
തിരുവനന്തപുരം: കേരളത്തിന്‍റെ ദുരന്ത സാധ്യത മുന്നറിയിപ്പ് സംവിധാനം ജനുവരി 21ന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും. 'കവചം' മുന്നറിയിപ്പ് സൈറണുകളുടെ ഉദ്ഘാടനം ചൊവ്വാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് നടക്കും. ദേശീയ ദുരന്ത നിവാരണ അതോറിറ്റി, ലോകബാങ്ക് എന്നിവയുടെ സഹായത്തോടെ, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയാണ് മുന്നറിയിപ്പ് സംവിധാനം തയ്യാറാക്കിയത്.
ദേശീയ ചുഴലിക്കാറ്റ് പ്രതിരോധ പദ്ധതിയുടെ ഭാഗമായാണ് കേരള വാർണിംഗ്‌സ് ക്രൈസിസ് ആന്‍റ് ഹസാർഡ്‌സ് മാനേജ്‌മെന്‍റ് സിസ്റ്റം (KaWaCHaM) തയ്യാറാക്കിയത്. 126 സൈറൺ - സ്ട്രോബ് ലൈറ്റ് ശൃംഖല, അവ നിയന്ത്രിക്കുന്ന 93 വിപിഎൻ ബന്ധിത എമർജൻസി ഓപ്പറേഷൻ സെന്‍ററുകൾ, അവയുടെ ഡിസിഷൻ സപ്പോർട്ട് സോഫ്റ്റ് വെയർ, ബൃഹത്തായ ഡാറ്റാ സെന്‍റർ എന്നിവ അടങ്ങുന്ന ഈ സംവിധാനമാണ് ജനുവരി 21ന് നാടിന് സമർപ്പിക്കുന്നത്.
അതിതീവ്ര ദുരന്ത സാധ്യത സംബന്ധിച്ച മുന്നറിയിപ്പുകൾ കേന്ദ്ര നോഡൽ വകുപ്പുകളിൽ നിന്നും ലഭിക്കുന്ന മുറയ്ക്ക് പൊതുസമൂഹത്തിൽ എത്തിക്കാൻ സാമൂഹിക മാധ്യമങ്ങൾ, സ്ഥല അധിഷ്ഠിത എസ്എംഎസ് എന്നിവ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഉപയോഗിക്കുന്നുണ്ട്. ഇവയ്ക്ക് പുറമെ ആണ് സൈറൺ - സ്ട്രോബ് ലൈറ്റ് ശൃംഖല സ്ഥാപിച്ചിട്ടുള്ളത്. ഇവയിലൂടെ സംസ്ഥാന, ജില്ലാ ഇഒസികളിൽ നിന്നും അതിതീവ്ര ദുരന്ത സാധ്യത സംബന്ധിച്ച മുന്നറിയിപ്പുകൾ പൊതുജനങ്ങൾക്ക് അറിയിപ്പ് സന്ദേശങ്ങളും സയറൺ വിസിൽ സന്ദേശങ്ങളുമായി നൽകും.
ഉദ്ഘാടന ദിവസമായ ജനുവരി 21 ന് വൈകിട്ട് അഞ്ച് മണിക്ക് ശേഷം വിവിധ ഭാഗങ്ങളിൽ പ്രവർത്തന പരീക്ഷണത്തിന്റെ ഭാഗമായി സൈറണുകൾ മുഴങ്ങുമെന്നും ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam