തെച്ചിക്കോട്ട് രാമചന്ദ്രന്‍റെ വിലക്ക് മാറ്റിയിട്ടില്ല; പൂരത്തിന് കര്‍ശന നിലപാടുമായി ടി വി അനുപമ

By Web TeamFirst Published May 9, 2019, 11:48 AM IST
Highlights

ആരോഗ്യപ്രശ്നങ്ങളുള്ള ആനകൾക്ക് മെയ് 12 മുതൽ 14 വരെ തൃശൂരില്‍ വിലക്ക്. തൃശൂ‍ർ ജില്ലാ കളക്ടറാണ് തീരുമാനങ്ങൾ പ്രഖ്യാപിച്ചത്.തെച്ചിക്കോട്ടുകാവ് രാമച്ചന്ദ്രന്റെ വിലക്ക് നീക്കിയിട്ടില്ലെന്നും കളക്ടര്‍.

തൃശൂര്‍: തൃശൂര്‍ പൂരം അനുബന്ധിച്ച് ആനകളുടെ എഴുന്നള്ളിപ്പില്‍ കര്‍ശന നിലപാടുമായി തൃശൂര്‍ കളക്ടര്‍ ടി വി അനുപമ. മെയ് 12 മുതൽ 14 വരെ നീരുള്ളതും അപകടാവസ്ഥയിലുള്ളതും ശബ്ദം കേട്ടാൽ വിരണ്ടോടുന്നതുമായ ആനകൾക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് അനുപമ അറിയിച്ചു. ഇത്തരം ആനകളെ ഈ ദിവസങ്ങളിൽ തൃശൂർ നഗരത്തിൽ പ്രവേശിപ്പിക്കരുതെന്നും കളക്ടര്‍ വ്യക്തമാക്കി.

തെച്ചിക്കോട്ടുകാവ് രാമച്ചന്ദ്രന്റെ വിലക്ക് നീക്കിയിട്ടില്ലെന്നും  ടി വി അനുപമ അറിയിച്ചു. നാളത്തെ കോടതി വിധിയ്ക്കനുസരിച്ച് വിലക്കിന്‍റെ കാര്യം തീരുമാനിക്കും. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് ഉത്സവങ്ങള്‍ക്ക് പങ്കെടുക്കാന്‍ വിലക്കേര്‍പ്പെടുത്തിയതില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെ കര്‍ശന നിലപാടുകളില്‍ ഉറച്ച് നില്‍ക്കുകയാണ് തൃശൂര്‍ കളക്ടര്‍ ടി വി അനുപമ.

ഇതേസമയം, തൃശൂർ പൂരത്തിന്‍റെ കാര്യത്തിൽ ദിവസങ്ങളായി തുട‍ർന്ന് വരുന്ന പ്രതിസന്ധി ഒഴിവാക്കാൻ ദേവസ്വം മന്ത്രി ആന ഓണേഴ്സ് ഫെഡറേഷൻ നേതാക്കളുമായി ഇന്ന് ചർച്ച നടത്തും. വൈകീട്ട് നാല് മണിക്ക് മന്ത്രിയുടെ ഓഫീസിലാണ് ചർച്ച. കൃഷി വകുപ്പ്, വനം വകുപ്പ് മന്ത്രിമാരും ചർച്ചയിൽ പങ്കെടുത്തേക്കും. വെള്ളിയാഴ്ചത്തെ കോടതി വിധി അനുസരിച്ച് തീരുമാനമെടുക്കുമെന്ന സർക്കാർ നിലപാട് ദേവസ്വം മന്ത്രി ചർച്ചയിൽ ആവർത്തിക്കും.

തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് ഉത്സവങ്ങള്‍ക്ക് പങ്കെടുക്കാന്‍ വിലക്കേര്‍പ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് ഇനി മെയ് 11 മുതൽ ഉത്സവങ്ങൾക്കും പൊതുപരിപാടികൾക്കും ആനകളെ നൽകില്ലെന്ന് ആന ഉടമകളുടെ സംഘടന പ്രഖ്യാപിച്ചത്. തൃശൂർ പൂരത്തിന് മറ്റ് ആനകളെയും വിട്ടു നൽകില്ല. മന്ത്രിതല യോഗത്തിൽ ഉണ്ടായ തീരുമാനം സർക്കാർ അട്ടിമറിച്ചു. ഉടമകൾ ആനകളെ പീഡിപ്പിച്ച് കോടികൾ ഉണ്ടാക്കുന്നുവെന്ന വനം മന്ത്രിയുടെ പ്രസ്താവന പ്രതിഷേധാർഹമാണെന്നും സംഘടന വ്യക്തമാക്കിയിരുന്നു. 

ഉടമകൾക്ക് കാശുണ്ടാക്കുന്നതിനുള്ള മാർഗം മാത്രമല്ല ആനയെന്നും തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍റെ വിലക്ക് പിൻവലിക്കും വരെ ബഹിഷ്കരണം തുടരുമെന്നും സംഘടന പറഞ്ഞിരുന്നു. വനംവകുപ്പ് ഉദ്യോസ്ഥർ വനം മന്ത്രിയെ തെറ്റിദ്ധരിപ്പിച്ചു. സർക്കാർ തങ്ങള്‍ക്ക് അനുകൂലമായ തീരുമാനം എടുക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. വനം മന്ത്രിയുടെ തീരുമാനം നിരുത്തരവാദപരമാണ്. എല്ലാ ആന ഉടമകളും തീരുമാനത്തിൽ ഒന്നിച്ചു നിൽക്കുമെന്നും ആന ഉടമകളുടെ സംഘടന പറഞ്ഞു. 

click me!