പെട്ടിയിലാക്കി ബസിൽ കൊണ്ടുവന്നത് 139 മോതിര തത്തകളെ; കട്ടപ്പനയിൽ വച്ച് മൂന്ന് സ്ത്രീകളെ വനം വകുപ്പ് പിടികൂടി

Published : Jul 23, 2025, 05:05 PM IST
parrots seized

Synopsis

വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഉടനെത്തി മൂന്ന് പേരെയും പിടികൂടുകയായിരുന്നു. തുടർ നടപടികൾക്ക് ശേഷം തത്തകളെ വനത്തിൽ തുറന്നു വിടും.

കട്ടപ്പന: തമിഴ്നാട്ടിൽ നിന്നും കൂട്ടത്തോടെ തത്തകളെ എത്തിച്ച് വിൽപ്പന നടത്തുന്നതിനിടെ മൂന്ന് തമിഴ്നാട് സ്വദേശിനികളെ വനം വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി. ഇവർ കൂട്ടിലാക്കി വിൽപ്പനയ്ക്ക് കൊണ്ടുവന്ന 139 തത്തകളെയും പിടികൂടി. തമിഴ്നാട് പൊള്ളാച്ചി കൊത്തൂർ സ്വദേശിനികളായ ജയ (50), ഇളവഞ്ചി (45), പൊള്ളാച്ചി കരൂർ സ്വദേശിനി ഉഷ ചന്ദ്രശേഖരൻ (41) എന്നിവരെയാണ് വനം വകുപ്പിന്റെ ഇടുക്കി ഫ്ലെയിംഗ് സ്ക്വാഡ് ഉദ്യോഗസ്ഥരും കട്ടപ്പന ക്യാമ്പ് ഓഫീസിലെ ഉദ്യോഗസ്ഥരും ചേർന്ന് കാമാക്ഷി പ്രകാശിൽ പിടികൂടിയത്.

പൊള്ളാച്ചിയിൽ നിന്നും ഇന്ന് പുലർച്ചെ തത്തകളുമായി ബസ് മാർഗം കട്ടപ്പനയിൽ വന്നിറങ്ങിയ മൂവരും കാമാക്ഷി പ്രകാശിലെത്തി വിൽപ്പന നടത്താനായിരുന്നു പദ്ധതിയിട്ടത്. രണ്ട് തത്തകളെ വീതം ഒരു ചെറിയ ബോക്സിലാക്കി 400ഉം 600ഉം രൂപയ്ക്ക് വിൽക്കാനായിരുന്നു ഉദ്ദേശമെന്ന് ഇവർ വനം വകുപ്പ് ഉദ്യോഗസ്ഥരോട് സമ്മതിച്ചു. വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഉടനെത്തി മൂന്ന് പേരെയും തത്തകളെയും പിടികൂടുകയായിരുന്നു.

പൊള്ളാച്ചിയിലെ നരിക്കുറവൻമാരിൽ നിന്നും പല തവണയായി വാങ്ങി സൂക്ഷിച്ച തത്തകളാണ് ഇവയെന്ന് പിടിയിലായ സ്ത്രീകൾ പറഞ്ഞു. 100 രൂപ വീതം നൽകിയാണ് തത്തകളെ വാങ്ങിയത്. ഇവിടെ ഇത് 400 മുതൽ 600 രൂപ വരെ വിലയ്ക്ക് വിൽക്കാനായിരുന്നു പദ്ധതിയിട്ടത്. പൊള്ളാച്ചിയിൽ നിന്നും വല ഉപയോഗിച്ച് ഒരു പെട്ടിയിലാക്കി ബസ് മാർഗം കട്ടപ്പനയിൽ കൊണ്ടുവരുകയായിരുന്നു. കഴുത്തിൽ ചുവന്ന പാടുകളുള്ള 'മോതിര തത്ത' എന്ന പേരിൽ അറിയപ്പെടുന്ന ( Rose Ringed parakeet ) 139 തത്തകളാണ് കൂട്ടിലുണ്ടായിരുന്നത്. 139 തത്തകളിൽ ആറെണ്ണം ചത്തുപോയിരുന്നു. തത്തകളെ കാഞ്ചിയാർ ആശുപത്രിയിലെ വെറ്ററിനറി ഡോക്ടർ പരിശോധിച്ചു. തുടർ നടപടികൾക്ക് ശേഷം ഇവയെ ഇടുക്കി വനത്തിൽ തുറന്നു വിടും.

പിടിയിലായ സ്ത്രീകളെ കേസ് നടപടികൾ പൂർത്തിയാക്കിയ ശേഷം കട്ടപ്പന കോടതിയിൽ ഹാജരാക്കും. തുടർന്ന് അടുത്ത ദിവസം കസ്റ്റഡിയിൽ വാങ്ങിയ ശേഷം ഡി എഫ് ഒയുടെ സാന്നിധ്യത്തിൽ ചോദ്യം ചെയ്യുമെന്ന് റെയ്ഞ്ച് ഓഫീസർ രതീഷ് പറഞ്ഞു. ഇടുക്കി ഫ്ലെയിംഗ് സ്ക്വാഡ് റേഞ്ച് ഓഫീസർ ടി ലിതേഷ്, ഡെപ്യൂട്ടി റേഞ്ച് ഓഫീസർ സജി തോമസ്, കട്ടപ്പന സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ബി സന്തോഷ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർ അനീഷ്, വാച്ചർമാരായ ടി പി വിൻസെന്‍റ്, ടി ആർ ഓമന എന്നിവരുടെ നേതൃത്വത്തിൽ ഉള്ള സംഘമാണ് ഇവരെ പിടികൂടിയത്.

PREV
Read more Articles on
click me!

Recommended Stories

രണ്ടു വയസ്സുള്ള കുഞ്ഞിൻ്റെ തിരോധാനത്തിൽ വൻ വഴിത്തിരിവ്; കുഞ്ഞിനെ അമ്മയും മൂന്നാം ഭർത്താവും ചേർന്ന് കൊലപ്പെടുത്തിയതായി കണ്ടെത്തി
തിയേറ്ററിലെ സിസിടിവി ദൃശ്യങ്ങൾ വിൽപനക്ക് വച്ചവരും പണം നൽകി കണ്ടവരും കുടുങ്ങും, ഐപി അഡ്രസുകൾ കിട്ടി