പ്രവാസികൾക്ക് സർക്കാരിന്‍റെ 14 ദിവസത്തെ നിരീക്ഷണം നിർബന്ധം, മാനദണ്ഡത്തിൽ മാറ്റമില്ലെന്ന് കേന്ദ്രം ഹൈക്കോടതിയിൽ

By Web TeamFirst Published May 15, 2020, 11:38 AM IST
Highlights

സംസ്ഥാനം മുന്നോട്ട് വെച്ച ആവശ്യം വിദഗ്ധ സമിതി പരിഗണിച്ചുവെങ്കിലും മാനദണ്ഡങ്ങളിൽ മാറ്റം വരുത്താനാകില്ലെന്ന് കേന്ദ്രം വ്യക്തമാക്കുകയായിരുന്നു. 

കൊച്ചി: രാജ്യത്ത് തിരിച്ചെത്തുന്ന പ്രവാസികൾക്ക് സർക്കാരിന്‍റെ 14 ദിവസത്തെ നിരീക്ഷണം നിർബന്ധമെന്ന് കേന്ദ്രസർക്കാർ. ഇക്കാര്യം വ്യക്തമാക്കി കേന്ദ്രസർക്കാർ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി. ഏഴ് ദിവസത്തെ നിരീക്ഷണം മതിയെന്ന സംസ്ഥാന സർക്കാരിന്‍റെ ആവശ്യം തള്ളിയാണ് കേന്ദ്രം സത്യവാങ്മൂലം സമർപ്പിച്ചത്. സംസ്ഥാനം മുന്നോട്ട് വെച്ച ആവശ്യം വിദഗ്ധ സമിതി പരിഗണിച്ചുവെങ്കിലും മാനദണ്ഡങ്ങളിൽ മാറ്റം വരുത്താനാകില്ലെന്ന് കേന്ദ്രം വ്യക്തമാക്കുകയായിരുന്നു. 

കൊവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി പ്രവാസികളെ സർക്കാർ കേന്ദ്രത്തിൽ ഏഴുദിവസം മാത്രം നിരക്ഷിക്കാൻ അനുവദിക്കണമെന്ന കേരളത്തിന്‍റെ ആവശ്യത്തിൽ കേന്ദ്ര സർക്കാർ ഉടൻ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ദിവസങ്ങളുടെ കാര്യത്തിലെ ആശയക്കുഴപ്പം അടിയന്തരമായി പരിഹരിക്കണമെന്നും നിലവിൽ എത്തിയവരുടെ 7 ദിവസത്തെ നിരീക്ഷണം കഴിയും മുമ്പെങ്കിലും ഇക്കാര്യത്തിൽ തീരുമാനമുണ്ടാക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ഇതേത്തുടർന്നാണ് ഇന്ന് കേന്ദ്രം സത്യവാങ്മൂലം സമർപ്പിച്ചത്. 

എന്നാൽ ഇതുസംബന്ധിച്ച് പുതിയ അറിയിപ്പൊന്നും കേന്ദ്രസർക്കാരിൽ നിന്ന് കിട്ടിയിട്ടില്ലെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. ഇതരസംസ്ഥാനങ്ങളിൽ നിന്ന് വരുന്നവരുടെ നിരീക്ഷണം സംബന്ധിച്ചും കേന്ദ്ര മാനദണ്ഡങ്ങളിൽ അവ്യക്തയുണ്ട്. ഇക്കാര്യങ്ങളെല്ലാം കേന്ദ്ര സർക്കാരുമായി ചർച്ച ചെയ്യും. കേന്ദ്ര സർക്കാരിന്‍റെ മറുപടിക്ക് കൂടുതൽ വിശദീകരണം നൽകാൻ സംസ്ഥാന സർക്കാർ കൂടുതൽ സമയം തേടി. ഹർജി ചൊവ്വാഴ്ച പരിഗണിക്കും.
 

 

click me!