ന ആളുകളല്ലാതെ ആരും സർക്കാരിന്‍റെ കെട്ടുകാഴ്ച കാണാൻ പോകുന്നില്ല. സംഘാടനം സി പി എമ്മും ചെലവ് നാട്ടുകാരുമാണ് വഹിക്കുന്നത്. യുഡിഎഫിലെ ഒരാളും ഇതിന്റെ ഭാഗമാവില്ല. എൻ എ നെല്ലിക്കുന്ന് നവകേരള സദസിനെ പരിഹസിച്ചതാണ്. സി പി എമ്മും ബിജെപിയും യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പ് എന്നു പറഞ്ഞ് ഇറങ്ങിയിരിക്കുകയാണിപ്പോള്‍. എന്തെങ്കിലും പുഴുക്കുത്ത് ഉണ്ടെങ്കിൽ പുറത്തു വരട്ടെ. ഏത് അന്വേഷണവും നടക്കട്ടെ. കേരള ബാങ്കിലെ ലീഗ് പ്രാതിനിത്യം യുഡിഎഫ് ചർച്ച ചെയ്യും. റോബിൻ ബസിന് ബാധകമാവുന്ന നിയമം മുഖ്യമന്ത്രിയുടെ വാഹനത്തിന് ഇല്ലേയെന്നും വിഡി സതീശന്‍ ചോദിച്ചു.റോബിൻ ബസ് നിയമ ലംഘനം നടത്തിയെങ്കിൽ അതിന് ആനുപാതികമായ നിയമ നടപടി വേണം. ഇത് പിന്നാലെ നടന്ന് വേട്ടയാടുകയാണ്.രാജാവിന് ഒരു നിയമവും പ്രജകൾക്ക് മറ്റൊരു നിയമവും എന്ന രീതി പാടില്ല.സർക്കാർ പ്രതിസന്ധിയിലാകുമ്പോൾ ഗവർണർ മുഖ്യമന്ത്രി തർക്കമെന്ന നാടകം എപ്പോഴും വരുമെന്നും വിഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam