'വലിയ ശബ്ദം കേട്ട് പുറത്തിറങ്ങി, പപ്പായുടെ പുറത്ത് കല്ല് വീഴുന്നത് കണ്ടു';ഉരുൾപൊട്ടലിൽ നടുക്കം മാറാതെ ജിബിന്‍

By Web TeamFirst Published Oct 17, 2021, 10:45 AM IST
Highlights

അപകടത്തിൽപ്പെട്ട ജിബിന്‍റെ അച്ഛന്‍ സി ജെ ഷാജിക്ക് വേണ്ടിയുള്ള തെരച്ചിൽ ഇപ്പോഴും തുടരുകയാണ്. ജിബിൻ ഇപ്പോൾ കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

കോട്ടയം: കൂട്ടിക്കൽ (Koottickal) ഉരുൾപൊട്ടലിൽ നടുക്കം മാറാതെ 11 വയസ്സുകാരനായ ജിബിൻ. വലിയ ശബ്ദം കേട്ട് പുറത്തിറങ്ങിയപ്പോഴേക്കും അച്ഛൻ അപകടത്തിൽ പെടുന്നത് കൺമുന്നിൽ കാണുകയായിരുന്നുവെന്ന് ജിബിൻ പറയുന്നു. അച്ഛൻ്റെ ശരീരത്തിലേക്ക് കല്ലുകൾ വീഴുന്നത് കണ്ടു. തുടർന്ന് ഒഴുക്കിൽപ്പെട്ടു. കല്ലിലും തടിയിലും വള്ളിയിലും ഒക്കെ പിടിച്ചാണ് താൻ രക്ഷപ്പെട്ടതെന്നും ജിബിന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

വീട്ടിനകത്ത് അച്ഛനൊപ്പം ഇരിക്കുമ്പോൾ ശബ്ദം കേട്ടാണ് പുറത്തുവന്നത്. നിരവധി സ്ഥലത്തുനിന്ന് ഒരുമിച്ച് ഉരുൾപൊട്ടൽ ശബ്ദം കേട്ടത് പേടി ഉണ്ടാക്കിയെന്നും ജിബിന്‍ പറയുന്നു. അപകടത്തിൽപ്പെട്ട ജിബിന്‍റെ അച്ഛന്‍ സി ജെ ഷാജിക്ക് വേണ്ടിയുള്ള തെരച്ചിൽ ഇപ്പോഴും തുടരുകയാണ്. ജിബിൻ ഇപ്പോൾ കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. നേരിയ പരിക്കുണ്ടെങ്കിലും ജിബിൻ്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

ഇന്നലെ മുണ്ടക്കയം കൂട്ടിക്കലിലുണ്ടായ ഉരുൾപൊട്ടലിൽ നാല് പേർ മരിച്ചതായി സ്ഥിരീകരിച്ചു. ഓട്ടോ ഡ്രൈവറായ ഷാലറ്റിന്‍റെ മൃതദേഹമാണ് ഇന്ന് കണ്ടെത്തിയത്. കൂട്ടിക്കൽ വെട്ടിക്കാനത്ത് നിന്നാണ് മൃതദേഹം ലഭിച്ചത്. ഇന്നലെ കൂട്ടിക്കൽ പ്ലാപ്പള്ളിയിൽ മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തിയിരുന്നു. ചോലത്തടം കൂട്ടിക്കൽ വില്ലേജ് പ്ലാപ്പള്ളി കാവാലി ഒറ്റലാങ്കലിലെ മാർട്ടിന്റെ ഭാര്യയും മക്കളും ഉൾപ്പെടെ ആറ് പേരാണ് ഉരുള്‍പൊട്ടലില്‍ മരിച്ചതെന്നാണ് ഇന്നലെ പുറത്തുവന്ന വിവരം.

Also Read: നാശം വിതച്ച പെരുമഴ; മഴ കുറയുന്നു, ഒറ്റപ്പെട്ട മഴയ്ക്കും കാറ്റിനും സാധ്യത|Kerala Rain Live Updates

മാർട്ടിൻ, അമ്മ അന്നക്കുട്ടി, മാർട്ടിന്റെ ഭാര്യ സിനി, മക്കളായ സ്‌നേഹ, സോന, സാന്ദ്ര എന്നിവരാണ് ദുരന്തത്തിൽ പെട്ടത്. അപകടം ഉണ്ടാകുന്ന സമയത്ത് എല്ലാവരും വീട്ടിൽ ഉണ്ടായിരുന്നു. മൂന്ന് കുട്ടികളും വിദ്യാർത്ഥികളാണ്. ഇവരിൽ മൂന്നുപേരുടെ മൃതദേഹമാണ് ഇന്നലെ കണ്ടെത്തിയത്. കൂട്ടിക്കലിലും കൊക്കയാറിലും തെരച്ചിൽ തുടരുകയാണ്. രണ്ടിടങ്ങളിലായി 14 പേരെയാണ് ഇനി കണ്ടെത്താനുള്ളത്. 

click me!