അന്നപൂര്‍ണ ഹോട്ടലില്‍ അപ്രതീക്ഷിത അതിഥിയായി സ്റ്റാലിന്‍;  കുശലം പറഞ്ഞ് ഭക്ഷണം കഴിച്ച് മടക്കം

Published : Apr 02, 2023, 10:17 AM IST
അന്നപൂര്‍ണ ഹോട്ടലില്‍ അപ്രതീക്ഷിത അതിഥിയായി സ്റ്റാലിന്‍;  കുശലം പറഞ്ഞ് ഭക്ഷണം കഴിച്ച് മടക്കം

Synopsis

തമിഴ്‌നാട് മുഖ്യമന്ത്രിയെ പെട്ടെന്ന് കണ്ടപ്പോള്‍ ഹോട്ടലിലുണ്ടായിരുന്നവരും ജീവനക്കാരും ആദ്യം അമ്പരന്നു.

കൊച്ചി: വടക്കന്‍ പറവൂരിലെ അന്നപൂര്‍ണ ഹോട്ടലില്‍ അപ്രതീക്ഷിത അതിഥിയായി തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. വൈക്കം സത്യാഗ്രഹം ശതാബ്ദി ആഘോഷത്തിന്റെ ഉദ്ഘാടനം കഴിഞ്ഞ് മടങ്ങുമ്പോഴാണ് സ്റ്റാലിന്‍ അന്നപൂര്‍ണ ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയത്. തമിഴ്‌നാട് മുഖ്യമന്ത്രിയെ പെട്ടെന്ന് കണ്ടപ്പോള്‍ ഹോട്ടലിലുണ്ടായിരുന്നവരും ജീവനക്കാരും ആദ്യം അമ്പരന്നു. പിന്നീട് അവര്‍ക്കൊപ്പം ഭക്ഷണം കഴിച്ച ശേഷം, കുശലം പറഞ്ഞ് ചിത്രങ്ങളും എടുത്ത ശേഷമാണ് സ്റ്റാലിന്‍ മടങ്ങിയത്. നെടുമ്പാശേരിയിലെ സ്വകാര്യ ഹോട്ടലിലെത്തിയ സ്റ്റാലിന്‍ ഇന്ന് രാവിലെ ചെന്നൈയ്ക്ക് മടങ്ങി. 

ഇന്നലെ ഉച്ചയോടെയാണ് വൈക്കം സത്യാഗ്രഹം ശതാബ്ദി ആഘോഷത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാനായി സ്റ്റാലിന്‍ കേരളത്തിലെത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനും സ്റ്റാലിനും ചേര്‍ന്നാണ് ആഘോഷപരിപാടി ഉദ്ഘാടനം ചെയ്തത്. നാലു മണിയോടെ വൈക്കം വലിയ കവലയിലെ തന്തൈ പെരിയാര്‍ സ്മാരകത്തിലെത്തിയ ഇരുവരും സ്മൃതി മണ്ഡപങ്ങളില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് വേദിയിലേക്കെത്തിയത്. മലയാളത്തില്‍ സംസാരിച്ച് കൊണ്ടാണ് സ്റ്റാലിന്‍ പ്രസംഗം ആരംഭിച്ചത്. പരിപാടി സംഘടിപ്പിച്ചതിന് തമിഴ്മക്കളുടെ പേരില്‍ നന്ദി അറിയിക്കുന്നുയെന്നാണ് തുടക്കത്തില്‍ അദ്ദേഹം പറഞ്ഞത്. പിന്നാലെ പിണറായി വിജയനുമായുള്ള ബന്ധത്തെക്കുറിച്ചാണ് സംസാരിച്ചത്. 'ഉടല്‍ കൊണ്ട് രണ്ടുപേരെങ്കിലും ചിന്ത കൊണ്ട് ഞങ്ങള്‍ രണ്ടുപേരും ഒന്ന്' എന്നായിരുന്നു ആ ബന്ധത്തെ സ്റ്റാലിന്‍ വിവരിച്ചത്. 

വൈക്കത്ത് നടന്നത് ഇന്ത്യക്ക് വഴികാട്ടിയായ പോരാട്ടമാണെന്നും രാജ്യത്ത് പലയിടത്തും അയിത്ത വിരുദ്ധസമരത്തിന് പ്രചോദനമായത് വൈക്കം സത്യഗ്രഹസമരമാണെന്നും സ്റ്റാലിന്‍ അഭിപ്രായപ്പെട്ടു. വൈക്കം സത്യഗ്രഹം തമിഴ്‌നാട്ടിലും മാറ്റങ്ങളുണ്ടാക്കി. വൈക്കത്ത് എത്തണമെന്നത് വലിയ ആഗ്രഹമായിരുന്നു. അതുകൊണ്ടാണ് മന്ത്രിസഭയോഗം ചേരുന്ന സമയമായിരുന്നിട്ടും പരിപാടിയില്‍ പങ്കെടുക്കുന്നതിനായി ഇവിടെ എത്തിയതെന്ന് സ്റ്റാലിന്‍ പറഞ്ഞു. ചാതുര്‍വര്‍ണ്യത്തിനെതിരായ യുദ്ധകാഹളമാണ് വൈക്കത്ത് മുഴങ്ങിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നവോത്ഥാന പോരാട്ടങ്ങള്‍ ഒറ്റതിരിഞ്ഞ് നടത്തേണ്ടതല്ല. സമരങ്ങളില്‍ തമിഴ്‌നാടിനും കേരളത്തിനും ഒരേ പാരമ്പര്യമാണ്. സാമുദായിക രാഷ്ട്രീയനേതൃത്വത്തിലുണ്ടായ അപൂര്‍വ്വസമരമായിരുന്നു വൈക്കത്തേതെന്നും പിണറായി വിജയന്‍ പറഞ്ഞു.

PREV
Read more Articles on
click me!

Recommended Stories

അതിർത്തി തർക്കം; അയൽവാസി കമ്പിവടി കൊണ്ട് തലയ്ക്കടിച്ച കർഷകൻ മരിച്ചു
ജി സുധാകരനെ സന്ദർശിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയൻ; പറവൂരിലെ വീട്ടിലെത്തിയായിരുന്നു സന്ദർശനം