കൊവിഡ് 19: സംസ്ഥാനത്ത് സംസ്കരിച്ചത് നൂറ് ടണിലധികം ബയോ മെഡിക്കൽ മാലിന്യം

By Web TeamFirst Published May 17, 2020, 1:32 PM IST
Highlights

ആശുപത്രികളും കൊവിഡ് കെയർ സെൻററുകളുമുൾപ്പെടെ 141 സ്ഥാപനങ്ങളിൽ നിന്നാണ് മെഡിക്കൽ മാലിന്യം ശേഖരിക്കുന്നത്. ഒന്നര മുതൽ രണ്ട് ടൺ വരെ മാലിന്യം പ്രതിദിനമുണ്ടാകുന്നു. 

മലപ്പുറം: സംസ്ഥാനത്ത് കൊവിഡ് ബാധിതരിൽ നിന്നും നിരീക്ഷണത്തിലുള്ളവരിൽ നിന്നുമായി ശേഖരിച്ച് സംസ്കരിച്ചത് 100 ടണിലധികം ബയോ മെഡിക്കൽ മാലിന്യം. സംസ്ഥാനത്തെ മുഴുവൻ ആശുപത്രികളിലെയും കൊവിഡ് ബയോമെഡിക്കൽ മാലിന്യം സംസ്കരിക്കുന്ന ഇന്ത്യൻ
മെഡിക്കൽ അസോസിയേഷൻ നേതൃത്വത്തിലുള്ള ഇമേജിന്റെ കണക്കാണിത്.

ആശുപത്രികളും കൊവിഡ് കെയർ സെൻററുകളുമുൾപ്പെടെ 141 സ്ഥാപനങ്ങളിൽ നിന്നാണ് മെഡിക്കൽ മാലിന്യം ശേഖരിക്കുന്നത്. ഒന്നര മുതൽ രണ്ട് ടൺ വരെ മാലിന്യം പ്രതിദിനമുണ്ടാകുന്നു. പാലക്കാട് കഞ്ചിക്കോട് മാന്തുരുത്തിയിലെ ഇമേജിന്റെ സംസ്കരണ ശാലയിലെത്തിച്ചാണ് മാലിന്യം ശാസ്ത്രീയമായി കത്തിച്ച് കളയുന്നത്. മാസ്കും ശരീര സംരക്ഷണ കവചങ്ങളുമടക്കം അതിസുരക്ഷയോടെയാണ് കൊവിഡ് മാലിന്യം കൈകാര്യം ചെയ്യുക. പിന്നീട് പൂർണമായി അടച്ച വാഹനമുപയോഗിച്ചാണ് ഇവ കഞ്ചിക്കോട് എത്തിക്കുന്നത്.

അതേസമയം, മറ്റ് അസുഖങ്ങളുമായി വരുന്ന രോഗികളുടെ എണ്ണം കുറഞ്ഞതോടെ ബയോ മെഡിക്കൽ മാലിന്യത്തിൽ കുറവുണ്ടായിട്ടുണ്ട്. ദേശീയ-സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡുകളുടെ ഓൺലൈൻ നിരീക്ഷണത്തിലാണ് കഞ്ചിക്കോട്ടെ ഇമേജ് ശാലയിൽ സംസ്കരണം നടക്കുന്നത്.

click me!