കരുത്തരെ അട്ടിമറിച്ച് 11 വനിതകൾ നിയമസഭയിലേക്ക്; ഒൻപത് പേർ യുഡിഎഫിൽ നിന്ന്

Published : May 04, 2026, 10:21 PM IST
women mlas

Synopsis

കേരള നിയമസഭയിൽ ഇത്തവണയും 11 വനിതാ എംഎൽഎമാർ. യുഡിഎഫിൽ നിന്ന് 9 പേർ വിജയിച്ചപ്പോൾ എൽഡിഎഫിന് രണ്ട് സീറ്റുകൾ മാത്രമാണ് ലഭിച്ചത്. മുസ്ലിം ലീഗിന്റെ ആദ്യ വനിതാ എംഎൽഎയായി ഫാത്തിമ തഹ്ലിയ ചരിത്രം കുറിച്ചപ്പോൾ, കെ കെ ശൈലജ അടക്കമുള്ള പ്രമുഖർ പരാജയപ്പെട്ടു.

തിരുവനന്തപുരം: കഴിഞ്ഞ തവണത്തെ പോലെ ഇത്തവണയും കേരള നിയമസഭയിൽ 11 വനിതാ എംഎൽഎമാർ. യുഡിഎഫിലെ ഒൻപത് പേരും എൽഡിഎഫിലെ രണ്ടും പേരും അടക്കം ആകെ 11 പേരാണ് വനിതാ സ്ഥാനാർത്ഥികളിൽ വിജയിച്ചത്. 2021ൽ ഇടതു മുന്നണിയിൽ നിന്ന് വിജയിച്ചത് 10 വനിതകളും യുഡിഎഫിൽ നിന്ന് വിജയിച്ചത് ഒരു വനിതയുമാണ്. മുസ്ലിം ലീഗിന്‍റെ ആദ്യ വനിതാ എംഎൽഎയായി ഫാത്തിമ തഹ്ലിയ വിജയിച്ചപ്പോൾ, മന്ത്രി എ കെ ശശീന്ദ്രനെ പരാജയപ്പെടുത്തിയാണ് കോണ്‍ഗ്രസ് സ്ഥാനാർത്ഥി വിദ്യ ബാലകൃഷ്ണൻ വിജയിച്ചത്. അതേസമയം എൽഡിഎഫിൽ കെ കെ ശൈലജയും വീണ ജോർജും ആർ ബിന്ദുവും യു പ്രതിഭയും അടക്കമുള്ള പ്രമുഖർ പരാജയപ്പെട്ടു.

ഫാത്തിമ തഹ്‍ലിയ

പേരാമ്പ്ര നിയോജക മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തെഹ്ലിയ വിജയിച്ചത് 5087 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ്. ഫാത്തിമ തെഹലിയ 81429 വോട്ടുകളും പ്രധാന എതിരാളികളായ എൽഡിഎഫ് സ്ഥാനാര്‍ഥി ടി പി രാമകൃഷ്‍ണന് 76342 വോട്ടുകളും എൻഡിഎ സ്ഥാനാർത്ഥി എം മോഹനൻ മാസ്റ്റർ 13042 വോട്ടുകളും നേടി. 2021-ലെ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണൻ 86,023 വോട്ടുകൾ നേടി വിജയിച്ച മണ്ഡലമാണിത്. യുഡിഎഫ് സ്വതന്ത്രനായി മത്സരിച്ച സിഎച്ച് ഇബ്രാഹിംകുട്ടിയെ 22,000-ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. വാശിയേറിയ പോരാട്ടമായിരുന്നു ഇക്കുറി പേരാമ്പ്ര മണ്ഡലത്തിൽ ഇത്തവണ ദൃശ്യമായത്. വികസത്തിനു പുറമെ വിവാദങ്ങൾ കൊണ്ട് വാർത്തകളിൽ ഇടം നേടിയ മണ്ഡലം കൂടിയാണിത്. അനൗൺസ്മെൻറ് വിവാദവും, അതിൻ മേൽ ലീഗും സിപിഎമ്മും നടത്തിയ ആരോപണ പ്രത്യാരോപണങ്ങളും ഇക്കുറി മണ്ഡലത്തിൽ കാര്യമായ ചർച്ചയ്ക്ക് വഴിയൊരുക്കിയിരുന്നു.

കെ കെ രമ

വടകര മണ്ഡലം നിലനിർത്തിയിരിക്കുകയാണ് കെ കെ രമ. വടകര പിടിക്കാനിറങ്ങിയ യുഡിഎഫ് സ്ഥാനാർഥി കെ കെ രമ ആവേശ വിജയം സ്വന്തമാക്കി. 14,862 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് കെ കെ രമ വിജയിച്ചത്. കെ കെ രമ 70117 വോട്ടുകളും പ്രധാന എതിരാളികളായ എൽഡിഎഫ് സ്ഥാനാർത്ഥി എം കെ ഭാസ്‍കരൻ 55255 വോട്ടുകളും എൻഡിഎ സ്ഥാനാർഥി അഡ്വ കെ ദിലീപ് 14295 വോട്ടുകളും നേടി. കമ്മ്യൂണിസ്റ്റ് പാർട്ടിക്കും സോഷ്യലിസ്റ്റുകൾക്കും വളക്കൂറുണ്ടായിരുന്ന മണ്ണ് 2021ലെ തെരഞ്ഞെടുപ്പിൽ ആർഎംപിഐ - യുഡിഎഫ് സഖ്യത്തിന്റെ വിജയത്തിനാണ് സാക്ഷ്യം വഹിച്ചത്. ടി.പി ചന്ദ്രശേഖരന്റെ കൊലപാതകത്തിന് ശേഷം വലിയ തോതിൽ തിരിച്ചടിയാണ് സിപിഎമ്മിനും എൽഡിഎഫ് സ്ഥാനാർഥിക്കും വടകരയിൽ നേരിടേണ്ടി വന്നത്. അക്രമ രാഷ്ട്രീയത്തിനെതിരെ ആഞ്ഞടിച്ച രമ 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 7,491 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. കഴിഞ്ഞ തവണത്തെ തിരിച്ചടിക്ക് മറുപടി നൽകാനായി ഇറങ്ങിയ എൽഡിഎഫിന് ഇക്കുറിയും തോൽവി ആണ് ഫലം.

ഉമ തോമസ്

തൃക്കാക്കരയിൽ യുഡിഎഫ് സ്ഥാനാര്‍ഥി ഉമ തോമസ് 50211 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് വിജയിച്ചത്. ഉമ തോമസ് 83375 വോട്ടുകളും പ്രധാന എതിരാളികളായ എൽഡിഎഫ് സ്ഥാനാർഥി അഡ്വ. പുഷ്പ ദാസ് 33164 വോട്ടുകളും എൻഡിഎ സ്ഥാനാർഥി അഖിൽ മാരാർ 21424 വോട്ടുകളും നേടി. കണയന്നൂർ താലൂക്കിൽ ഉൾപ്പെടുന്ന കൊച്ചി നഗരസഭയുടെ 31,33,34,36 മുതൽ 51 വരെയുമുള്ള വാർഡുകളും തൃക്കാക്കര നഗരസഭയും ചേർന്ന മണ്ഡലമാണ് തൃക്കാക്കര നിയമസഭാ മണ്ഡലം.

കെ എ തുളസി

ഒരു വീട്ടിൽ നിന്ന് എം പിയും എം എൽ എയും എന്ന കേരള രാഷ്ട്രീയത്തിലെ ഒരു അപൂർവതയാണ് ഈ തെരഞ്ഞെടുപ്പിൽ പാലക്കാട് ജില്ല സാക്ഷ്യം വഹിച്ചത്. പാലക്കാട് എം പിയായി വി കെ ശ്രീകണ്ഠൻ പാർലമെന്‍റിലേക്ക് പോകുമ്പോൾ, ഭാര്യയും കോൺഗ്രസ് നേതാവുമായ കെ എ തുളസി ഇനി മുതൽ നിയമസഭയിലേക്ക് യാത്രയാകും. കോങ്ങാട് മണ്ഡലത്തിലാണ് തുളസി കോൺഗ്രസ് കൊടി പാറിച്ചത്. സിറ്റിംഗ് എം എൽ എയും സി പി എം നേതാവുമായ കെ ശാന്തകുമാരിയെയാണ് തുളസി അട്ടിമറിച്ചത്. പരമ്പരാഗതമായി ഇടതുകോട്ട എന്ന നിലയിൽ പ്രശസ്തമായ കോങ്ങാട് 3651 വോട്ടുകൾക്കാണ് യു ഡി എഫിന് വേണ്ടി തുളസി പിടിച്ചെടുത്തത്. ശാന്തകുമാരി 59028 വോട്ടുകൾ നേടിയപ്പോൾ തുളസി 62734 വോട്ടുകൾ നേടിയാണ് വിജയം കുറിച്ചത്.

ബിന്ദുകൃഷ്ണ

കൊല്ലം നിയോജക മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാര്‍ഥി ബിന്ദു കൃഷ്ണ വിജയിച്ചത് 16830 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ്. ബിന്ദു കൃഷ്ണ 63416 വോട്ടുകളും പ്രധാന എതിരാളികളായ എൽഡിഎഫ് സ്ഥാനാര്‍ഥി എസ് ജയമോഹൻ 46586 വോട്ടുകളും എൻഡിഎ സ്ഥാനാര്‍ഥി ഡോ. പ്രതാപ് കുമാർ എൻ 18537 വോട്ടുകളും നേടി.കൊല്ലം നഗരസഭയിലെ 6 മുതൽ 13 വരേയും 16 മുതൽ 19 വരേയും 22,23 വാർഡുകളും 42 മുതൽ 48 വരേയും വാർഡുകളും കൊല്ലം താലൂക്കിലെ പനയം, തൃക്കടവൂർ, തൃക്കരുവ എന്നീ പഞ്ചായത്തുകളും അടങ്ങുന്ന നിയമസഭാ മണ്ഡലമാണിത്. 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു യുഡിഎഫും എൽഡിഎഫും തമ്മിൽ നടന്നത്. എൽഡിഎഫ് സ്ഥാനാർഥിയായ എം മുകേഷ് അന്ന് 2072 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ബിന്ദു കൃഷ്ണയെ പരാജയപ്പെടുത്തിയത്.

ഷാനിമോൾ ഉസ്മാൻ

അരൂർ നിയോജക മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി ഷാനിമോൾ ഉസ്മാൻ 74469 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് വിജയിച്ചത്. പ്രധാന എതിരാളിയായ എൽഡിഎഫ് സ്ഥാനാർഥി ദലീമ 65145 വോട്ടുകളും ബിഡിജെഎസ് സ്ഥാനാർഥി പിഎസ്. ജ്യോതിസ് 20334 വോട്ടുകളും നേടി. ഇടതുപക്ഷത്തെ ഏറ്റവും കൂടുതൽ പിന്തുണച്ച മണ്ഡലമാണ് അരൂർ. ഇടതിലെ പെൺകരുത്തായിരുന്ന കെ ആർ ഗൗരിയമ്മ ശക്തി തെളിയിച്ച മണ്ഡലം. പിന്നീട് നടന്ന മുന്നണി മാറ്റത്തിൽ യുഡിഎഫ് പാളയത്തിൽ മത്സരിച്ചു വിജയിച്ച ഗൗരിയമ്മയെ ഇടതു പക്ഷത്തിന്റെ എ എം ആരിഫിലൂടെ 2006 മുന്നണി അട്ടിമറി വിജയം നേടിയിരുന്നു.

രമ്യ ഹരിദാസ്

ചിറയിൻകീഴ് നിയോജക മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസ് 1422 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് വിജയിച്ചത്. വിജയിച്ച സ്ഥാനാർഥിക്ക് 56833 വോട്ടുകളും പ്രധാന എതിരാളിയായ എൽഡിഎഫ് സ്ഥാനാര്‍ഥി മനോജ് എടമന 55411 വോട്ടുകളും ബിജെപി സ്ഥാനാര്‍ഥി 32920 വോട്ടുകളും നേടി. സ്ഥാനാർഥി നിർണ്ണയത്തിൽ പാർട്ടിയിലുണ്ടായ കലാപങ്ങൾ കോൺഗ്രസിനെ ചില്ലറ പ്രശ്നങ്ങൾ ഒന്നുമല്ല ഉണ്ടാക്കിയിരുന്നത്. മണ്ഡലത്തിന് പുറത്തുള്ള സ്ഥാനാർഥിയെ മത്സരിപ്പിച്ചതിനെതിരെ നടന്ന പ്രതിഷേധവും ഇക്കുറി തെരഞ്ഞെടുപ്പിൽ ചർച്ചാ വിഷയമായി മാറിയിരുന്നു. മണ്ഡലത്തിൽ മത്സരിക്കാൻ ദലിത് സ്ഥാനാർഥികൾ ഉള്ളപ്പോൾ പുറത്തു നിന്ന് സ്ഥാനാർഥികളെ പരിഗണിക്കേണ്ടതില്ല എന്നായിരുന്നു ഒരു വിഭാഗം പ്രവർത്തകർ വ്യക്തമാക്കിയത്. എന്നാൽ കഴിഞ്ഞ തെരഞ്ഞെടുപ്പിലെ തോൽവിയെ ഈ തെരഞ്ഞെടുപ്പിലെ വിജയത്തിലൂടെ രമ്യ ഹരിദാസ് മറികടന്നു.

വിദ്യ ബാലകൃഷ്ണൻ

എലത്തൂർ നിയോജക മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി അഡ്വ വിദ്യ ബാലകൃഷ്‍ണൻ 12162 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് എ കെ ശശീന്ദ്രനെ പരാജയപ്പെടുത്തിയത്. 2011 മുതലാണ് എലത്തൂർ മണ്ഡലം നിലവിൽ വരുന്നത്. അന്നു മുതൽ എ കെ ശശീന്ദ്രനാണ് മണ്ഡലത്തെ പ്രതിനിധാനം ചെയ്തിരുന്നത്. കോഴിക്കോട് കോർപ്പറേഷനിലെ എലത്തൂർ ഉൾപ്പെടെയുള്ള ആറ് വാർഡുകളും ചേളന്നൂർ, കാക്കോട്, കാക്കൂർ, കുരുവട്ടൂർ, നന്മണ്ട, തലക്കുളത്തൂർ എന്നീ ഗ്രാമപഞ്ചായത്തുകളും ചേർന്നതാണ് ഈ മണ്ഡലം. 2011-ലും 2016-ലും മികച്ച ഭൂരിപക്ഷത്തിൽ വിജയിച്ച ശശീന്ദ്രൻ എലത്തൂരിനെ ഇടത് കോട്ടയായി ഉറപ്പിക്കുകയായിരുന്നു. സാധാരണ ഗതിയിൽ ഘടക കക്ഷികളാണ് യുഡിഎഫിനുവേണ്ടി മത്സരിക്കുന്നത്. ഇത്തവണ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥി തന്നെയാണ് മത്സര രംഗത്തുണ്ടായിരുന്നത്.

ഉഷ വിജയൻ

മാനന്തവാടി നിയോജക മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാര്‍ഥി ഉഷ വിജയൻ ജയിച്ചത് 10543 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ്. ഉഷ വിജയൻ 77425 വോട്ടുകളും പ്രധാന എതിരാളികളായ എൽഡിഎഫ് സ്ഥാനാര്‍ഥിയും മന്ത്രിയുമായ ഓ ആർ കേളു 66882 വോട്ടുകളും എൻഡിഎ സ്ഥാനാര്‍ഥി പി ശ്യാംരാജ് 19681 വോട്ടുകളും നേടി. 2011-ൽ രൂപീകൃതമായ ഈ പുതിയ മണ്ഡലത്തിലെ ആദ്യ എംഎൽഎ കോൺഗ്രസിലെ പികെ ജയലക്ഷ്മി ആയിരുന്നു. എന്നാൽ 2016-ൽ 1,307 വോട്ടുകളുടെ ചെറിയ ഭൂരിപക്ഷത്തിന് പികെ ജയലക്ഷ്മിയെ പരാജയപ്പെടുത്തിക്കൊണ്ട് ഒആർ കേളു മണ്ഡലം പിടിച്ചെടുക്കുകയായിരുന്നു. മുൻപ് യുഡിഎഫിന്റെ ഉറച്ച കോട്ടയായിരുന്ന ഈ മണ്ഡലം കഴിഞ്ഞ പത്ത് വർഷമായി ഇടതുപക്ഷത്തിനൊപ്പമായിരുന്നു.

ഒ എസ് അംബിക

എൽഡിഎഫ് സ്ഥാനാര്‍ഥിയും സിറ്റിംഗ് എംഎൽഎയുമായ ഒ എസ് അംബിക 13375 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് വിജയിച്ചത്. പ്രധാന എതിരാളികളായ ബിജെപി സ്ഥാനാര്‍ഥി പി സുധീർ 45788 വോട്ടുകളും കോൺ​ഗ്രസ് സ്ഥാനാര്‍ഥി സന്തോഷ് ഭദ്രൻ 41372 വോട്ടുകളും നേടി. ശക്തമായ ത്രികോണ പോരാട്ടമാണ് ആറ്റിങ്ങലിൽ ഇത്തവണ കണ്ടത്. ചരിത്രപരമായി ഇടതുപക്ഷത്തിന് വ്യക്തമായ മുൻതൂക്കമുള്ള മണ്ഡലമാണ് ആറ്റിങ്ങൽ. ഒരുകാലത്ത് പ്രധാന എതിരാളിയായിരുന്ന കോൺഗ്രസ് പിന്നിലേക്ക് പോയി ബിജെപി ഒരു ശക്തമായ സാന്നിധ്യമായി ഉയർന്നുവന്നു എന്നതും ആറ്റിങ്ങല്‍ നിയോജക മണ്ഡലത്തിന്‍റെ സവിശേഷതയാണ്.

ഗീത ഗോപി

നിയമസഭാ തെരഞ്ഞെടുപ്പിലെ യുഡിഎഫ് തരംഗത്തിലും നാട്ടിക നിയോജക മണ്ഡലത്തില്‍ വിജയക്കൊടി നാട്ടിയിരിക്കുകയാണ് എൽഡിഎഫിന്‍റെ ഗീതാ ഗോപി. സിപിഐ ടിക്കറ്റില്‍ മത്സരിച്ച ഗീതാ ഗോപി 7093 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ യുഡിഎഫിന്‍റെ സുനില്‍ ലാലൂരിനെ തോല്‍പിച്ചു. ആകെ പോള്‍ ചെയ്‌ത വോട്ടുകളില്‍ ഗീതാ ഗോപി 58979 വോട്ടുകള്‍ നേടിയപ്പോള്‍ സുനില്‍ ലാലൂര്‍ 51886 വോട്ടുകള്‍ നേടി. തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് ബിജെപിയില്‍ ചേര്‍ന്ന സിപിഐയുടെ സിറ്റിംഗ് എം എല്‍ എ ആയിരുന്ന സി സി മുകുന്ദൻ 45216 വോട്ടുകള്‍ നേടി കരുത്തുകാട്ടി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

തകര്‍പ്പൻ വിജയം കൊയ്ത യുഡിഎഫിന് ഊര്‍ജമായി എഐസിസി, വിജയപാതയിലേക്ക് നയിച്ച നേതൃ സാന്നിധ്യം
തോൽവി അംഗീകരിക്കുന്നു; കേരള നിയമസഭയില്‍ ബിജെപിക്ക്‌ 3 സീറ്റ്‌ നേടാനായി എന്നത്‌ അതീവ ഗൗരവമുള്ള കാര്യമാണെന്ന് സിപിഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ്‌