കാസർകോട് ആശങ്ക അകലുന്നു; സിപിഎം നേതാവുമായി ഇടപഴകിയ 10 പേരുടെ ഫലം നെഗറ്റീവ്

Web Desk   | Asianet News
Published : May 17, 2020, 02:20 PM IST
കാസർകോട് ആശങ്ക അകലുന്നു; സിപിഎം നേതാവുമായി ഇടപഴകിയ 10 പേരുടെ ഫലം നെഗറ്റീവ്

Synopsis

ഇവരുമായി നേരിട്ട് സമ്പർക്കം പുലർത്തിയ ജില്ലയിലെ മൂന്ന് ഡോക്ടർമാരുടെ ഫലം നെഗറ്റീവായതിൽ ഉൾപ്പെടുന്നു. പൊതുപ്രവർത്തകൻ കൊണ്ടുപോയ രോഗിയുടെ ഫലവും നെഗറ്റീവാണ്

കാസർകോട്: ജില്ലയിൽ സിപിഎം പ്രാദേശിക നേതാവിനും കുടുംബാംഗങ്ങൾക്കും കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ഉയർന്ന ആശങ്ക അകലുന്നു. കൊവിഡ് സ്ഥിരീകരിച്ച ഇവരുമായി അടുത്ത് ഇടപഴകിയവരുടെ പരിശോധനാ ഫലം നെഗറ്റീവായി.

പ്രാഥമിക സമ്പർക്ക പട്ടികയിലെ  പത്ത് പേരുടെ സ്രവ പരിശോധനാ ഫലമാണ് നെഗറ്റീവായത്. ഇവരുമായി നേരിട്ട് സമ്പർക്കം പുലർത്തിയ ജില്ലയിലെ മൂന്ന് ഡോക്ടർമാരുടെ ഫലം നെഗറ്റീവായതിൽ ഉൾപ്പെടുന്നു. പൊതുപ്രവർത്തകൻ കൊണ്ടുപോയ രോഗിയുടെ ഫലവും നെഗറ്റീവാണ്. പ്രാഥമിക സമ്പർക്ക പട്ടികയിലെ ഹൈ റിസ്ക് വിഭാഗത്തിൽ പെടുന്ന 25 പേരുടെ സാമ്പിളുകളിൽ പത്ത് പേരുടെ ഫലമാണ് വന്നത്.

കൊവിഡ് സ്ഥിരീകരിച്ച ആളുമായി നേരിട്ട് ബന്ധപ്പെടാത്ത കുട്ടികൾക്ക് രോഗം ബാധിച്ചത് വലിയ ആശങ്കയായിരുന്നു ഉണ്ടാക്കിയത്. മഹാരാഷ്ട്രയില്‍ നിന്ന് യാത്രാനുമതിയില്ലാതെ തലപ്പാടിയിലെത്തിയ ബന്ധുവിനെ അതിര്‍ത്തി കടക്കാന്‍ സഹായിച്ച മ‍ഞ്ചേശ്വരത്തെ സിപിഎം നേതാവിന്‍റെ പ്രവര്‍ത്തിയെ പാർട്ടി ജില്ലാ നേതൃത്വം തള്ളിയിരുന്നു. പൊതുപ്രവര്‍ത്തനും ഭാര്യയായ പഞ്ചായത്തംഗവും ചേര്‍ന്നാണ് അനധികൃതമായി തലപ്പാടിയിലെത്തിയ ബന്ധുവിനെ പാസ്സ് എടുത്ത് അതിര്‍ത്തി കടത്തി കാറില്‍ വീട്ടിലെത്തിച്ചത്.

മഹാരാഷ്ട്രയിലെ രോഗബാധിത മേഖലയില്‍ നിന്ന് പുറപ്പെടും മുമ്പ് തന്നെ അക്കാര്യം ആരോഗ്യവകുപ്പിനെ അറിയിച്ചിരുന്നുവെങ്കിൽ ബന്ധുവില്‍ നിന്ന് രോഗം പകരുന്ന സാഹചര്യം തന്നെ ഒഴിവാക്കാമായിരുന്നു. പ്രാദേശിക നേതാവിനുണ്ടായ വീഴ്ചയെ തുടര്‍ന്നാണ് വലിയ പ്രതിസന്ധി ജില്ലയില്‍ ഉണ്ടായതെന്നും പാര്‍ട്ടിയില്‍ പരക്കെ അഭിപ്രായമുയര്‍ന്നിട്ടുണ്ട്. 

പ്രാദേശിക നേതാവിനും ഭാര്യയായ പഞ്ചായത്തംഗത്തിനും അറുപതുമുതല്‍ 80 വരെ സമ്പര്‍ക്കമുണ്ടായെന്നാണ് കരുതുന്നത്. ആശുപത്രികള്‍ സന്ദര്‍ശിച്ചതും ഗൗരവത്തോടെയാണ് പാര്‍ട്ടി കാണുന്നത്. ഡോക്ടര്‍മാരടക്കമുള്ള ആരോഗ്യപ്രവര്‍ത്തകര്‍ നിരീക്ഷണത്തില്‍ കഴിയേണ്ടിവന്നതും പഞ്ചായത്ത് ഓഫീസ് തന്നെ അടച്ചിടേണ്ടി വന്നതും ജാഗ്രതക്കുറവ് മൂലമുണ്ടായ വീഴ്ചയായിട്ടാണ് പാര്‍ട്ടി വിലയിരുത്തുന്നത്.

PREV
click me!

Recommended Stories

മലപ്പുറം മച്ചിങ്ങലിൽ വൻ തീപിടിത്തം; കാർ സ്പെയർ പാർട്‌സ് ഗോഡൗൺ കത്തിനശിച്ചു; തൊഴിലാളികൾ ഓടിരക്ഷപ്പെട്ടു
'കിച്ചണ്‍ ബിൻ പദ്ധതിയിൽ വൻ അഴിമതി'; നടന്നത് കോടികളുടെ അഴിമതിയെന്ന് ബിജെപി ആരോപണം