
കളമശ്ശേരി: ആരോഗ്യ കേരളത്തിന് ഇത് അഭിമാന നിമിഷമാണിത്. നൂറ് വയസ്സിന് മുകളിലുള്ള മറ്റൊരു മലയാളി കൂടി കൊവിഡിനെ പൊരുതി തോൽപ്പിച്ച് വീട്ടിലേക്ക് മടങ്ങി. ആലുവ മാറമ്പള്ളി സ്വദേശി 103 കാരനായ പരീദാണ് ആരോഗ്യവാനായി ആശുപത്രി വിട്ടത്. കളമശ്ശേരി മെഡിക്കൽ കോളേജിലെ ജീവനക്കാര്‍ പൊന്നാടയണിയിച്ച് പൂക്കള്‍ നല്‍കിയാണ് പരീദിനെ സന്തോഷത്തോടെ വീട്ടിലേക്ക് യാത്രയാക്കിയത്. 20ദിവസം കൊണ്ടാണ് പരീദ് രോഗമുക്തി നേടിയത്.
ജൂലൈ 28 ന് ശക്തമായ പനിയും ശരീര വേദനയും കാരണമാണ് ഇദ്ദേഹത്തെ കൊവിഡ് പരിശോധനക്ക് വിധേയനായത്. കോവിഡ് സ്ഥിരീകരിച്ചതോടെ കളമശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഗുരുതര ലക്ഷണങ്ങള്‍ ഇല്ലെങ്കിലും ഉയര്‍ന്ന പ്രായം പരിഗണിച്ച് പ്രത്യേക മെഡിക്കല്‍ സംഘമാണ് പരീദിന് ചികിത്സ ഉറപ്പാക്കിയത്.
ദിവസേന കളമശ്ശേരി മെഡിക്കൽ കോളേജിലെ വിദഗ്ധ സംഘം പരിദീന്‍റെ ആരോഗ്യസ്ഥിതി വിലയിരുത്തി. മികച്ച പരിചരണത്തിലും പരീദിന്‍റെ ഇച്ഛാശക്തിയിലും 20 ദിവസത്തിൽ കൊവിഡ് ഈ 103 വയസ്സുകാരന് മുന്നിൽ മുട്ടുമടക്കി.പരീദിന്‍റെ ഭാര്യക്കും, മകനും നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
ഇവരും രോഗം ഭേദമായതിനെ തുടർന്ന് ആശുപത്രി വിട്ടു. കൊല്ലം പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ നിന്നും 105 വയസുകാരിയായ അഞ്ചല്‍ സ്വദേശി അസ്മ ബീവി അടുത്തിടെ കോവിഡ് മുക്തി നേടിയിരുന്നു. പ്രായമായ രോഗികളെ ചികിത്സിച്ച് ഭേദമാക്കുന്നത് വളരെ അഭിമാനകരമായ കാര്യമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam