
തിരുവനന്തപുരം: സിഡിറ്റിലെ 114പേരെ സ്ഥിരപ്പെടുത്തിയ ഉത്തരവിൽ ഭാവിയിൽ അഞ്ച് വർഷം പൂർത്തിയായവരെ പിരിച്ചുവിടണമെന്ന് നിർദ്ദേശം. പത്ത് വർഷം പൂർത്തിയായവരെ മാനുഷിക പരിഗണനയിൽ സ്ഥിരപ്പെടുത്തുന്നുവെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുമ്പോഴാണ് ഇനി മുതൽ അഞ്ച് വർഷത്തിൽ കൂടുതൽ കരാർ നീട്ടേണ്ടെന്ന ഉത്തരവ്.
നിയമവകുപ്പിന്‍റെയും, ഐടി സെക്രട്ടറിയുടെയും വിയോജിപ്പ് മറികടന്നാണ് സിഡിറ്റിൽ 114പേരെ സ്ഥിരപ്പെടുത്താൻ മന്ത്രിസഭ തീരുമാനിച്ചത്. കടുത്ത സാമ്പത്തിക ബാധ്യത നേരിടുന്നതിനിടെ ജീവനക്കാരെ വെട്ടിക്കുറക്കാനുള്ള ശുപാർശകൾ മറികടന്നായിരുന്നു സിഡിറ്റിൽ കൂട്ട സ്ഥിരപ്പെടുത്തിൽ. മുഖ്യമന്ത്രി നേരിട്ട് മേൽനോട്ടം വഹിക്കുന്ന ഐടി വകുപ്പിന് കീഴിലെ പിൻവാതിൽ നിയമനങ്ങളിൽ ആക്ഷേപം ശക്തമാകുമ്പോഴാണ് സർക്കാർ ഉത്തരവിലെ വിചിത്രമായ നിർദ്ദേശം.
ഫെബ്രുവരി നാലിന് ഇറങ്ങിയ ഉത്തരവിൽ 114പേരെ സ്ഥിരപ്പെടുത്തുന്നതിൽ സർക്കാർ വിശദീകരിക്കുന്നത് മാനുഷിക പരിഗണനയും, മനുഷ്യത്വം ഉയർത്തിക്കാട്ടിയാണ്. ഇതേകാരണം പറഞ്ഞാണ് സിപിഎം സംസ്ഥാന സെക്രട്ടറിയും വ്യവസായ മന്ത്രിയും സ്ഥിരപ്പെടുത്തുന്നതിനെ ന്യായീകരിച്ചത്. എന്നാൽ ഇതെ ഉത്തരവിലെ എട്ടാമത്തെ നിർദ്ദേശത്തിൽ വ്യക്തമാക്കുന്നത് മറ്റൊന്നാണ്.
ഭാവിയിൽ പരമാവധി അഞ്ച് വർഷത്തിൽ കൂടുതൽ കരാർ ജീവനക്കാരെ ജോലിയിൽ തുടരുന്നതിന് അനുവദിക്കാൻ പാടില്ലെന്നാണ് സിഡിറ്റിനുള്ള നിർദ്ദേശം. ഇതുവരെ നടപ്പാക്കാത്ത രീതികൾ ഇപ്പോഴത്തെ സ്ഥിരപ്പെടുത്തലിൽ ചൂണ്ടിക്കാട്ടുന്നത് യുഡിഎഫ് കാലത്തെ നിയമനങ്ങളെയാകും ആദ്യം ബാധിക്കുക. കരാർ പുതുക്കേണ്ട എന്ന തീരുമാനത്തിലൂടെ 2012-2016വരെ കയറിക്കൂടിയവരെ ഒഴിവാക്കാനും ഈ ഉത്തരവിലൂടെ വഴിയൊരുങ്ങും.സ്ഥിരപ്പെടുത്തിലിലെയും പിരിച്ചുവിടലിലെയും ഈ വ്യത്യസ്ത നിലപാടും രാഷ്ട്രീയവും സർക്കാരിന്‍റെ ഇതുവരെയുള്ള വിശദീകരണങ്ങളെ തിരിഞ്ഞുകൊത്തുകയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam