
കൊല്ലം : കൊല്ലം കടയ്ക്കോട് ആത്മഹത്യ ചെയ്ത, കൊല്ലം കോർപ്പറേഷൻ ജീവനക്കാരനായിരുന്ന വി ബിജുവിന്റെ ആത്മഹത്യാ കുറിപ്പ് പുറത്ത്. കോര്‍പ്പറേഷനിലെ ഉദ്യോഗസ്ഥരിൽ നിന്നും പണം പലിശക്ക് വാങ്ങിയിരുന്നുവെന്നും ഇവരുടെ മാനസിക പീഡനം മൂലം ജീവിതം മുന്നോട്ട് കൊണ്ടു പോകാൻ കഴിയുന്നില്ലെന്നും കത്തിൽ പറയുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് കൊല്ലം റൂറൽ എസ്പിക്ക് ബിജുവിന്റെ കുടുംബം പരാതി നൽകി.
കൊല്ലം കോര്‍പ്പറേഷനിൽ വൻ ബ്ലേഡ് മാഫിയ സംഘം പ്രവര്‍ത്തിക്കുന്നതായാണ് കോര്‍പ്പറേഷനിലെ ഡ്രൈവറായിരുന്ന ബിജുവിന്റെ ആത്മഹത്യക്കുറിപ്പിൽ പറയുന്നത്. ഏഴ് ജീവനക്കാരുടെ പേരും ബിജു കത്തിൽ കുറിച്ചിട്ടുണ്ട്. ഇതിൽ പലരും കോര്‍പ്പറേഷനിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരാണ്. താൻ വാങ്ങിയ തുകയുടെ അഞ്ചിരട്ടിയിലധികം തിരിച്ചടച്ചിട്ടും ബ്ലേഡ് മാഫിയ സംഘം മാനസികമായി പീഡിപ്പിക്കുകയാണെന്നാണ് ബിജുവിന്റെ ആരോപണം. ഇവരുടെ ഭീഷണി മൂലം ജീവിക്കാനാകാത്ത അവസ്ഥയിലാണ്. തന്റെ മക്കളുടെ പഠനത്തിന് പോലും പണമില്ലെന്നും ബിജുവിന്റെ ആത്മഹത്യക്കുറിപ്പിൽ പറയുന്നു.
തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ പൂര്‍ണ്ണ ഉത്തരവാദികൾ ഈ ഉദ്യോഗസ്ഥരാണെന്നും കോർപ്പറേഷനിലെ നിരവധി ജീവനക്കാർ ബ്ലേഡ് മാഫിയയുടെ പിടിയിലാണെന്നും റൂറൽ എസ്പിക്ക് എഴുതിയ കത്തിൽ ബിജു കുറിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് കടയ്ക്കോട് സ്വദേശിയായ ബിജുവിനെ പുരയിടത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കത്തിൽ പേരുള്ള ഉദ്യോഗസ്ഥരിൽ നിന്നും എഴുകോണ്‍ പൊലീസ് മൊഴിയെടുത്തു. പലിശക്കല്ല, ബിജുവിന് പണം കടം കൊടുക്കുക മാത്രമാണ് ചെയ്തതെന്നാണ് ഇവർ നൽകിയ മൊഴി. ബിജുവിന്റെ മരണത്തിന് ഉത്തരവാദികളായവരെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ഭാര്യ ബിന്ദുമോൾ കൊല്ലം റൂറൽ പോലീസ് മേധാവിക്കും പരാതി നൽകിയിട്ടുണ്ട്.