പാമ്പുകള്‍ തണുപ്പ് തേടി വീടുകളിലേക്കും ജനവാസ മേഖലകളിലേക്കും എത്തിപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കേണ്ടത് പ്രധാനമാണ്.

കടുത്ത വേനല്‍ച്ചൂട് അനുഭവപ്പെടുന്ന സാഹചര്യത്തില്‍ പാമ്പുകള്‍ തണുപ്പ് തേടി വീടുകളിലേക്കും ജനവാസ മേഖലകളിലേക്കും എത്തിപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കേണ്ടത് പ്രധാനമാണ്. മൂർഖൻ, വെള്ളിക്കട്ടൻ (ശംഖുവരയൻ, എട്ടടിവീരൻ, വളവളപ്പൻ, മോതിരവളയൻ, വളകഴപ്പൻ എന്നെല്ലാം പേരുകളുണ്ട്), ചേനത്തണ്ടൻ (തേക്കിലപ്പുള്ളി, വട്ടക്കൂറ എന്നീ പേരുകളുണ്ട്), ചുരുട്ടമണ്ഡലി (ഈർച്ചവാൾ ശൽക്ക അണലി, രക്തയണലി), മുഴമൂക്കൻ കുഴിമണ്ഡലി, രാജവെമ്പാല മുതലായവയാണ് കരയിലെ പ്രധാന വിഷപ്പാമ്പുകൾ. അതിൽ തന്നെ മൂർഖൻ, ചേനത്തണ്ടൻ, വെള്ളിക്കട്ടൻ എന്നിവ മൂലമാണ് ബഹുഭൂരിപക്ഷം അത്യാഹിതങ്ങളും കേരളത്തിൽ സംഭവിച്ചിട്ടുള്ളത്.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍: 

1. വീടിനോട് ചേര്‍ന്നുള്ള പുല്‍ക്കാടുകള്‍, കരിയിലക്കൂട്ടങ്ങള്‍, വിറക് കൂട്ടിയിട്ടിരിക്കുന്ന ഇടങ്ങള്‍ എന്നിവ കൃത്യമായി വൃത്തിയാക്കുക. പ്രത്യേകിച്ച് മുറ്റം, നടപ്പുവഴി എന്നിവിടങ്ങളിൽ നിന്നും കാടുപടലങ്ങളും ചപ്പുചവറുകളും നീക്കം ചെയ്യുക.

2. വീടിന്റെ വാതിലുകള്‍ക്കും ജനാലകള്‍ക്കും താഴെയുള്ള വിടവുകള്‍ അടയ്ക്കുക.

3. ചൂട് കാരണം ജനലുകള്‍ തുറന്നിടുമ്പോള്‍ നെറ്റുകള്‍ (Nets) ഉപയോഗിക്കുന്നത് പാമ്പുകള്‍ ഉള്ളില്‍ കടക്കുന്നത് തടയാന്‍ സഹായിക്കും.

4. ഭക്ഷണാവശിഷ്ടങ്ങള്‍ അലക്ഷ്യമായി ഇടുന്നത് ഒഴിവാക്കണം. അത്തരത്തില്‍ ചെയ്യുന്നത് എലികളെ ആകര്‍ഷിക്കുകയും എലികളെ തേടി പാമ്പുകള്‍ വീടിനുള്ളില്‍ എത്തുന്നതിനും കാരണമാകും. അതിനാല്‍ ഭക്ഷണാവശിഷ്ടങ്ങൾ ശരിയായി സംസ്‌കരിക്കുക.

5. കെട്ടിടങ്ങൾക്ക് സമീപം ഇഷ്ടിക, വിറക്, കല്ലുകൾ, പാഴ് വസ്തുക്കൾ എന്നിവ വലിച്ചെറിയുകയോ അലക്ഷ്യമായി കൂട്ടിയിടുകയോ അരുത്. ഇത്തരം വസ്തുക്കൾ കൃത്യമായി അടുക്കി വയ്ക്കുക. മഴയുള്ളപ്പോഴും വെളിച്ചമില്ലാതെയും കുട്ടികളെ ഒറ്റയ്ക്ക് അതിനടുത്തു പോകാൻ അനുവദിക്കരുത്. വീടിനു പുറത്ത് ശേഖരിച്ച വിറക്, വെളിച്ചമുള്ള സമയത്ത് മാത്രം ശ്രദ്ധയോടെ അകത്തേക്ക് എടുക്കുക, അസമയങ്ങളിലും ഇരുട്ടിലും അതിന് മുതിരാതിരിക്കുക.

6. കെട്ടിടത്തിന് മുകളിലേക്ക് വളർന്നുനിൽക്കുന്ന മരങ്ങളുടെ ശിഖരങ്ങൾ നീക്കം ചെയ്യുക, വീടിനു മുകളിലേക്ക് പടർത്തിയ വള്ളിച്ചെടികൾ ജനൽ, എയർഹോൾ എന്നിവയിലേക്ക് എത്താത്ത വിധവും മരംകയറാൻ കഴിയുന്ന പാമ്പുകൾക്ക് കെട്ടിടങ്ങളിലേക്ക് പ്രവേശിക്കാൻ സൗകര്യമാകാത്ത വിധവും സജ്ജീകരിക്കാം.

7. ഡ്രെയിനേജ് പൈപ്പുകൾ ശരിയായി മൂടി സംരക്ഷിക്കണം, കാരണം തുറന്ന പൈപ്പുകളിലൂടെ പാമ്പുകൾക്ക് കെട്ടിടത്തിലേക്ക് പ്രവേശിക്കാം.

8. കെട്ടിടത്തിന്റെ മുൻ, പിൻവാതിലുകളുടെ കീഴെ വിടവ് ഇല്ലാത്ത തരത്തിലുള്ള പാളിയും കട്ടിളയും ആകണം, കാരണം വാതിലിനു താഴെയുള്ള ഇടുങ്ങിയ വിടവിലൂടെ പാമ്പുകൾക്ക് കെട്ടിടത്തിലേക്ക് പ്രവേശിക്കാം.

9. കെട്ടിടത്തിന്റെ പരിസരത്ത് എലികളുടെയും ഉരഗങ്ങളുടെയും വാസസ്ഥലമാകാവുന്ന എല്ലാ മാളങ്ങളും മറ്റ് പ്രവേശന സ്ഥാനങ്ങളും സുരക്ഷിതമായി അടച്ചു സീൽ ചെയ്യുക.

10. രാത്രികളിൽ കാൽനടയാത്രക്ക് ലൈറ്റ്/ ടോർച്ച് നിർബന്ധമായും ഉപയോഗിക്കുക. വീടിന്റെ മുറ്റമുൾപ്പെടെ താമസിക്കുന്ന സ്ഥലത്താകമാനം നല്ല വെളിച്ചം ഉറപ്പാക്കുക.

11. വീടിനു പുറത്തുവച്ച ഷൂസ്, ചെരുപ്പ് എന്നിവ ധരിക്കുമ്പോൾ അതിനുള്ളിൽ ചെറിയ പാമ്പുകളോ മറ്റ് ജീവികളോ ഇല്ല എന്നുറപ്പ് വരുത്തുന്നത് ശീലമാക്കുക, കുട്ടികളെയും ഇത് ശീലിപ്പിക്കുക. ഷൂവിനുള്ളിൽ കൈ കടത്താതെ നിലത്ത് കൊട്ടിയതിന് ശേഷമേ ഉപയോഗിക്കാവൂ.

12. വേനല്‍ക്കാലത്ത് തറയില്‍ പായ വിരിച്ച് ഉറങ്ങുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കുക. വെള്ളിക്കെട്ടന്‍ (Krait) പോലുള്ള പാമ്പുകള്‍ തണുപ്പ് തേടി കിടക്കയിലേക്ക് കയറാന്‍ സാധ്യതയുണ്ട്. കട്ടിലിലോ കൊതുകുവലയ്ക്കുള്ളിലോ ഉറങ്ങുന്നതാണ് സുരക്ഷിതം.

13. വീടിന്റെ വരാന്തയിലും ഉമ്മറത്തും വച്ചിരിക്കുന്ന ചെടിച്ചട്ടികള്‍ക്കിടയില്‍ നനവും തണുപ്പും ഉള്ളതിനാല്‍ പാമ്പുകള്‍ ഒളിച്ചിരിക്കാന്‍ സാധ്യതയുളളതിനാല്‍ ജാഗ്രത പാലിക്കണം.

14. പാമ്പിൻ കുഞ്ഞുങ്ങൾ ജനിച്ച് കുറച്ചുനാൾ സ്വന്തമായി ടെറിട്ടറി കണ്ടെത്തി ആധിപത്യം സ്ഥാപിക്കുന്നതിനുള്ള നിരന്തര യാത്രയായിരിക്കും. അതുകൊണ്ടു തന്നെ അവയെ പുറത്തുകാണാൻ സാധ്യത കൂടുതലാണ്. ഫെബ്രുവരി മുതൽ തുടങ്ങി ഇടവപ്പാതി കാലത്തുമൊക്കെ ഇങ്ങനെ പാമ്പിൻ കുഞ്ഞുങ്ങളെ കാണാറുണ്ട്.

15. കടിച്ച പാമ്പിനെ ജീവനോടെയോ തല്ലിക്കൊന്നോ ആശുപത്രിയിലെത്തിക്കേണ്ട ആവശ്യമില്ല.

പാമ്പ് കടിയേറ്റാല്‍ പ്രഥമ ശുശ്രൂഷ ഇപ്രകാരം: 

പാമ്പ് കടിയേറ്റാല്‍ ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേയ്ക്ക് വിഷം വ്യാപിക്കുന്നത് പരമാവധി തടയുന്നതിനുളള പ്രഥമ ശുശ്രൂഷയാണ് പ്രാഥമികമായി ചെയ്യേണ്ടത്. പാമ്പ് കടിയേറ്റെന്ന് മനസ്സിലായാല്‍ ഒരു കാരണവശാലും പരിഭ്രാന്തരാകുകയോ കടിയേറ്റ വ്യക്തിയെ പേടിപ്പിക്കുകയോ ചെയ്യരുത്. പേടിച്ചാല്‍ രക്തയോട്ടം കൂടുകയും അതുവഴി വിഷം ശരീരത്തില്‍ പെട്ടെന്ന് വ്യാപിക്കുകയും ചെയ്യും. ശരീരം അനക്കാതെ സൗകര്യപ്രദമായി വ്യക്തിയെ ഇരുത്തുക . ബോധം നഷ്ടപ്പെടുന്ന സാഹചര്യത്തില്‍ തറയില്‍ ചരിച്ചു കിടത്തണം. ശാന്തത പാലിച്ച് കടിയേറ്റ വ്യക്തിക്ക് ധൈര്യം കൊടുക്കണം.

മുറിവുള്ള ഭാഗം (അല്ലെങ്കില്‍ കടിയേറ്റ ഭാഗം) ഒന്നും ചെയ്യരുത്. ചെരിപ്പുകള്‍, ബെല്‍റ്റ്, മോതിരങ്ങള്‍, വാച്ചുകള്‍, ആഭരണങ്ങള്‍ അല്ലെങ്കില്‍ ഇറുകിയ വസ്ത്രങ്ങള്‍ എന്നിവ മുറിവേറ്റ ഭാഗത്ത് നിന്നും മാറ്റുക. പാമ്പ് കടിയേറ്റ വ്യക്തിയെ ഇടതുവശം ചെരിഞ്ഞ്, വലതു കാല്‍ വളച്ച്, കൈകളില്‍ മുഖം ചേര്‍ത്ത് കിടത്തണം. മുറിവിന് മുകളിലായി കയറോ, തുണിയോ മുറുക്കി കെട്ടേണ്ടതില്ല, ഇത് രക്തയോട്ടം തടസ്സപ്പെടുത്തി കോശങ്ങള്‍ നശിക്കുന്നതിന് കാരണമാകും. കടിയേറ്റ ആളെ എത്രയും വേഗം ആന്റി സ്‌നേക്ക് വെനം (ASV) ലഭ്യമായ അടുത്തുള്ള ആശുപത്രിയില്‍ എത്തിക്കണം.