ഉപയോഗിക്കാതെ ഇട്ടിരുന്ന 108 ആംബുലന്‍സുകള്‍ നിരത്തിലിറക്കി

By Web TeamFirst Published May 9, 2019, 12:12 PM IST
Highlights

വാങ്ങിയ ശേഷം വാഹനങ്ങള്‍ തിരുവനന്തപുരം പുലയനാര്‍കോട്ട നെഞ്ചുരോഗ ആശുപത്രി വളപ്പില്‍  ഇട്ടിരിക്കുകയായിരുന്നു. മൂന്ന് മാസത്തിലേറെയായി മഴയും വെയിലുമേറ്റ് വാഹനങ്ങള്‍ ഇവിടെ കിടന്നതോടെ മനുഷ്യാവകാശ കമ്മിഷനടക്കം ഇടപെട്ടു. 

തിരുവനന്തപുരം: വാങ്ങിയശേഷം ഉപയോഗിക്കാതെ ഇട്ടിരുന്ന 108 എമര്‍ജന്‍സി സര്‍വ്വീസ് ആംബുലന്‍സുകള്‍ നിരത്തിലിറക്കി. 10 ആംബുലന്‍സുകളാണ് കഴിഞ്ഞ ദിവസം ആശുപത്രികള്‍ക്ക് കൈമാറിയത്. മാസങ്ങള്‍ക്ക് മുന്‍പ്  വാങ്ങിയ ആംബുലൻസുകള്‍ നിരത്തിലിറക്കാത്തത് വിവാദമായതോടെയാണ് നടപടി.

ആറ് ആംബുലൻസുകള്‍ തിരുവനന്തപുരത്തിനും നാലെണ്ണം ആലപ്പുഴക്കുമാണ് കൈമാറിയത്. വാങ്ങിയ ശേഷം വാഹനങ്ങള്‍ തിരുവനന്തപുരം പുലയനാര്‍കോട്ട നെഞ്ചുരോഗ ആശുപത്രി വളപ്പില്‍  ഇട്ടിരിക്കുകയായിരുന്നു. മൂന്ന് മാസത്തിലേറെയായി മഴയും വെയിലുമേറ്റ് വാഹനങ്ങള്‍ ഇവിടെ കിടന്നതോടെ മനുഷ്യാവകാശ കമ്മിഷനടക്കം ഇടപെട്ടു. ഇതോടെയാണ് ആംബുലൻസുകള്‍ നിരത്തിലിറക്കാൻ നടപടി എടുത്തത്.

ഓക്സിജൻ സിലിണ്ടർ കിട്ടാനുണ്ടായ കാലതാമസമായിരുന്നു ആംബുലൻസ് സര്‍വീസ് തുടങ്ങാൻ വൈകിയതെന്നായിരുന്നു ഔദ്യോഗിക വിശദീകരണം. പൂര്‍ണമായും എയര്‍ കണ്ടീഷൻ ചെയ്ത വാഹനത്തില്‍ അത്യാധുനിക രീതിയിലുള്ള സ്ട്രെച്ചര്‍ ഉണ്ട്. ഓക്സിജൻ സിലിണ്ടറും സക്ഷൻ അപ്പാരറ്റസും അടക്കം ഉപകരണങ്ങള്‍ ഘടിപ്പിച്ചിട്ടുണ്ട്. നിലവിലുള്ള 108 ആംബുലൻസുകള്‍ മിക്കതും കട്ടപ്പുറത്തായതോടെയാണ് രണ്ട് കോടി രൂപ ചെലവില്‍ പുതിയ ബേസിക് ലൈഫ് സപ്പോര്‍ട്ട് ആംബുലൻസുകൾ വാങ്ങിയത്.

click me!