മുടിവെട്ടാന്‍ എഐവൈഎഫുകാര്‍ വീട്ടിലെത്തും; പണം ദുരിതാശ്വാസനിധിയിലേക്ക്

By Web TeamFirst Published May 15, 2020, 11:21 AM IST
Highlights

ഒന്നര മാസത്തോളമായി തുടരുന്ന ലോക്ക്ഡൗൺ മൂലം ബാർബർ ഷോപ്പുകൾ അടച്ചതോടെ മുടി വെട്ടാനാകാതെ വിഷമിക്കുന്നവർ നിരവധിയാണ്. ഇവർക്ക് ഒരു ആശ്വാസമായാണ് എഐവൈഎഫ് രംഗത്തെത്തിയത്

കൊച്ചി: ലോക്ക്ഡൗണ്‍ കാലത്ത് മുടി വെട്ടാൻ പറ്റാത്തവരെ സഹായിക്കാൻ രംഗത്തിറങ്ങിയിരിക്കുകയാണ് കൊച്ചിയിലെ എഐവൈഎഫുകാർ. വീട്ടിലെത്തി മുടി വെട്ടിക്കിട്ടുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് കൈമാറുക. ഒന്നര മാസത്തോളമായി തുടരുന്ന ലോക്ക്ഡൗൺ മൂലം ബാർബർ ഷോപ്പുകൾ അടച്ചതോടെ മുടി വെട്ടാനാകാതെ വിഷമിക്കുന്നവർ നിരവധിയാണ്.

ഇവർക്ക് ഒരു ആശ്വാസമായാണ് എഐവൈഎഫ് രംഗത്തെത്തിയത്. ആവശ്യക്കാർ അറിയിച്ചാൽ പ്രവർത്തകർ മുടി വെട്ടാൻ ആളുമായി വീട്ടിലെത്തും. സാമൂഹ്യ മാധ്യമങ്ങൾ വഴി ഇതിന് പ്രചാരം നൽകിയതോടെ ആവശ്യക്കാരുടെ എണ്ണം വർധിച്ചിട്ടുണ്ട്. ഇപ്പോൾ അഞ്ചു ഗ്രൂപ്പുകളായി തിരിഞ്ഞാണ് പ്രവർത്തനം. 

മുടിവെട്ടുന്നതിന് അങ്ങനെ ചാര്‍ജ് ഒന്നും നിശ്ചയിച്ചിട്ടില്ല. താത്പര്യം ഉണ്ടെങ്കിൽ ഒരു തുക പ്രവർത്തകരുടെ കയ്യില്‍ കൊടുക്കാം. ബാർബർ ഷോപ്പുകൾ തുറക്കുന്നതു വരെ ഈ സേവനം തുടരും. അതിനു ശേഷം ലഭിക്കുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറും.

click me!