നിരോധനാജ്ഞ തുടരുന്നതില്‍ തീരുമാനം കളക്ടര്‍മാര്‍ക്ക്; അഞ്ച് ജില്ലകളില്‍ 144 തുടരും, തലസ്ഥാനത്ത് തീരുമാനം നാളെ

By Web TeamFirst Published Oct 30, 2020, 10:20 PM IST
Highlights

എറണാകുളം, പത്തനംതിട്ട, തൃശ്ശൂര്‍, ആലപ്പു, മലപ്പുറം ജില്ലകളില്‍ നിരോധനാജ്ഞ തുടരും. ജില്ലാ കളക്ടര്‍മാര്‍ ഇത് സംബന്ധിച്ച് ഉത്തരവിറക്കി.

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരുന്ന നിരോധനാജ്ഞ തുടരുന്നതില്‍ തീരുമാനം ജില്ലാ കളക്ടര്‍ക്ക് എടുക്കാമെന്ന് സര്‍ക്കാര്‍. നിരോധനാജ്ഞ നാളെ തീരുന്ന സാഹചര്യത്തിലാണ് തീരുമാനം. തിരുവനന്തപുരം ജില്ലയിൽ 144 തുടരുന്നതിൽ തീരുമാനം നാളെ എടുക്കുമെന്ന് കളക്ടർ അറിയിച്ചു.

എറണാകുളം ജില്ലയിൽ 15 ദിവസത്തേക്ക് കൂടി നിരോധനാജ്ഞ നീട്ടി. ജില്ലയിൽ കൊവിഡ് രോഗികൾ വർധിക്കുന്ന സാഹചര്യത്തിൽ കളക്ടര്‍ എസ്. സുഹാസിന്‍റേതാണ് നടപടി. ഇതിനാൽ നവംബർ പതിനഞ്ച് വരെ ജില്ലയിൽ നിരോധനാജ്ഞ തുടരും. പത്തനംതിട്ടയിലും നിരോധനാജ്ഞ നവംബർ 15 വരെ നീട്ടിയിട്ടുണ്ട്. നിലവിൽ ഉള്ളതുപോലെ വിവാഹ ചടങ്ങുകളിൽ 50 പേരെയും മരണാനന്തര ചടങ്ങുകളിൽ 20 പേരെയും മാത്രമേ അനുവദിക്കൂ. പൊതുസ്ഥലങ്ങളിൽ അഞ്ചു പേരിൽ കൂടുതൽ കൂട്ടം കൂടാൻ പാടില്ലെന്നും കളക്ടര്‍ അറിയിച്ചു.

നിരോധനാജ്ഞ പ്രകാരം തൃശ്ശൂര്‍ ജില്ലയിൽ പ്രഖ്യാപിച്ച നിയന്ത്രണങ്ങൾ 15 ദിവസം കൂടി നീട്ടി. ജില്ലയില്‍ ആൾക്കൂട്ടത്തിന് വിലക്കുണ്ട്. ആലപ്പുഴയിലും മലപ്പുറത്തും നിരോധനാജ്ഞ തുടരും. നവംബർ 15 വരെയാണ് നിരോധനാജ്ഞ നീട്ടിയത്.

click me!