യൂത്ത്കോൺഗ്രസിൽ പൊട്ടിത്തെറി,ഷാഫി പറമ്പിലിനെതിരെ ദേശീയ നേതൃത്വത്തിന് കത്തയച്ച് ഒരു വിഭാഗം

By Web TeamFirst Published Jul 20, 2022, 8:38 AM IST
Highlights

ദേശീയ നേതൃത്വത്തിന്‍റെ നിലപാട് അറിഞ്ഞശേഷം ഓദ്യോഗിക വാട്ട്സ്ആപ്പ് ഗ്രൂപ്പ് ചോർന്നതിനെക്കുറിച്ച് പൊലീസ് കേസടക്കം നൽകുന്നതും ഒരു വിഭാഗം നേതാക്കളുടെ ആലോചനയിലുണ്ട്

തിരുവനന്തപുരം : വാട്ട്സ് അപ് ചാറ്റ് ചോർച്ചയിൽ യൂത്ത് കോൺഗ്രസിൽ കടുത്ത അമർഷം. ഔദ്യോഗിക ഗ്രൂപ്പിൽ നിന്ന് നിരന്തരമായി ചാറ്റുകൾ ചോരുകയാണെന്നാണ് പരാതി. ഇക്കാര്യം പലവട്ടം ബോധ്യപ്പെട്ടിട്ടും സംസ്ഥാന പ്രസിഡന്‍റ് ഷാഫി പറമ്പിൽ നടപടിയെടുക്കുന്നില്ലെന്നാണ് ഒരു വിഭാഗം യൂത്ത് കോൺഗ്രസ് നേതാക്കളുടെ ആരോപണം. ഇക്കാര്യം വ്യക്തമാക്കി യൂത്ത് കോൺഗ്രസിന്‍റെ 12 സംസ്ഥാന നേതാക്കൾ ദേശീയ പ്രസിഡന്‍റിന് കത്തയച്ചു. 4 വൈസ് പ്രസിഡന്റ്മാരും 4 ജനറൽ സെക്രട്ടറിമാരും 4 സെക്രെട്ടറിമാരും കത്തിൽ ഒപ്പിട്ടു. ചാറ്റ് ചോർച്ച നേരത്തെ ഉണ്ടായിട്ടും നടപടി എടുത്തില്ലെന്നും കത്തിൽ വ്യക്തമാക്കുന്നുണ്ട് .

യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്‍റുമാരായ എൻ എസ് നുസൂർ,എസ് എം ബാലു,റിയാസ് മുക്കോളി,എസ് ജെ പ്രേംരാജ് , ജനറൽ സെക്രട്ടറിമാരായ എം പി പ്രവീൺ,കെ എ ആബിദ് അലി,കെ എസ് അരുൺ,വി പി ദുൽഖിഫിൽ, സെക്രട്ടറിമാരായ മഞ്ജുക്കുട്ടൻ,അനീഷ് കാട്ടാക്കട,പാളയം ശരത്,മഹേഷ് ചന്ദ്രൻ എന്നിവരാണ് ദേശീയ അധ്യക്ഷൻ ബി വി ശ്രീനിവാസന് കത്തയച്ചത്. ദേശീയ നേതൃത്വം നിയോഗിച്ച പ്രത്യേക സമിതിക്കുപോസും അച്ചടക്കം ലംഘനം നടത്തിയ ആളെ കണ്ടെത്താനായില്ലെന്നും കത്തിൽ പറയുന്നുണ്ട് . ദേശീയ നേതൃത്വത്തിന്‍റെ നിലപാട് അറിഞ്ഞശേഷം ഓദ്യോഗിക വാട്ട്സ്ആപ്പ് ഗ്രൂപ്പ് ചോർന്നതിനെക്കുറിച്ച് പൊലീസ് കേസടക്കം നൽകുന്നതും ആലോചനയിലുണ്ട്.

 

ശബരിനാഥനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ട സംഭവത്തിൽ സർക്കാരിനെതിരായ പ്രതിഷേധം ശക്തമാക്കാൻ യൂത്ത് കോൺഗ്രസ് തീരുമാനിച്ചിട്ടുണ്ട്. കരിങ്കൊടി പ്രതിഷേധം തുടരും.ഇന്നലത്തെ നാടകീയ അറസ്റ്റിനൊടുവിൽ പോലീസിന്റെ കസ്റ്റഡി അപേക്ഷ തള്ളി ശബരിക്ക് ജാമ്യം കിട്ടിയത് സർക്കാരിന് തിരിച്ചടിയായിരുന്നു.

അതേസമയം കേസിൽ ജാമ്യം ലഭിച്ച കെ എസ് ശബരിനാഥൻ ഇന്ന് അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകും. ഇന്നു മുതൽ മൂന്ന് ദിവസം ഹാജരാകണം എന്ന വ്യവസ്ഥയിൽ ആണ് ജാമ്യം കിട്ടിയത്. ജാമ്യ വ്യവസ്ഥ പ്രകാരം ഫോൺ ഇന്നലെ കോടതിയിൽ ഹാജരാക്കിയിരുന്നു. 

അതേസമയം വിമാനത്തിലെ പ്രതിഷേധത്തിനുള്ള 'ആശയം തന്‍റേത്' എന്നായിരുന്നു ഇന്ന് കെ എസ് ശബരിനാഥൻ ഏഷ്യാനെറ്റ് ന്യൂസിന്റെ നമസ്തേ കേരളം പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുമ്പോൾ പറഞ്ഞത്. വാട്ട്സ്ആപ് ഗ്രൂപ്പിൽ  താൻ തന്നെയാണ് വിമാനത്തിൽ പ്രതിഷേധിക്കാനുള്ള ആശയം പങ്കുവെച്ചത് എന്നും കെ എസ് ശബരിനാഥൻ പറഞ്ഞു.

 

click me!