സിപിഎം നിയന്ത്രണത്തിലുള്ള കരുവന്നൂർ സഹകരണ ബാങ്കിൽ നൂറ് കോടിയുടെ തട്ടിപ്പ്; ഭരണസമിതി പിരിച്ചു വിട്ടു

By Web TeamFirst Published Jul 19, 2021, 12:19 PM IST
Highlights

സായിലക്ഷ്മി എന്ന സ്ത്രീയുടെ ഭൂമിയുടെ ആധാരം പണയം വച്ച് മൂന്ന് കോടി രൂപ വായ്പ നൽകിയിട്ടുണ്ട്. എന്നാൽ ഇങ്ങനെയൊരു ഇടപാട് നടന്നതിനെക്കുറിച്ച് സായിലക്ഷ്മിക്ക് യാതൊരു അറിവുമില്ല. 

തൃശ്ശൂർ: കരുവന്നൂർ സഹകരണ ബാങ്കിൽ വൻ വായ്പാ തട്ടിപ്പ്. നൂറു കോടിയുടെ തട്ടിപ്പ് നടന്നുവെന്നാണ് സഹകരണ ജോയിൻ്റ് രജിസ്ട്രാററുടെ കണ്ടെത്തൽ. 46 പേരുടെ ആധാരത്തിൽ എടുത്ത വായ്പയുടെ തുക ഒരു വ്യക്തിയുടെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തതടക്കം വൻ തട്ടിപ്പുകളാണ് ബാങ്കിൽ നടന്നത്. 

പെരിങ്ങനം സ്വദേശി കിരൺ എന്നയാളുടെ അക്കൗണ്ടിലേക്ക് മാത്രം മറ്റുള്ളവരുടെ ആധാരം പണയം വച്ച് 23 കോടി രൂപ എത്തിയെന്നാണ് സൂചന. സായിലക്ഷ്മി എന്ന സ്ത്രീയുടെ ഭൂമിയുടെ ആധാരം പണയം വച്ച് മൂന്ന് കോടി രൂപ വായ്പ നൽകിയിട്ടുണ്ട്. എന്നാൽ ഇങ്ങനെയൊരു ഇടപാട് നടന്നതിനെക്കുറിച്ച് സായിലക്ഷ്മിക്ക് യാതൊരു അറിവുമില്ല. 

സിപിഎം നേതൃത്വത്തിലുള്ള ഭരണസമിതിയാണ് ബാങ്കിൻ്റെ തലപ്പത്തുള്ളത്. തട്ടിപ്പ് വിവരം കണ്ടെത്തിയതിനെ തുടർന്ന് സിപിഎം നേതാക്കൾ ഉൾപ്പെടുന്ന 13 അം​ഗഭരണസമിതി പിരിച്ചു വിട്ടിട്ടുണ്ട്. ബാങ്ക് സെക്രട്ടറിയടക്കം ആറ് ജീവനക്കാരെ പ്രതികളാക്കി ഇരിങ്ങാലക്കുട പൊലീസ് കേസെടുത്തിട്ടുണ്ട്. ബാങ്ക് ഭരണസമിതിക്കെതിരെ അന്വേഷണം വേണമെന്ന ആവശ്യവുമായി നാട്ടുകാരും രം​ഗത്ത് എത്തിയിട്ടുണ്ട്. 

സിപിഎം ഉന്നത നേതാക്കൾക്ക് ​ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് ബിജെപി ആരോപിച്ചു. ബാങ്ക് തട്ടിപ്പിനെതിരെ ഇഡിക്കും ആദായനികുതി വകുപ്പിനും ബിജെപി നേതാക്കൾ പരാതി കൊടുത്തിട്ടുണ്ട്. 2019-ൽ ഇതേ ബാങ്കിനെതിരെ തട്ടിപ്പ് ആരോപണവുമായി നാട്ടുകാർ രം​ഗത്ത് വന്നിരുന്നു. ഇതേ തുടർന്നാണ് രജിസ്ട്രാർ അന്വേഷണം നടത്തിയതും വൻ തട്ടിപ്പ് വിവരങ്ങൾ പുറത്തു വന്നതും. 
 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!