സംസ്ഥാനത്ത് ആധാരങ്ങൾ 10 ലക്ഷം കടന്നു, എട്ട് വർഷങ്ങൾക്ക് ശേഷം റെക്കോർഡ് നേട്ടവുമായി രജിസ്‌ട്രേഷൻ വകുപ്പ്

Published : Apr 02, 2023, 10:55 AM ISTUpdated : Apr 02, 2023, 05:12 PM IST
സംസ്ഥാനത്ത് ആധാരങ്ങൾ 10 ലക്ഷം കടന്നു, എട്ട് വർഷങ്ങൾക്ക് ശേഷം റെക്കോർഡ് നേട്ടവുമായി രജിസ്‌ട്രേഷൻ വകുപ്പ്

Synopsis

 2014 -15 ല്‍ 10,53,918 ആധാരങ്ങള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇത്തവണ 10,36,863 ആധാരങ്ങള്‍ രജിസ്റ്റര്‍ ചെയ്തു. ബജറ്റ് ലക്ഷ്യം വച്ചതിനേക്കാള്‍ 1137.87 കോടി രൂപയുടെ അധിക വരുമാനം നേടി രജിസ്‌ട്രേഷന്‍ വകുപ്പ്

തിരുവനന്തപുരം:  ബജറ്റ് ലക്ഷ്യം വച്ചതിനേക്കാള്‍ 1137.87 കോടി രൂപയുടെ അധിക വരുമാനം നേടി രജിസ്‌ട്രേഷന്‍ വകുപ്പ്. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 5662.12 കോടി രൂപയാണ് വരുമാനം. ബജറ്റ് ലക്ഷ്യം വച്ചതാകട്ടെ 4524.25 കോടി രൂപയായിരുന്നു. സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തില്‍ 4138.57 കോടി രൂപയും രജിസ്‌ട്രേഷന്‍ ഫീസിനത്തില്‍ 1523.54 കോടി രൂപയുമാണ് നേടിയത്. എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ആധാരങ്ങളുടെ എണ്ണം പത്ത് ലക്ഷം കടന്നു.

ഇതിനു മുമ്പ് 2014 -15 ല്‍ 10,53,918 ആധാരങ്ങള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇത്തവണ 10,36,863 ആധാരങ്ങള്‍ രജിസ്റ്റര്‍ ചെയ്തു. 2021-22 സാമ്പത്തിക വര്‍ഷം 9,26,487 ആധാരങ്ങള്‍ രജിസ്റ്റര്‍ ചെയ്യുകയും 4431.89 കോടി വരുമാനം സൃഷ്ടിക്കുകയും ചെയ്തിരുന്നു. ഇത്തവണ 1,10,376 ആധാരങ്ങള്‍ അധികം രജിസ്റ്റര്‍ ചെയ്തു. വരുമാനത്തില്‍ 1230.23 കോടി രൂപയുടെ വര്‍ദ്ധന സൃഷ്ടിക്കുകയുമുണ്ടായി. 

വരുമാനത്തില്‍ എറണാകുളം ജില്ലയാണ് ഒന്നാം സ്ഥാനത്ത്. തിരുവനന്തപുരം ജില്ല രണ്ടാം സ്ഥാനത്താണ്. ഏറ്റവും കുറഞ്ഞ വരുമാനം നേടിയത് വയനാട് ജില്ലയാണെങ്കിലും ബജറ്റ് ലക്ഷ്യം പൂര്‍ണമായും കൈവരിക്കാന്‍ കഴിഞ്ഞു. എല്ലാ ജില്ലകളും ബജറ്റ് ലക്ഷ്യം മറികടക്കുന്നതിന് കാര്യക്ഷമമായ പ്രവര്‍ത്തനങ്ങളാണ് നടത്തിയത്. ന്യായവില വര്‍ദ്ധന മുന്നില്‍ കണ്ട് മാര്‍ച്ച് മാസം രജിസ്‌ട്രേഷനുകളുടെ എണ്ണം കൂടിയിരുന്നു. 1,37,906 ആധാരങ്ങളാണ് മാര്‍ച്ചില്‍ മാത്രം രജിസ്റ്റര്‍ ചെയ്തത്. 950.37 കോടി രൂപയുടെ വരുമാനവും നേടി. 2022 മാര്‍ച്ചില്‍ 1,16,587 ആധാരങ്ങളായിരുന്നു രജിസ്റ്റര്‍ ചെയ്തത്. വരുമാനമാകട്ടെ 627.97 കോടി രൂപയും. ഇത്തവണ ഫെബ്രുവരി മാസത്തില്‍ തന്നെ ബജറ്റ് ലക്ഷ്യം വച്ചതിനേക്കാള്‍ കൂടുതല്‍ വരുമാനം നേടിയിരുന്നു.

മാര്‍ച്ച് മാസത്തിലുണ്ടാകാനിടയുള്ള രജിസ്‌ട്രേഷനുകളുടെ വര്‍ദ്ധന കണക്കിലെടുത്ത് ഓണ്‍ലൈന്‍ സംവിധാനമായ പിഇഎആര്‍എല്‍ തടസം കൂടാതെ പ്രവര്‍ത്തിക്കുന്നതിനുള്ള മുന്‍കരുതല്‍ രജിസ്‌ട്രേഷന്‍ വകുപ്പ് സ്വീകരിച്ചിരുന്നു. തടസങ്ങളുണ്ടായാല്‍ പരിഹരിക്കാനുള്ള സംവിധാനങ്ങളും ഏര്‍പ്പെടുത്തിയിരുന്നു. ഇതാണ് തടസ രഹിതമായ സേവനത്തിന് സഹായകമായത്. രജിസ്‌ട്രേഷന്‍ വകുപ്പിന് റിക്കോര്‍ഡ് വരുമാന നേട്ടമുണ്ടാക്കാന്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥരെയും ആധാരമെഴുത്തുകാരെയും അനുബന്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയവരെയും രജിസ്‌ട്രേഷന്‍, സഹകരണം വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ അഭിനന്ദിച്ചു.

PREV
click me!

Recommended Stories

തീപാറും പോരാട്ടം! നിശബ്ദ പ്രചാരണവും താണ്ടി തലസ്ഥാനമടക്കം 7 ജില്ലകൾ ഇന്ന് പോളിങ് ബൂത്തിൽ, രാഷ്‌ട്രീയാവേശം അലതല്ലി വടക്ക് കൊട്ടിക്കലാശം
കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം