കോവിഡ് 19: റാന്നി സ്വദേശികള്‍ക്കൊപ്പം വിമാനത്തിലുണ്ടായിരുന്ന 11 പേര്‍ തൃശൂര്‍ ജില്ലയിൽ നിരീക്ഷണത്തില്‍

Web Desk   | Asianet News
Published : Mar 08, 2020, 10:43 PM ISTUpdated : Mar 08, 2020, 11:01 PM IST
കോവിഡ് 19: റാന്നി സ്വദേശികള്‍ക്കൊപ്പം വിമാനത്തിലുണ്ടായിരുന്ന 11 പേര്‍ തൃശൂര്‍ ജില്ലയിൽ നിരീക്ഷണത്തില്‍

Synopsis

ഇറ്റലിയിൽ നിന്നും വന്ന ഫ്ലൈറ്റിൽ ഉണ്ടായിരുന്നവരാണ് ഇവർ. ഇതിൽ 6 പേർ ഹൈ റിസ്ക് ഗണത്തിൽ പെടുന്നു. ഇവരുടെ രക്ത സാമ്പിളുകൾ നാളെ പരിശോധനക്ക് അയക്കും. 

തൃശൂര്‍: കോവിഡ് 19 വൈറസ് ബാധ സംസ്ഥാനത്ത് കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ അന്വേഷത്തിൽ തൃശൂര്‍ ജില്ലയിൽ ഇറ്റലിയിൽ നിന്നും വന്ന പത്തനംതിട്ടക്കാരുമായി സമ്പർക്കം പുലർത്തിയ  11 പേരെ കണ്ടെത്തി ഹോം ക്വാറന്റൈൻ ചെയ്തു. ഇറ്റലിയിൽ നിന്നും വന്ന ഫ്ലൈറ്റിൽ ഉണ്ടായിരുന്നവരാണ് ഇവർ. ഇതിൽ 6 പേർ ഹൈ റിസ്ക് ഗണത്തിൽ പെടുന്നു. ഇവരുടെ രക്ത സാമ്പിളുകൾ നാളെ പരിശോധനക്ക് അയക്കും. 

കൃഷി വകുപ്പ് മന്ത്രി വി എസ് സുനിൽകുമാറിന്റെ നേതൃത്വത്തിൽ കളക്ടറുടെ ചേംബറിൽ വിളിച്ചു ചേർത്ത അടിയന്തിര യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഇപ്പോൾ ജില്ലയിൽ 162 പേർ ആണ് നിരീക്ഷനത്തിൽ ഉള്ളത്. 142 പേർ വീടുകളിലും, 20 പേർ ജില്ലയിലെ വിവിധ ആശുപത്രികളിലും നിരീക്ഷണത്തിൽ തുടരുന്നു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ 2, ജില്ല ആശുപത്രിയിൽ 2, ചാലക്കുടി 3, കുന്നംകുളം 1, ഇരിഞ്ഞാലക്കുട 1, കൊടകര 1, തൃശൂർ സരോജ നഴ്സിംഗ് ഹോമിൽ 1 എന്നിങ്ങനെയാണ് ആശുപത്രിയിൽ ഉള്ളവർ. 11 പേരുമായും സമ്പർക്കം പുലർത്തിയവരുടെ ലിസ്റ്റ് നാളെ തന്നെ തയ്യാറാക്കും 

ജില്ലയിൽ ഈ സാഹചര്യത്തിൽ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി നാളെ തന്നെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ആവശ്യമായ മെഡിക്കൽ ടീമിനെ വിന്യസിപ്പിക്കും. അവിടെ വെച്ച് തന്നെ ട്രാവൽ ഹിസ്റ്ററി പരിശോധിച്ചു മാത്രം ജില്ലയിലേക്ക് പ്രവേശനം നൽകും. അന്യ ജില്ലകളിൽ നിന്നും സംസ്ഥാന ങ്ങളിൽ നിന്നും വന്ന റിസോർട്ടുകളിലും, ഹോം സ്റ്റേകളിലും താമസിക്കുന്നവരെ നിരീക്ഷിക്കും. ഓരോ പഞ്ചായത്തുകളിലും ഇവരുടെ കണക്കെടുക്കാൻ ആശാ വർക്കർമാരെ നിയോഗിക്കും. 

അടിയന്തിരമായി ടൂർ ഓപ്പറേറ്ററുമാരുടെയും, അന്തർ സംസ്ഥാന ബസ് ഓണേഴ്സിന്‍റേയും യോഗം വിളിച്ചു ചേർത്ത് ആവശ്യമായ നിർദ്ദേശങ്ങൾ നൽകും. ഇപ്പോൾ 115 ഐസോലെഷൻ മുറികൾ സജ്ജമാണ്. ആവശ്യം വരുന്ന ഘട്ടത്തിൽ കൂടുതൽ ആശുപത്രി കളിൽ സൗകര്യം സജ്ജമാക്കും. ജില്ലാ ആശുപത്രിയിൽ പണി പൂർത്തിയായ കെട്ടിടത്തിൽ ഉടൻ മറ്റു പണികൾ പൂർത്തിയാക്കി സജ്ജമാക്കും. ഇരിങ്ങാലക്കുട, കൊരട്ടി, ചാലക്കുടി, കാട്ടുർ, പഴയന്നൂർ ആശുപത്രികളിലും ഐസൊലേഷൻ സൗകര്യം ഒരുക്കും. കൂടുതൽ വെന്റിലേറ്ററുകൾ ഒരുക്കും. ആവശ്യമായ കിറ്റുകൾ സംഭരിക്കും. എൻ എച് എം ന്റെ കീഴിൽ നിയമിച്ച 23 സൈക്കോളജിസ്റ്റുകളെ കൗൺസിലിംഗ്നായി വീണ്ടും നിയമിക്കും. 

റെയിൽവേ സ്റ്റേഷൻ, കെ എസ് ആർ ടിസി ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ വരുന്നവരെ അവിടെ വെച്ച് തന്നെ പരിശോധന നടത്താൻ 3 ഇൻഫ്രാറെഡ് തെർമൽ സ്കാനർ ഉടൻ വാങ്ങാൻ മന്ത്രി നിർദ്ദേശം നൽകി. വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നിയമം എടുക്കാനും യോഗം തീരുമാനിച്ചു. തളിക്കുളം സീതാറാം ആയുർവേദ റിസോർട്ടിലും, തൃശ്ശൂർ എസ് എൻ എ ആയുർവേദ ആശുപത്രിയിലും ചികിത്സക്കായി എത്തിയ വിദേശീയരെയും നിരീക്ഷിക്കും. യോഗത്തിൽ ജില്ല കളക്ടർ എസ് ഷാനവാസ്‌, ഗവ ചീഫ് വിപ് അഡ്വ കെ രാജൻ, ഡി എം ഓ ഡോ റീന, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ ശ്രീദേവി, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ ആൻഡ്രുസ്, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു

PREV
click me!

Recommended Stories

ദിലീപിനെ കുറ്റവിമുക്തനാക്കിയ വിധി; 'അമ്മ', ഓഫീസിൽ അടിയന്തര എക്സിക്യൂട്ടീവ് യോഗം; വിധിയിൽ സന്തോഷമുണ്ടെന്ന് ലക്ഷ്മി പ്രിയ
പ്രചരണം കഴിഞ്ഞ് വീട്ടിലെത്തിയ യുഡിഎഫ് സ്ഥാനാർത്ഥി കുഴഞ്ഞുവീണ് മരിച്ചു