മിഷൻ 2026-ന്റെ ഭാഗമായി ജനുവരിയിൽ സീറ്റ് വിഭജനം പൂർത്തിയാക്കാനും ഫെബ്രുവരിയിൽ പ്രകടന പത്രിക പുറത്തിറക്കാനും യുഡിഎഫ് തീരുമാനിച്ചു. മുതിർന്ന നേതാക്കൾ ജില്ലകൾ സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തും.

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് നേരത്തെ ഒരുങ്ങാൻ യു ഡി എഫ് തയ്യാറെടുക്കുകയാണ്. മിഷൻ 2026 ന് ജനുവരിയിൽ രൂപം നൽകും. ജനുവരിയിൽ സീറ്റ് വിഭജനം പൂർത്തിയാക്കാനാണ് തീരുമാനം. ഫെബ്രുവരിയിൽ പ്രകടന പത്രിക പുറത്തിറക്കും.

തദ്ദേശ തെരഞ്ഞെടുപ്പിലെ വൻ വിജയത്തിന് ശേഷം യു ഡി എഫ് വിശ്രമിക്കാൻ തയ്യാറല്ല. അതിവേഗം ഫൈനൽ ജയിക്കാനുള്ള തന്ത്രങ്ങളിലേക്ക് കടക്കുകയാണ്. എന്നും മുന്നണിയിലെ തലവേദന സീറ്റ് വിഭജനമാണ്. എന്നാൽ ജനുവരി 15നുള്ളിൽ സീറ്റ് വിഭജനം പൂർത്തിയാക്കാനാണ് ധാരണ. ഓരോ കക്ഷികളുടെയും സീറ്റുകളിലെ സ്ഥാനാർത്ഥികളെ നേരത്തെ തീരുമാനിക്കണമെന്നും നിർദേശമുണ്ട്.

അതായത് കോൺഗ്രസ് മിഷൻ 2026 ലേക്ക് നീങ്ങുകയാണ്. മുതിർന്ന നേതാക്കൾ ജില്ലകളിലേക്ക് ഇറങ്ങും. തദ്ദേശ ജയം വിലയിരുത്തും. തോൽവിയുണ്ടായ സ്ഥലങ്ങളിൽ അത് പരിശോധിക്കും. തുടർ നടപടി ചർച്ച ചെയ്യും. നേതാക്കൾ കൊടുക്കുന്ന റിപ്പോർട്ട് ജനുവരിയിൽ ബത്തേരിയിലെ ക്യാമ്പ് ചർച്ച ചെയ്യുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു.

പ്രശ്നങ്ങളുണ്ടെങ്കിൽ അതിവേഗം തീർത്ത് ഒറ്റക്കെട്ടായി പോകാനും യോഗത്തിൽ തീരുമാനിച്ചു. അതേസമയം കോൺഗ്രസിൽ ആരാണ് പ്രധാന നായകൻ എന്നതിൽ തർക്കമുണ്ട്. എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ജാഥാ ക്യാപ്റ്റൻ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ തന്നെയായിരിക്കും.

തദ്ദേശ തെരഞ്ഞെടുപ്പിലെ വോട്ട് വിഹിതം

അതിനിടെ തദ്ദേശ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ പാർട്ടികൾക്ക് കിട്ടിയ വോട്ട് വിഹിതം തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ടു. കോൺഗ്രസ് 29.17%, സിപിഎം 27.16%, ബിജെപി 14.76%, മുസ്ലിം ലീഗ് 9.77%, സിപിഐ 5.58%. ബിജെപിക്ക് 20 ശതമാനത്തിന് മുകളിൽ വോട്ട് തിരുവനന്തപുരം ജില്ലയിൽ മാത്രമാണ്. സിപിഎമ്മിന് 30 ശതമാനത്തിന് മുകളിൽ വോട്ട് കിട്ടിയ് രണ്ട് ജില്ലകളിൽ മാത്രം- കണ്ണൂർ,പാലക്കാട്. കോൺഗ്രസിന് 30 ശതമാനത്തിന് മുകളിൽ വോട്ട് എട്ട് ജില്ലകളിൽ ലഭിച്ചു. തൃശ്ശൂർ മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളിലാണ് 30 ശതമാനത്തിന് മുകളിൽ വോട്ട് കിട്ടിയത്.

കൊച്ചി മേയറെ തീരുമാനിക്കാൻ യോഗം

കൊച്ചി മേയറെ തീരുമാനിക്കുന്നതിന് മുന്നോടിയായി എറണാകുളത്ത്‌ കോൺഗ്രസ്‌ പാർലമെന്ററി പാർട്ടി യോഗം.കോർപറേഷനിൽ ജയിച്ച കോൺഗ്രസ്‌ കൗൺസിലർമാരിൽ നിന്ന് ആരാവണം മേയർ എന്നതിൽ അഭിപ്രായം തേടും. ദീപ്തി മേരി വർഗീസിനാണ് സാധ്യത കൂടുതൽ. രണ്ടര വർഷത്തെ ടെം വ്യസ്ഥയിൽ മിനിമോൾക്കും ഷൈനി മാത്യുവിനുമായി നൽകണോ എന്നുമുള്ള ആലോചനയും നടക്കുന്നുണ്ട്.